ഛത്രപതി ശിവജി മഹാരാജ്

ഛത്രപതി ശിവജി മഹാരാജ്

ജനനം: 1630 ഫെബ്രുവരി 19

മരണം: 1680 ഏപ്രിൽ 3


ഷാഹ്‌ജി ഭോസ്‌ലേയുടേയും ജിജാബായിയുടേയും മകനായി ശിവജി ജനിച്ചു. പതിനാറു വയസ്സുള്ളപ്പോൾ മാവേല എന്ന ദേശക്കാരെ സംഘടിപ്പിച്ച് ശിവജി സമീപപ്രദേശങ്ങൾ ആക്രമിച്ച് സ്വന്തം അധീനതയിലാക്കി. 1674-ൽ മറാത്ത സാമ്രാജ്യം സ്ഥാപിച്ച് "ഛത്രപതി" എന്ന പദവിയും സ്വീകരിച്ചു. ധീരതയ്ക്കും ധാർമ്മികതയ്ക്കും പേരുകേട്ട വ്യക്തിയായിരുന്നു ശിവജി. താക്കോ റാം, രാംദാസ്, മാതാവായ ജീജാബായി എന്നിവരുടെ സ്വാധീനം മൂലമാണ് ശിവജിയ്ക്ക് ഈ കഴിവുകൾ ലഭിച്ചത്. ഹിന്ദുമത തത്വങ്ങൾക്കധിഷ്ഠിതമായി രാജ്യം ഭരിച്ച ശിവജി മുസ്ലിംങ്ങളേയും അംഗീകരിച്ചിരുന്നു. മുസ്ലിം വനിതകളെ അങ്ങേയറ്റം ആരാധിച്ചിരുന്ന ശിവജിയുടെ സേനയിൽ ധാരാളം മുസ്ലിം യോദ്ധാക്കളും ഉണ്ടായിരുന്നു. ഭാരത ചരിത്രത്തിൽ മുഗൾ ഭരണത്തിന്റെ അസ്തമയത്തിന് ശിവജിയുടെ ഉയർച്ച കാരണമായി.


ശിവജി ജീവചരിത്രം


സാമ്രാജ്യസ്ഥാപകനും യോദ്ധാവുമായ ശിവജി, ഷാഹ്‌ജി ബോൺസ്‌ലേയുടേയും ജീജാബായിയുടേയും മകനായി മഹാരാഷ്ട്രയിലെ ശിവനഗറിൽ ജനിച്ചു. മുഗൾ സൈന്യാക്രമണത്തിൽ പിതാവായ ഷാഹ്‌ജിക്ക് നാടുവിട്ടോടിപ്പോകേണ്ടിവന്നു. മുഗളന്മാരോടുള്ള വിരോധം ശിവജിയുടെ മനസ്സിൽ വളർത്താൻ ഇതിനിടയാക്കി. ഹിന്ദുക്കളായ മഹാരാഷ്ട്രക്കാരുടെ ഒരു സ്വാതന്ത്രരാഷ്ട്രം, അതായിരുന്നു ശിവജിയുടെ സ്വപ്നം. അതിനായി മഹാരാഷ്ട്രത്തിന്റെ ഭൂമിശാസ്ത്രം നന്നായി പഠിച്ചശേഷം പൂനയ്ക്കു ചുറ്റുമുള്ള മാവാലികളെ (ഗിരി വർഗക്കാർ) ചേർത്ത് സൈന്യം സംഘടിപ്പിച്ചു. 


1646-ൽ തന്റെ പതിനാറാം വയസ്സിൽ ശിവജി ബീജാപ്പൂർ സുൽത്താന്റെ നിയന്ത്രണത്തിലിരുന്ന തോർണാകോട്ട കീഴടക്കി. തുടർന്ന് മുദ്രോദേവ്, സൂപ, ചക്കാൻ, കൊണ്ടാന എന്നിവയും പിടിച്ചടക്കി. ചുരുങ്ങിയ കാലത്തിനുള്ളിൽ സിങ്‌ഗാഡ്, ജവാലി, കൊങ്കൺ, ഔറംഗബാദ്, സൂററ്റ് എന്നിവിടങ്ങളിലെ കോട്ടകളും തന്റെ അധീനതയിലാക്കി. രാജ്‌ഗർ എന്ന ഒരു പുതിയ കോട്ട അദ്ദേഹം പണിയുകയും ചെയ്തു. ശിവജി ശക്തിപ്പെടുന്നത് ബീജാപ്പൂർ സുൽത്താന് ഇഷ്ടമായില്ല. അദ്ദേഹം ശിവജിയെ തോൽപ്പിക്കാൻ പല വിദ്യകളും നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.


1664-ൽ ശിവജിയുടെ സൂററ്റ് അക്രമണത്തോടെ മുഗൾ ചക്രവർത്തിയായ ഔറംഗസീബുമായി യുദ്ധമായി. ഔറംഗസീബ് കൂടിക്കാഴ്ചയ്ക്ക് ശിവജിയെ ക്ഷണിച്ച് തടവിലാക്കി. അവിടെ നിന്നും തന്ത്രപൂർവ്വം രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെത്തിയ അദ്ദേഹം ഭരണം ചിട്ടപ്പെടുത്തി. സൈന്യത്തെ മുഗളർക്കെതിരെ സജ്ജമാക്കി. മുഗളന്മാരുമായുള്ള യുദ്ധത്തിൽ തന്ത്രപരമായ നീക്കത്തിലൂടെ ശിവജി ആധിപത്യം ഉറപ്പിച്ചു. ചില കോട്ടകൾ മുഗളന്മാർക്ക് വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും അധികം താമസിയാതെ അവ തിരിച്ചുപിടിച്ചു.


ശിവജി 1674ൽ ആണ് മഹാരാഷ്ട്ര രാജ്യം സ്ഥാപിക്കുകയും ഛത്രപതിയായി കിരീടധാരണം നടത്തുകയും ചെയ്തത്. ഹൈന്ദവ ആചാരപ്രകാരമാണ് ശിവജി ഭരണം നടത്തിയിരുന്നത്. എന്നാൽ ഒരിക്കലും മുസ്ലിങ്ങൾക്ക് എതിരായിരുന്നില്ല. യുദ്ധത്തിലും ഭരണത്തിലും ഒരു പോലെ മികവ് പ്രകടിപ്പിച്ച അദ്ദേഹത്തിന് 40,000 പേരടങ്ങിയ സൈന്യമുണ്ടായിരുന്നു. സേനയിൽ ധാരാളം മുസ്ലിം യോദ്ധാക്കളും ഉണ്ടായിരുന്നു. ഭരണ സൗകര്യത്തിനായി രാജ്യത്തെ പ്രാന്തം അഥവാ സൂബ (ജില്ല) കളായും, ജില്ലകളെ മഹലുകളായും (താലൂക്ക്) തിരിച്ചു. ഭരണകാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ "അഷ്ടപ്രധാൻ" എന്നൊരു മന്ത്രിസഭ രൂപീകരിച്ചു. ഇദ്ദേഹത്തിന്റെ ഭരണം മതപരമായ സഹിഷ്ണുതക്ക് പ്രസിദ്ധമാണ്. ശിവജിയുടെ ഉയർച്ച മുഗൾ ഭരണത്തിന്റെ അസ്തമയത്തിനിടയാക്കി. 1680 ഏപ്രിൽ 3-ന് അദ്ദേഹം അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഛത്രപതി ശിവാജിയുടെ മന്ത്രിസഭ അറിയപ്പെട്ടിരുന്നത് - അഷ്ടപ്രധാൻ


2. 1630-ല്‍ ശിവാജി ജനിച്ചത്‌ എവിടെ? - ശിവനഗറിൽ


3. 1674-ല്‍ ശിവാജി കിരീടധാരണം ചെയ്യപ്പെട്ടത്‌ എവിടെ വച്ച്‌? - റായ്‌ഗറില്‍


4. 1676-ല്‍ ശിവാജി നടത്തിയ യുദ്ധയാത്ര ഏത്‌ പ്രദേശത്തിനു എതിരെ ആയിരുന്നു? - കർണ്ണാടകത്തിനു


5. മുഗളരുടെ തടവില്‍ നിന്ന്‌ ശിവാജി രക്ഷപ്പെട്ടത്‌ എന്ന്‌? - 1666-ല്‍


6. ശിവാജിയുടെ തലസ്ഥാനം - റായ്‌ഗർ 


7. 1664-ല്‍ പടിഞ്ഞാറന്‍ തീരത്തുള്ള ഏത്‌ തുറമുഖം ശിവാജി ആക്രമിച്ച്‌ കൊള്ളയടിച്ചു? - സൂററ്റ്‌


8. ശിവാജി തോർണാകോട്ട പിടിച്ചടക്കിയത്‌ എന്ന്‌? - 1646-ല്‍


9. 1656-ല്‍ നടന്ന ഏത്‌ ആക്രമണമാണ്‌ ശിവാജിയ്ക്ക്‌ തെക്കുഭാഗത്തേയക്ക്‌ പ്രവേശനമൊരുക്കിയത്‌? - ജാവ്ലി


10. ശിവാജിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധയാത്ര ഏതായിരുന്നു? - ജിന്‍ജി


11. ശിവാജി തുടക്കത്തില്‍ പടനീക്കം നടത്തിയത്‌ ആര്‍ക്കെല്ലാം എതിരായി? - കോട്ടകളുടെ പരമ്പരാഗത ഉടമസ്ഥര്‍ക്കും ബീജപ്പൂറിലെ ഉദ്യോഗസ്ഥര്‍ക്കും


12. ജിൻജിരയിലെ ആര്‍ക്ക്‌ എതിരായി ശിവജി സൈനിക നീക്കം നടത്തിയിട്ടുണ്ട്‌? - സിദികള്‍ക്ക്‌


13. രാജാറാമിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ വിധവ താരാ ബായ്‌ ഭരണം നടത്തിയത്‌ ആര്‍ക്കു പകരം? - ശിവജി ഒന്നാമന്‌

0 Comments