എം.ജി രാമചന്ദ്രൻ (എം.ജി.ആർ)

എം.ജി രാമചന്ദ്രൻ ജീവചരിത്രം (M.G.Ramachandran)

ജനനം: 1917 ജനുവരി 17

മരണം: 1987 ഡിസംബർ 24

പ്രസിദ്ധ തമിഴ്‌നടനും രാഷ്ട്രീയ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എം.ജി.ആർ (മരത്തൂർ ഗോപാല രാമചന്ദ്രൻ) ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ചു. പാലക്കാട്ടുനിന്ന് ശ്രീലങ്കയിൽവന്നു താമസമാക്കിയ ഒരു മലയാളി കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അന്യനാട്ടിൽ സഹായമൊന്നും ലഭിക്കാതെ പട്ടിണിയും അസുഖവുമായി രാമചന്ദ്രന്റെ രണ്ട് സഹോദരിമാരും ഒരു സഹോദരനും മരിച്ചു. നാട്ടിലെ ദാരിദ്ര്യം മൂലം തമിഴ്‌നാട്ടിലെ കുംഭകോണത്തേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത എം.ജി.ആർ കുട്ടിക്കാലത്ത് തൊഴിലന്വേഷിച്ചു നടന്ന് നാടകനടനായി. ബാലനടനായും സഹനടനായും അനേകം കഥാപാത്രങ്ങൾ ചെയ്തു.

1935-ൽ സിനിമാലോകത്ത് എത്തി. പത്തുവർഷത്തോളം ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. 1947-ൽ ജൂപ്പിറ്റർ പിച്ചേഴ്‌സിന്റെ 'രാജകുമാരി'യിൽ നായകനായി. 1949-ൽ കരുണാനിധിയുടെ 'മന്ത്രികുമാരി' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രസിദ്ധനാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായകനായി, തമിഴ് സിനിമയുടെ മുടിചൂടാമന്നനായി. 'എം.ജി.ആർ' എന്ന പേരിൽ അദ്ദേഹം വളരെ പ്രസിദ്ധനായി. മലൈക്കള്ളൻ, നാടോടിമന്നൻ, ആയിരത്തിലൊരുവൻ, നാൻ ആണയിട്ടാൽ, ഒളിവിളക്ക്, അടിമപ്പെണ്ണ്, റിക്ഷാക്കാരന്‍, ഉലകം ചുറ്റും വാലിബൻ, നാളൈനമതേ, ഇദയക്കനി, തുടങ്ങിയ ചിത്രങ്ങൾ പ്രസിദ്ധമാണ്. അതിൽ 'റിക്ഷാക്കാരന്‍' എന്ന ചിത്രത്തിന് അദ്ദേഹത്തിന് ഭരത് അവാർഡ് ലഭിച്ചു.

സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയരംഗങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു. ഡി.എം.കെ.യിൽ പ്രവർത്തിച്ച എം.ജി.ആർ അണ്ണാദുരൈയുടെ ഏറ്റവുമടുത്ത സഹകാരിയായി. അണ്ണാദുരൈയുടെ മരണശേഷം പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ കരുണാനിധിക്കൊപ്പം നിന്നു. കോൺഗ്രസിൽ നിന്നും അധികാരം പിടിച്ചെടുക്കുന്നതിനായി ഡി.എം.കെ യെ സഹായിച്ചത് എം.ജി.ആറിന്റെ ജനപ്രീതിയാണ്. ക്രമേണ കരുണാനിധിയും എം.ജി.ആറും തമ്മിൽ അകന്നു. അണ്ണാദുരൈയുടെ പേരിൽ അദ്ദേഹം "അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം" സ്ഥാപിച്ചു. 1977-ൽ മുഖ്യമന്ത്രിയായി. 1987-ൽ മരിക്കുംവരെ ആ സ്ഥാനത്തു തുടർന്നു. എം.ജി.ആറിന്റെ മരണത്തിൽ മനംനൊന്ത് 31 പേരാണ് ജീവത്യാഗം ചെയ്തത്. പൊതുജനങ്ങളിൽ കൂട്ടമായി ഒരു തരം 'ഹിസ്റ്റീരിയ' സൃഷ്ടിക്കുന്നതിൽ വിദഗ്ധനായിരുന്നു അദ്ദേഹം. ഇതുതന്നെയായിരുന്നു എം.ജി.ആറിന്റെ വിജയരഹസ്യവും. രാജ്യത്ത് വ്യക്തിയിൽ അധിഷ്ഠിതമായ രാഷ്ട്രീയം വളർത്തിയെടുത്തതിനും ഉത്തരവാദി ഇദ്ദേഹമാണ്. മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ അദ്ദേഹത്തിന് ഭാരതരത്നം നൽകി.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ ഭാരതരത്നം നേടിയ ആദ്യ ചലച്ചിത്രനടൻ. മരുതൂർ ഗോപാല രാമചന്ദ്രൻ എന്നാണ് മുഴുവൻ പേര്. പുരട്ചി തലൈവർ, പുരട്ചി നടികർ, മക്കൾ തിലകം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നു. മുഖ്യമന്ത്രിയായ ആദ്യ സിനിമാതാരം എന്ന ബഹുമതിയും എം.ജി.ആറിന് സ്വന്തം.

■ 1917 ജനുവരി 17-ന് ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ചു. പിതാവ് മരുതൂർ ഗോപാലമേനോൻ. മാതാവ് സത്യഭാമ.

■ പിതാവിന്റെ മരണശേഷം നാടകസംഘത്തിൽ ചേർന്ന് തമിഴ്‌നാട്ടിലെത്തി. ഊരുചുറ്റിയുള്ള അഭിനയജീവിതം.

■ 1936-ൽ 'സതിലീലാവതി' എന്ന സിനിമയിൽ അഭിനയിച്ചു. 1947-ൽ 'രാജകുമാരി' എന്ന ചിത്രത്തിൽ നായകനായി. 'റിക്ഷാക്കാരൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് 1972-ൽ ദേശിയ പുരസ്‌കാരം.

■ 1953-ൽ അണ്ണാദുരൈയുടെ ദ്രാവിഡമുന്നേറ്റകഴക(DMK)ത്തിൽ ചേർന്നു. 1967-ൽ നിയമസഭാംഗമായി.

■ അണ്ണാദുരൈയുടെ മരണശേഷം കരുണാനിധിയുമായ അഭിപ്രായവ്യത്യാസം; 'AIADMK' എന്ന പുതിയ പാർട്ടി രൂപവത്കരിച്ചു (1972-ൽ).

■ 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ AIADMKയ്ക്ക് വൻ ജയം. എം.ജി.ആർ തമിഴ്‌നാട് മുഖ്യമന്ത്രിയായി. തുടർന്ന് മൂന്ന് തവണ എം.ജി.ആർ തമിഴ്‌നാട് മുഖ്യമന്ത്രിയായി.

■ 1987 ഡിസംബർ 24-ന് എം.ജി.ആർ അന്തരിച്ചു.   

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. എം.ജി.ആർ എന്നറിയപ്പെട്ടതാര് 

2. ചെന്നൈയിലെ മറീന ബീച്ചില്‍ ഏത്‌ എ.ഐ.എ.ഡി.എം.കെ നേതാവിന്റെ സമാധിയാണുള്ളത്‌

3. ഇന്ത്യയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യ മലയാളി വനിതയാണ്‌ ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന്‌ തമിഴ്‌ നാട്ടില്‍ മുഖ്യമന്ത്രിയായ വൈക്കം സ്വദേശിനി ജാനകി രാമചന്ദ്രന്‍. ആരുടെ ഭാര്യയായിരുന്നു

4. മക്കള്‍ തിലകം എന്ന്‌ അറിയപ്പെട്ടതാര്‌

5. ഇരുവര്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അനുകരിച്ച വേഷം

6. റിക്ഷാക്കാരന്‍ എന്ന സിനിമയിലെ അഭിനയത്തിന്‌ ദേശീയ അവാര്‍ഡിന്‌ അര്‍ഹനായത്‌

7. പുരട്ചിതലൈവര്‍ എന്നറിയപ്പെട്ട നേതാവ്‌

8. കലാ-സാംസ്‌കാരിക രംഗത്ത്‌ അതിപ്രശസ്തനായിരുന്നെങ്കിലും ശ്രീലങ്കന്‍ അഭയാര്‍ത്ഥി പ്രശ്നം പരിഹരിക്കുന്നതിലെ ഭരണപ്രാഗല്ഭ്യം പരിഗണിച്ച്‌ ഭാരതരത്ന, മരണാന്തര ബഹുമതിയായി നല്‍കപ്പെട്ട നേതാവ്‌

9. മുഖ്യമന്ത്രിയായ ആദ്യ സിനിമാതാരം

10. ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ഒരാൾ ജനിച്ചത് ശ്രീലങ്കയിലെ കാൻഡിയിലാണ്. ആര്

11. ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകൻ

12. ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ മുഖ്യമന്ത്രിയായ ആദ്യ വനിത - ജാനകി രാമചന്ദ്രൻ

13. ഇന്ത്യയിൽ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യ സിനിമ നടി - ജാനകി രാമചന്ദ്രൻ

14. തമിഴ്‌നാട് സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത - ജാനകി രാമചന്ദ്രൻ

15. എം.ജി. രാമചന്ദ്രൻ പ്രഖ്യാപിച്ചെങ്കിലും ആരംഭിക്കാത്ത അവസാന ചലച്ചിത്രം ഏത്? - ഉന്നൈ വിടമാട്ടേൻ

16. എം.ജി. രാമചന്ദ്രൻ നിർമ്മിച്ച ആദ്യത്തെ ചലച്ചിത്രം ഏത്? - നാടോടി മന്നൻ

17. എം.ജി.ആർ ജനിച്ചതെവിടെ? - കാൻഡിയിൽ, ശ്രീലങ്ക

18. ദൊ അംഖേം ബാരാ ഹാത്ത് എന്ന ഹിന്ദി ചലച്ചിത്രത്തെ ആസ്പദമാക്കി നിർമ്മിച്ച എം.ജി.രാമചന്ദ്രന്റെ ചലച്ചിത്രമേത്? - പല്ലാണ്ട് വാഴ്ക

19. എം.ജി.ആറും ഭാര്യ ജാനകിയും ചേർന്നഭിനയിച്ച ചലച്ചിത്രം ഏത്? - മരുതനാട്ട് ഇളവരശി

20. എം.ജി.ആർ അഭിനയിച്ച ആദ്യത്തെ തമിഴ് കളർ ചലച്ചിത്രം ഏത്? - ആലിബാബയും 40 തിരുടർകളും

21. മലയാളിയായ എം ജി ആർ അഭിനയിച്ച ആദ്യ (ഒരേയൊരു) മലയാള ചലച്ചിത്രം? - ജനോവ

22. ഏറ്റവും നല്ല നടനുള്ള ദേശിയ അവാർഡ് എം.ജി.ആർ നേടിയത് ഏത് ചിത്രത്തിലെ അഭിനയത്തിനാണ്? - റിക്ഷാക്കാരൻ

23. എം.ജി.ആറും ജയലളിതയും ചേർന്നഭിനയിച്ച ബി.ആർ.പന്തലുവിന്റെ ഏത് ചലച്ചിത്രം ശ്രദ്ധേയമായി? - ആയിരത്തിൽ ഒരുവൻ

24. എം.ജി.ആറും ശിവാജി ഗണേശനും ചേർന്നഭിനയിച്ച ഏക ചലച്ചിത്രം ഏത്? - കൂണ്ടുകിളി

Post a Comment

Previous Post Next Post