മധ്യകാല കേരളം

മധ്യകാല കേരളം നാൾവഴി (Medieval Kerala in Malayalam)

എ.ഡി 1406: പെരുമ്പടപ്പുസ്വരൂപം തിരുവഞ്ചിക്കുളത്തുനിന്ന്‌ കൊച്ചിയിലേക്ക്‌ ആസ്ഥാനം മാറ്റി.


എ.ഡി 1409: ചൈനക്കാരനായ മാഹ്വാന്റെ കേരളസന്ദര്‍ശനം.


1427-1600: ചെറുശ്ശേരിയുടെ കാലം


1443: പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ പ്രതിപുരുഷനെന്നനിലയില്‍ അബ്ദുൾ റസാക്കിന്റെ കോഴിക്കോട്‌ സന്ദര്‍ശനം.


1495-1575: തുഞ്ചത്ത്‌ എഴുത്തച്ഛന്റെ കാലം


1498 മെയ്‌ 20: പോര്‍ച്ചുഗീസ്‌ നാവികന്‍ വാസ്‌കോഡ ഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട്‌ എന്ന സ്ഥലത്തെ പന്തലായിനി കടപ്പുറത്ത്‌ കപ്പലിറങ്ങി. ഗാമയാണ്‌ ഇന്ത്യയിലേക്കുള്ള നാവിക മാര്‍ഗം കണ്ടെത്തിയ ആദ്യ യൂറോപ്പുകാരന്‍


1499: ഗാമയുടെ പാത പിന്‍തുടര്‍ന്ന്‌ മറ്റൊരു പോര്‍ച്ചുഗീസ്‌ നാവികന്‍ പെഡ്രോ അല്‍വാരിസ്‌ കബ്രാൾ കോഴിക്കോട്ടെത്തി.


1500: കബ്രാൾ കൊച്ചിയിലെത്തി.


1502: വാസ്‌കോഡ ഗാമയുടെ രണ്ടാംവരവ്‌.


1503: കൊച്ചിയില്‍ പോര്‍ച്ചുഗീസ്‌ കോട്ടയുടെ ശിലാസ്ഥാപനം. പള്ളിപ്പുറം കോട്ട, ആയക്കോട്ട, അഴിക്കോട്ട, വൈപ്പിന്‍ കോട്ട എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ കോട്ടയ്ക്ക്‌ പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ രാജാവിനോടുള്ള ആദരസൂചകമായി 'മാനുവല്‍ കോട്ട' എന്നാണ്‌ പേരിട്ടത്‌. ഇന്ത്യയിലെ ഏറ്റവും പഴയ യുറോപ്യന്‍ നിര്‍മിതിയാണിത്‌.


1505: പോര്‍ച്ചുഗീസുകാരനായ ഫ്രാന്‍സിസ്‌കോ ഡി അല്‍മെയ്ഡ കണ്ണൂരിലെത്തി. ഇന്ത്യയിലെ ആദ്യ പോര്‍ച്ചുഗീസ്‌ വൈസ്രോയിയായിരുന്നു അദ്ദേഹം.


1509: പോര്‍ച്ചുഗീസ്‌ വൈസ്രോയിയായി അല്‍ ഫോന്‍സോ അല്‍ബുക്കര്‍ക്ക്‌ നിയമിതനായി. ഇന്ത്യയിലെ പോർച്ചുഗീസ് സാമ്രാജ്യസ്ഥാപനത്തിനു തുടക്കമിട്ടത് ഇദ്ദേഹമാണ്‌.


1510: സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ കോഴിക്കോട് യുദ്ധം.


1513: സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ കണ്ണൂർ സന്ധി.


1514: സാമൂതിരിയും കൊച്ചിയും തമ്മില്‍ കൊടുങ്ങല്ലൂർ യുദ്ധം.


1515: പോർച്ചുഗീസ് ഗവർണർ ലോപ്പോസോറസും കൊല്ലം രാജ്ഞിയുമായി സന്ധി.


1524: വാസ്കോഡ ഗാമയുടെ മൂന്നാം കേരള സന്ദർശനം. പോർച്ചുഗീസ്‌ വൈസ്രോയിയെന്നനിലയില്‍ ഇത്തവണവന്ന അദ്ദേഹം അതേ വര്‍ഷംതന്നെ ക്രിസ്മസ്‌ തലേന്ന്‌ കൊച്ചിയില്‍ അന്തരിച്ചു. സെന്‍റ്‌ ഫ്രാന്‍സിസ്‌ പള്ളിയില്‍ സംസ്‌കരിച്ചെങ്കിലും ഭൗതികാവശിഷ്ടം പില്‍ക്കാലത്ത്‌ പോര്‍ച്ചുഗലിലേക്കു മാറ്റി.


1525: പോര്‍ച്ചുഗീസ്‌ കപ്പല്‍പ്പട പൊന്നാനി കീഴടക്കി.


1531: പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത്‌ കോട്ട നിര്‍മിച്ചു.


1540: പോര്‍ച്ചുഗീസുകാരും കോഴിക്കോടുമായുള്ള പൊന്നാനി സന്ധി.


1555: പോര്‍ച്ചുഗീസുകാര്‍ കേരളിയ മാതൃകയില്‍ മട്ടാഞ്ചേരിയില്‍ ഒരു കൊട്ടാരം നിര്‍മിച്ച്‌ കൊച്ചിരാജാവ്‌ വീരകേരളവര്‍മയ്ക്ക്‌ സമ്മാനിച്ചു. പില്‍ക്കാലത്ത്‌ ഡച്ചുകാര്‍ ഇത്‌ പുതുക്കിപ്പണിതതിനാല്‍ 'ഡച്ചുകൊട്ടാരം' എന്നറിയപ്പെട്ടു.


1559-1620: മേല്‍പ്പത്തൂര്‍ നാരായണടഭട്ടതിരിയുടെ കാലം.


1564: കണ്ണൂരിലെ പോര്‍ച്ചുഗീസ് ‌കോട്ട സാമൂതിരി ആക്രമിച്ചു.


1567: മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളി നിര്‍മിച്ചു. ഇന്ന്‌ കോമണ്‍വെല്‍ത്ത്‌ രാഷ്ട്രങ്ങളില്‍ വെച്ച്‌ ഏറ്റവും പഴക്കമുള്ള ജുതപ്പള്ളിയാണിത്‌.


1571: സാമൂതിരി പോര്‍ച്ചുഗീസുകാരില്‍ നിന്ന്‌ ചാലിയം കോട്ട പിടിച്ചു.


1599: ഉദയംപേരൂർ സൂനഹദോസ്. കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ സുറിയാനി ഭാഷയിലെ പ്രാർത്ഥനാക്രമമാണ് സ്വീകരിച്ചിരുന്നത്‌. സുറിയാനിഭാഷ പോര്‍ച്ചുഗീസുകാര്‍ക്ക്‌ അനഭിമതമായതിനാല്‍, കേരളത്തിലെ ക്രൈസ്തവസഭയില്‍ ബാബിലോണിലെ പാത്രിയാര്‍ക്കിനുണ്ടായിരുന്ന അധികാരത്തിനുപകരം റോമിലെ പോപ്പിന്റെ ആധിപത്യം സ്ഥാപിക്കുകയും സുറിയാനി പ്രാര്‍ഥനയുടെ സ്ഥാനത്ത്‌ റോമന്‍ കത്തോലിക്കാമതത്തിന്റെ ലത്തീന്‍ പ്രാര്‍ഥന ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന്‌ അവര്‍ നിശ്ചയിച്ചു. ഇതിനായി ഗോവയിലെ ആര്‍ച്ച്‌ ബിഷപ്പായ അലെക്സിസ്‌ ഡി മെനസിസ്റ്റിന്റെ അധ്യക്ഷതയില്‍ 813 പ്രതിനിധികൾ പങ്കെടുത്ത ഒരു സമ്മേളനം സംഘടിപ്പിച്ചു. ഇതാണ്‌ ഉദയംപേരൂര്‍ സൂനഹദോസ്. 


1600: കുഞ്ഞാലി നാലാമനെ പോര്‍ച്ചുഗീസുകാര്‍ വധിച്ചു. സാമൂതിരിയുടെ നാവിക സൈന്യാധിപൻമാരായിരുന്ന കുഞ്ഞാലിമരക്കാർമാർ ഇന്ത്യയിൽ വിദേശമേധാവിത്തമവസാനിപ്പിക്കാൻ യത്നിച്ച ആദ്യകാല പോരാളികളാണ്.


1604: ഡച്ചുകാരുടെ ആദ്യ കപ്പൽസമൂഹം കൊച്ചിയിലെത്തി. ഇന്ത്യയുമായി കച്ചവടബന്ധം സ്ഥാപിച്ച, യൂറോപ്പിലെ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് ജനതയാണ് ഡച്ചുകാർ (പോർച്ചുഗീസുകാർ കാത്തോലിക്ക വിഭാഗമാണ്).


1634: കണിയംകുളം യുദ്ധം


1644: ഇംഗ്ലീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല നിർമ്മിച്ചു.


1653: കൂനൻ കുരിശു സത്യം. ഉദയംപേരൂർ സൂനഹദോസിന്റെ തുടർച്ചയായി സംഭവിച്ചതാണിത്. ഇതിന്റെ ഫലമായി കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ റോമാസഭയെ ആദരിക്കുന്ന റോമാ സുറിയാനികളെന്നും (പഴയ കൂറ്റുകാര്‍) പോപ്പിന്റെ അധികാരത്തെ പരിത്യജിക്കുന്ന യാക്കോബായ സുറിയാനികളെന്നും (പുതിയ കൂറ്റുകാര്‍) രണ്ടായി പിരിഞ്ഞു.


1663: ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍നിന്ന്‌ പുറത്താക്കുകയും കൊച്ചി ഭരണം കൈയടക്കുകയും ചെയ്തു.


1677-1684: വേണാട്ടിലെ ആദ്യത്തെ വനിതാ ഭരണാധികാരിയായ ഉമയമ്മറാണിയുടെ ഭരണകാലം.


1678: മലയാള ലിപി ആദ്യമായി അച്ചടിച്ച 'ഹോർത്തൂസ് മലബാറിക്കസ്' പന്ത്രണ്ട് വാള്യങ്ങളായി നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്ന്‌ പ്രസിദ്ധപ്പെടുത്തി [1678-1703]. ഇന്ത്യന്‍ ഔഷധ സസ്യങ്ങളുടെ ഔഷധഗുണങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രചന നടന്നത്‌ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണര്‍ അഡ്മിറല്‍ വാന്‍ റീഡിന്റെ രക്ഷാധികാരത്തിലാണ്‌. മാത്യുസ്‌ എന്ന കാര്‍മലൈറ്റ്‌ സന്ന്യാസിയും രംഗ ഭട്ട്‌, അപ്പു ഭട്ട്‌, വിനായക ഭട്ട്‌ എന്നീ ഗൗഡ സാരസ്വത ബ്രാഹ്മണന്‍മാരും ഇട്ടി അച്ചുതന്‍ എന്ന ഈഴവ വൈദ്യനും ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു.


1684: അഞ്ചുതെങ്ങില്‍ കോട്ട നിര്‍മിക്കാന്‍ ആറ്റിങ്ങല്‍ റാണി ഇംഗ്ലീഷുകാരെ അനുവദിച്ചു.


1691: വെട്ടം യുദ്ധം. വൈദേശികാധിപത്യത്തിനെതിരായ ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഒരു വിദേശശക്തിയുമായി സാമൂതിരി ആദ്യമായി സഖ്യം ചെയ്തത്‌ ഈ യുദ്ധവുമായി ബന്ധപ്പെട്ടാണ്‌.


1696: അഞ്ചുതെങ്ങുകോട്ടയുടെ പണിപൂര്‍ത്തിയായി. തലശ്ശേരിയില്‍ ഇംഗ്ലീഷുകാര്‍ ഫാക്ടറി സ്ഥാപിച്ചു.


1696: വേണാട്ടില്‍ നിന്ന്‌ 'മുകിലന്‍പട'യെ തുടച്ചുനീക്കിയ കേരളവര്‍മ പുലപ്പേടി (മണ്ണാപ്പേടി) എന്ന പ്രാചീനാചാരം നിരോധിച്ചു. അതേവര്‍ഷം തന്നെ അദ്ദേഹത്തെ ഗൂഢാലോചനക്കാര്‍ വധിച്ചു.


1699: ജര്‍മന്‍ മിഷനറി അര്‍ണോസ്‌ പാതിരി കേരളത്തിലെത്തി.


1708: ഇംഗ്ലീഷുകാര്‍ തലശ്ശേരിയില്‍ കോട്ട നിര്‍മിച്ചു.


1715-17: സാമൂതിരിയും ഡച്ചുകാരുമായി യുദ്ധം.


1721: ആറ്റിങ്ങല്‍ കലാപം. ഇന്ത്യയില്‍ ബ്രിട്ടിഷ്‌ അധികാരത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത സമരമാണിത്‌. 1721 ഏപ്രില്‍ 21 നു നടന്ന ഈ സംഭവത്തിൽ അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് വ്യാപാരി നേതാവ് ഗിഫോർഡും മറ്റ് 140 പേരുമടങ്ങുന്ന ഒരു സംഘത്തെ മുഴുവൻ നാട്ടുകാർ കൊന്നുകളഞ്ഞു.


1723: തിരുവിതാംകൂറും ഇംഗ്ലീഷുക്കാരുമായി ഉടമ്പടി.


1725: മയ്യഴിയിൽ ഫ്രഞ്ചുകാർ താവളമുറപ്പിച്ചു.

0 Comments