ജയപ്രകാശ് നാരായൺ

ജയപ്രകാശ് നാരായൺ ജീവചരിത്രം (Jayaprakash Narayan in Malayalam)

ജനനം: 1902 ഒക്ടോബർ 11

മരണം: 1979 ഒക്ടോബർ 8


ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും സോഷ്യലിസ്റ്റും സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ജയപ്രകാശ് നാരായൺ (ജെ.പി) ബീഹാറിൽ ജനിച്ചു. മെട്രിക്കുലേഷൻ പാസായശേഷം സ്കോളർഷിപ്പോടെ പാറ്റ്ന സയൻസ് കോളേജിൽ ചേർന്നു. രസതന്ത്രവും ഗണിതവുമായിരുന്നു ഇഷ്ട വിഷയങ്ങൾ. കോളേജ് പഠനത്തിനുശേഷം 1922-ൽ അമേരിക്കയിൽ പോയി നിരവധി ബിരുദങ്ങൾ സമ്പാദിച്ചു. 1929-ൽ ഇന്ത്യയിൽ തിരിച്ചെത്തി. നെഹ്രുവിന്റെ ക്ഷണപ്രകാരം കോൺഗ്രസിലെ തൊഴിലാളി സംഘടനവിഭാഗത്തിൽ പ്രവർത്തിച്ചു. പലതവണ ജയിൽവാസം അനുഷ്ഠിക്കുകയും ഒളിവിൽ പ്രവർത്തിക്കുകയും ചെയ്തു. ജയിലിൽ കിടക്കുമ്പോഴാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത്. 


1942-ൽ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോൾ ജയിൽചാടി വേഷം മാറി പലഭാഗത്തും ഒളിവിൽ കഴിഞ്ഞ് സമരം ശക്തിപ്പെടുത്തുവാനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരുന്നു. വീണ്ടും പിടിക്കപ്പെടുകയും ഏകാന്തതടവിൽ പാർപ്പിക്കുകയും ചെയ്തു. അധികാരകൈമാറ്റത്തിന് ബ്രിട്ടൻ നടപടി തുടങ്ങിയതോടെ ജയിൽ മോചിതനായി. സ്വാതന്ത്ര്യാനന്തരം കോൺഗ്രസുമായുള്ള ബന്ധമുപേക്ഷിച്ച് ജെ.പി രൂപവത്കരിച്ച സോഷ്യലിസ്റ്റ് കോൺഗ്രസ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രതിപക്ഷ കക്ഷിയായി. ഇദ്ദേഹം പല പ്രധാനപ്പെട്ട അഖിലേന്ത്യ ട്രേഡ് യൂണിയൻ സംഘടനകളുടെയും നേതാവായി. ജെ.പി യുടെ പ്രചോദനത്താൽ ചമ്പൽക്കാടുകളിലെ ഏതാനും കൊള്ളക്കാർ ആയുധംവെച്ച് കീഴടങ്ങി പുതിയ ജീവിതം നയിക്കാൻ തുടങ്ങി. അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ലോകസമാധാനത്തിനും വേണ്ടി പ്രവർത്തിച്ചു.


ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യനയങ്ങളെ എതിർത്ത ജെ.പി ബീഹാറിലെ ജനകീയ സമരത്തിന് നേതൃത്വം നൽകി. ജനങ്ങൾ ജെ.പി യെ 'ലോക് നായക്' എന്നുവിളിച്ചു. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജെ.പി അറസ്റ്റിലായി. 1977ൽ ജനതാപാർട്ടി രൂപവത്കരണത്തിന് ജെ.പി നേതൃത്വം നൽകി. അതേ വർഷം ലോകസഭ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി ജയിച്ച് അധികാരത്തിൽ വരികയും ചെയ്തു. രോഗബാധിതനായ അദ്ദേഹം അമേരിക്കയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തിരിച്ചു വന്ന് പാറ്റ്നയിൽ താമസമാക്കി. ജനതാപാർട്ടിയും ഗവൺമെന്റും തകർന്നപ്പോൾ അദ്ദേഹം കൂടുതൽ തളർന്നു. 1979 ഒക്ടോബറിൽ അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1934-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിക്കാൻ മുൻകൈയെടുത്തത് - ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണും


2. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - ജയപ്രകാശ് നാരായണൻ


3. പബ്ലിക് സർവീസ് വിഭാഗത്തിൽ മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും ആദ്യമായി നേടിയത് - ജയപ്രകാശ് നാരായണൻ (1965)


4. ലോക് നായക് എന്നറിയപ്പെട്ടത് - ജയപ്രകാശ് നാരായൺ


5. ബംഗ്ലാദേശിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോൾ അവർക്ക് പിന്തുണ നൽകണമെന്ന് പറഞ്ഞ ആദ്യ ഇന്ത്യൻ നേതാവ് - ജെ.പി


6. സമ്പൂർണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത നേതാവ് - ജെ.പി


7. ലോക് നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം എവിടെയാണ് - പാറ്റ്ന


8. പ്രധാന നേതാക്കൾ അറസ്റ്റിലായതിനാൽ അരുണ അസഫ് അലി, ജയപ്രകാശ് നാരായണൻ, അച്യുത് പട്വർധൻ തുടങ്ങിയവർ നേതൃത്വം നൽകിയത് ഏത് സമരത്തിനാണ് - ക്വിറ്റ് ഇന്ത്യാ സമരം


9. 1972-ൽ മധ്യപ്രദേശിലെ കൊള്ളക്കാർ ആർക്ക് കീഴടങ്ങി - ജയപ്രകാശ് നാരായണിന്

0 Comments