ഈശ്വരചന്ദ്ര വിദ്യാസാഗർ

ഈശ്വരചന്ദ്ര വിദ്യാസാഗർ (Ishwar Chandra Vidyasagar)

ജനനം: 1820 സെപ്റ്റംബർ 26 

മരണം: 1891 ജൂലൈ 29


സംസ്കൃത പണ്ഡിതൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രശസ്തനായ വിദ്യാസാഗർ, പ്രശസ്തനായ ബംഗാളി സാമൂഹ്യ പരിഷ്‌കർത്താവ് കൂടിയാണ്. മാതൃവിദ്യാലയമായ സംസ്കൃത കോളേജ് അദ്ദേഹത്തിന് "വിദ്യാസാഗർ" ബിരുദം നൽകി ആദരിച്ചു. വിക്ടോറിയ രാജ്ഞിയിൽ നിന്നും സി.ഐ.ഇ. ബിരുദം നേടിയ വിദ്യാസാഗറിന് റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ അംഗത്വം ലഭിച്ചു. വിധവാ വിവാഹം, ബഹുഭാര്യാത്വ നിരോധനം എന്നിവയ്ക്കുവേണ്ടി ശക്തമായി പോരാടി ലളിത ജീവിതം നയിച്ചു പോന്നു. പ്രസിദ്ധമായ മെട്രോപോളിറ്റൻ കോളേജ് സ്ഥാപിച്ചു.


വിദ്യാസാഗർ ജീവചരിത്രം 


ഇന്ത്യൻ സാമൂഹികപരിഷ്‌കർത്താവും പത്ര പ്രവർത്തകനും എഴുത്തുകാരനുമായ ഇദ്ദേഹം സംസ്കൃതപണ്ഡിതൻ കൂടിയാണ്. പശ്ചിമബംഗാളിലെ മിഡ്‌നാപൂരിൽ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കൽക്കട്ടയിലെ സംസ്കൃത കോളേജിൽ വേദാന്തം, ന്യായം, തർക്കം, ജ്യോതിശാസ്ത്രം, ധർമ്മശാസ്ത്രം തുടങ്ങിയവ പഠിച്ചു. അതോടൊപ്പം ഹിന്ദു നിയമത്തെക്കുറിച്ചുള്ള 'വിദ്യാസാഗർ' പരീക്ഷയും വിജയിച്ചു. വിദ്യാസാഗർ എന്ന പേര് അങ്ങനെയാണ് ലഭിച്ചത്. അദ്ദേഹം പതിനാലാം വയസ്സിൽ വിവാഹിതനായി. തുടർന്ന് പഠനം പൂർത്തിയാക്കിയശേഷം 1841ൽ ഫോർട്ട് വില്യം കോളേജിൽ മുഖ്യപണ്ഡിതനായി. 1850ൽ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കാനുള്ള അനുവാദത്തോടെ സംസ്കൃത കോളേജിൽ പ്രൊഫസർ നിയമനം ലഭിച്ചു. തുടർന്ന് അവിടത്തെ ആദ്യ പ്രിൻസിപ്പലായി നിയമിതനായി. ബ്രാഹ്മണർക്ക് മാത്രമായിരുന്ന സംസ്കൃത കോളേജ് പ്രവേശനം അദ്ദേഹം എല്ലാവർക്കുമായി അനുവദിച്ചു. സംസ്കൃതത്തിനു പുറമെ ബംഗാളിയിലും, ഇംഗ്ലീഷിലും വിദ്യാർത്ഥികളെ പഠിപ്പിച്ചു. കുട്ടികൾക്കായി നിരവധി പ്രമുഖ ഗ്രന്ഥങ്ങൾ ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്തു. സംസ്കൃത കോളേജ് പ്രൊഫസർ, പ്രിൻസിപ്പൽ, സ്കൂൾ ഇൻസ്‌പെക്ടർ എന്നീ പദവികൾ വഹിച്ചശേഷം ഉദ്യോഗം ഉപേക്ഷിച്ചു. 


റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ അംഗത്വം ലഭിച്ചു. വിക്ടോറിയ രാജ്ഞിയിൽനിന്ന് സി.ഐ.ഇ ബിരുദം നേടി. ബീരസിംഹഭഗവതി വിദ്യാലയം, മെട്രോപോളിറ്റൻ കോളേജ് എന്നീ സ്ഥാപനങ്ങളുടേയും സർവ്വശുഭംകരി പത്രിക, തത്വബോദിനി പത്രിക, ഷോം പ്രകാശ് എന്നീ ആനുകാലികങ്ങളുടേയും ആവിർഭാവത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ്‌ കൂടിയായിരുന്ന ഇദ്ദേഹം സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടി. അഗതികളേയും അശരണരേയും സഹായിച്ചു. ബംഗാൾ ക്ഷാമകാലത്ത് സൗജന്യ ഭക്ഷണശാലകൾ തുറന്നു. ബംഗാളിൽ മലേറിയ പടർന്ന് പിടിച്ചപ്പോൾ സൗജന്യ ചികിത്സാശാലകൾ തുറന്നു. വനിതാവിദ്യാഭ്യാസം, വിധവാവിവാഹം, ബഹുഭാര്യാത്വനിരോധനം തുടങ്ങിയ സാമൂഹിക പരിഷ്‌കാരങ്ങളുടെ ശില്പിയായിട്ടാണ് ഇദ്ദേഹം ഓർമിക്കപ്പെടുന്നത്. 'ബംഗാളർ ഇതിഹാസ്', 'വിധവാ വിവാഹ്‌', തുടങ്ങി നിരവധി സ്വാതന്ത്രകൃതികളും 'രഘുവംശം', 'കിരാതാർജ്ജുനീയം', 'അഭിജ്ഞാന ശാകുന്തളം' തുടങ്ങിയ അനേകം സംസ്കൃതകൃതികളുടെ വ്യാഖ്യാനങ്ങളും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആധുനിക ബംഗാളി ഭാഷയുടെ പിതാവ്' എന്ന് രവീന്ദ്രനാഥ് ടാഗോർ അദ്ദേഹത്തെ വിശേഷിപ്പിച്ചു. 1891 ജൂലൈ 29-ന് അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 'ഷോം പ്രകാശ്' ആരംഭിച്ചത് ആര്? - ഈശ്വര ചന്ദ്ര വിദ്യാസാഗർ


2. പണ്ഡിറ്റ് ഈശ്വരചന്ദ്ര വിദ്യാസാഗർ സംസ്കൃത കോളേജിന്റെ പ്രിൻസിപ്പൽ ആയത് എന്ന്? - 1851-ൽ


3. കൊൽക്കത്തയിൽ ബേതുൺ കോളേജ് സ്ഥാപിച്ചത് - വിദ്യാസാഗർ (1849-ൽ ജോൺ ഏലിയട്ട് ബെഥൂൻ സ്ഥാപിച്ച ഹിന്ദു ഫീമെയിൽ സ്കൂൾ പിന്നീട് ബെഥൂൻ കോളേജായി മാറുകയായിരുന്നു.)


4. ബംഗാളി ഗദ്യത്തിന്റെ പിതാവ് - ഈശ്വര ചന്ദ്ര വിദ്യാസാഗർ


5. ബഹുവിവാഹ്‌ എന്ന പുസ്തകം രചിച്ചത് - വിദ്യാസാഗർ


6. ഈശ്വരചന്ദ്ര വിദ്യാസാഗറുടെ യഥാർത്ഥ നാമം - ഈശ്വരചന്ദ്ര ബന്ദോപാദ്ധ്യായ


7. ഈശ്വരചന്ദ്ര ബന്ദോപാദ്ധ്യായക്ക് "വിദ്യാസാഗർ" എന്ന ബിരുദം നൽകിയത് - കൽക്കത്ത സംസ്കൃത കോളേജ്


8. വിധവാ വിവാഹത്തിനും, സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി പ്രയത്നിച്ച സാമൂഹിക പരിഷ്‌കർത്താവ് - ഈശ്വരചന്ദ്ര വിദ്യാസാഗർ


9. 1856-ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമം പാസ്സാക്കാൻ സമ്മർദ്ദം ചെലുത്തിയ വ്യക്തി - ഈശ്വര ചന്ദ്ര വിദ്യാസാഗർ


10. "കായലല്ല, കയമല്ല, ശരിക്കും സമുദ്രം" എന്ന് ഈശ്വര ചന്ദ്ര വിദ്യാസാഗറെക്കുറിച്ച് അഭിപ്രായപ്പെട്ടത് - ശ്രീരാമകൃഷ്ണ പരമഹംസർ


11. ഹിന്ദു വിധവാ പുനർ വിവാഹ നിയമം നടപ്പാക്കുന്നതിന് പ്രചാരണം നടത്തിയ വ്യക്തി - രാധാകാന്ത് ദേബ്


12. ബഹുഭാര്യാത്വം നിയമം മൂലം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ ഹർജി സമർപ്പിച്ചത് - ഈശ്വരചന്ദ്ര വിദ്യാസാഗർ

0 Comments