ചിത്തരഞ്ജൻ ദാസ് (സി.ആർ.ദാസ്)

ചിത്തരഞ്ജൻ ദാസ് ജീവചരിത്രം (Chittaranjan Das)

ജനനം: 1870 നവംബർ 5

മരണം: 1925 ജൂൺ 16


'ദേശബന്ധു' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്വന്തന്ത്ര്യ സമരസേനാനിയായിരുന്നു ചിത്തരഞ്ജൻ ദാസ് എന്നറിയപ്പെട്ടിരുന്ന സി.ആർ.ദാസ്. 1870 നവംബർ 5-നാണ് അദ്ദേഹം ജനിച്ചത്. പിതാവും മുത്തച്ഛനും അഭിഭാഷകരായിരുന്നു. ഒൻപതാം വയസ്സിൽ സ്കൂളിൽ ചേർന്നു. 1886-ൽ മെട്രിക്കുലേഷൻ പാസ്സായി. 1890-ൽ പ്രസിഡൻസി കോളേജിൽ നിന്നും ബി.എ പാസ്സായി. ബാരിസ്റ്റർ പഠനത്തിനായി 1890-ൽ ഇംഗ്ലണ്ടിലേക്ക് പോയി. 1892-ൽ ദാദാഭായ് നവറോജി ബ്രിട്ടീഷ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തി. ബാരിസ്റ്റർ ബിരുദമെടുത്ത് ഇന്ത്യയിൽ വന്നതിനുശേഷം 1893 മുതൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. കുറച്ചുകാലം കൊണ്ടുതന്നെ അഭിഭാഷകനെന്ന നിലയിൽ പ്രസിദ്ധനായി. 1897-ൽ വിവാഹിതനായി. 1905-ൽ ദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനയാണ് 'സ്വദേശി മണ്ഡലി'.


1908-ൽ അരവിന്ദ് ഘോഷിനുവേണ്ടി അലിപ്പൂർ ഗൂഢാലോചന കേസിൽ വാദിച്ചു. ഒൻപതു ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിൽ അരവിന്ദ് ഘോഷിനെ കോടതി വെറുതെവിട്ടു. 'മലഞ്ച' എന്ന ഭാവഗാന സമാഹാരമാണ് ദാസിന്റെ ആദ്യത്തെ സാഹിത്യകൃതി. മാല, സാഗർസംഗീത്, അന്തര്യാമി, കിഷോർ കിശോരി എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ. അരവിന്ദഘോഷ് പത്രാധിപരായ 'വന്ദേമാതരം' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ സ്ഥാപകരിലൊരാൾ ദാസായിരുന്നു.


1917-ൽ കൊൽക്കത്തയിൽ നടന്ന സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ അദ്ദേഹമായിരുന്നു. നിയമസഭാ ബഹിഷ്ക്കരണത്തെച്ചൊല്ലി 1920-ൽ കൊൽക്കത്തയിൽ നടന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ ദാസും ഗാന്ധിജിയും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായി. അടുത്ത സമ്മേളനത്തിന് മുൻപ് പ്രശ്നം ഒത്തുതീർത്ത് ദാസ് വക്കീലുദ്യോഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി. കോൺഗ്രസുമായുള്ള അഭിപ്രായഭിന്നതയെതുടർന്ന് മോത്തിലാൽ നെഹ്രുവും ദാസും ചേർന്ന് സ്വരാജ് പാർട്ടി 1923 ജനുവരി 1-ന് രൂപീകരിച്ചു. തുടർന്ന് ബംഗാളിൽ നടന്ന തെരെഞ്ഞെടുപ്പിൽ സ്വരാജ് പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. എന്നാലും ബ്രിട്ടീഷ് സർക്കാരിനോടുള്ള എതിർപ്പുകാരണം ദാസ് മന്ത്രിസഭ രൂപീകരിക്കുവാൻ തയ്യാറായില്ല. 1924-ൽ നടന്ന ബൽഗാം സമ്മേളനം നിയമസഭാപ്രവേശനം അംഗീകരിച്ചപ്പോൾ കൊൽക്കത്താ കോർപ്പറേഷന്റെ ആദ്യ മേയറായി ദാസിനെ തെരെഞ്ഞെടുത്തു. ഭവാനിപ്പൂരിലുള്ള കൊട്ടാരസമാനമായ തന്റെ വീട് അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. 1925 ജൂൺ 16-ന് അദ്ദേഹം അന്തരിച്ചു. 1950-ൽ കൊൽക്കത്തയ്ക്ക് സമീപം തീവണ്ടി എൻജിൻ നിർമ്മാണശാല ആരംഭിച്ചപ്പോൾ ദാസിന്റെ സ്മരണാർത്ഥം ചിത്തരഞ്ജൻ ഫാക്ടറി എന്നാണ് പേര് നൽകിയത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ആദ്യ നേതാവ്‌ - സി.ആർ ദാസ്


2. 1920-ലെ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രധാന പ്രമേയം പാസാക്കിയത്‌ ആര്‌


3. 1922-ലെ ഗയ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച നേതാവ്


4. 1924-ലെ കൊല്‍ക്കത്ത കോര്‍പ്പറേഷന്റെ ആദ്യ മേയറായതാര്‌


5. സ്വരാജ്‌ പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റ്‌


6. കോണ്‍ഗ്രസ്‌ നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകാരണം 1923 ജനുവരി ഒന്നിന്‌ മോത്തിലാല്‍ നെഹ്റുവിനൊപ്പം സ്വരാജ്‌ പാർട്ടി രൂപവല്‍കരിച്ച നേതാവ്‌


7. ഇന്ത്യയിലെ ആദ്യ തീവണ്ടി എൻജിൻ നിര്‍മ്മാണ ശാല 1950-ല്‍ കൊൽക്കത്തയ്ക്ക് സമീപം സ്ഥാപിച്ചപ്പോള്‍ ആരുടെ സ്മരണാര്‍ത്ഥമാണ് നാമകരണം ചെയ്തത്‌


8. 1922-ലെ ഗയ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച നേതാവ്‌


9. 1923-ല്‍ ഇന്ത്യയിലെ ആദ്യത്തെ പാര്‍ട്ടി പത്രമായ ഫോര്‍വേഡ്‌ ദിനപത്രം ആരംഭിച്ചതാര്‌


10. 1914-ല്‍ നാരായണ എന്ന സാഹിത്യ-രാഷ്ട്രീയ മാസിക ആരംഭിച്ചതാര്‌


11. സാഗര്‍സംഗീതിലൂടെ കവിയെന്ന നിലയില്‍ ഉയര്‍ന്ന അംഗീകാരം നേടിയ നേതാവ്‌


12. 1905-ല്‍ സ്വദേശി മണ്ഡലി എന്ന സംഘടന ആരംഭിച്ച നേതാവ്‌


13. അലിപ്പൂര്‍ ഗൂഢാലോചനക്കേസില്‍ വാദിച്ച്‌ അരവിന്ദഘോഷിനെ മോചിപ്പിച്ച അഭിഭാഷകനാര്


14. നേതാജി സുബാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു


15. ദേശബന്ധു എന്നറിയപ്പെട്ട നേതാവ്


16. പശ്ചിമ ബംഗാളിലെ റെയിൽവേ എൻജിൻ ഫാക്ടറിയുടെ പേര് - ചിത്തരഞ്ജൻ 


17. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് ഫാക്ടറി ഏത് സംസ്ഥാനത്താണ് - പശ്ചിമ ബംഗാൾ


18. സി.ആർ ദാസിനൊപ്പം സ്വരാജ് പാർട്ടി (1923) സ്ഥാപിച്ചതാര് - മോത്തിലാൽ നെഹ്‌റു


19. സി.ആർ ദാസ് ഏത് നഗരത്തിലാണ് മേയറായത് - കൊൽക്കത്ത 

0 Comments