അശോക ചക്രവർത്തി

അശോക ചക്രവർത്തി (Ashoka Chakravarthy)

ജനനം: ബി.സി 304

മരണം: ബി.സി 232


മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തന്റെ പൗത്രനാണ് മഹാനായ അശോക ചക്രവർത്തി. പിതാവിന്റെ മരണശേഷം സഹോദരന്മാരെ യുദ്ധത്തിൽ തോൽപിച്ചാണ് അശോകൻ ഭരണം ഏറ്റെടുത്തത്. ബി.സി. 261 ലെ കലിംഗ യുദ്ധത്തിനുശേഷം ബുദ്ധമത തത്വങ്ങളനുസരിച്ചുള്ള ഭരണമാണ് അശോകൻ കാഴ്ചവെച്ചത്. അഹിംസയിൽ അടിയുറച്ചു വിശ്വസിച്ച അശോകൻ രാജ്യത്തെ ഗ്രാമീണസമ്പദ് വ്യവസ്ഥയിൽ നിന്നും കാർഷികവും വാണിജ്യപരവുമായ പുത്തൻ വ്യവസ്ഥിതിയിൽ എത്തിച്ചു. ബുദ്ധമതപ്രചരണത്തിനായി മിഷനറി സംഘങ്ങളെ വിദേശരാജ്യങ്ങളിലേയ്ക്കയച്ചു.


മനുഷ്യനന്മയ്ക്കുവേണ്ടി പ്രവർത്തിച്ച അശോകൻ രാജ്യത്തുടനീളം ശിലാസ്‌തൂപങ്ങളിൽ ധർമ്മശാസനങ്ങൾ കൊത്തിവെച്ചു. സത്രങ്ങൾ നിർമ്മിക്കുകയും വഴിയോരങ്ങളിൽ തണൽവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും മനുഷ്യർക്കും മൃഗങ്ങൾക്കും ആശുപത്രികൾ നിർമ്മിക്കുകയും ചെയ്തു. അഹിംസയുടേയും മതമൈത്രിയുടേയും ഒരു പുണ്യഭൂമിയാക്കി ഭാരതത്തെമാറ്റാൻ അശോകൻ ഏറെ പരിശ്രമിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തിട്ടുണ്ട്.


അശോകൻ ജീവചരിത്രം


മൗര്യവംശസ്ഥാപകനായ ചന്ദ്രഗുപ്തന്റെ പൗത്രനും ബിന്ദുസാരന്റെ പുത്രനുമായിരുന്ന അശോക ചക്രവർത്തി ബി.സി 304-ൽ ജനിച്ചു. അശോകന്റെ ബാല്യകാലത്തെക്കുറിച്ചോ കുടുംബജീവിതത്തെക്കുറിച്ചോ കാര്യമായ അറിവൊന്നും ലഭ്യമായിട്ടില്ല. കുട്ടിക്കാലം മുതൽ സാഹസികനും ധൈര്യശാലിയുമായിരുന്നു അശോകൻ. ചെറുപ്പത്തിൽ ഭരണകാര്യങ്ങളിൽ കഴിവ് തെളിയിച്ച അശോകനെ അവന്തിയിലെ ഗവർണ്ണറായി ബിന്ദുസാരൻ നിയമിച്ചു. അവിടെവച്ച് വിദിശാനഗറിലെ ഒരു വ്യാപാരിയുടെ മകളായ ശാക്യകുമാരിയെ വിവാഹം കഴിച്ചു. ബി.സി 272-ൽ ബിന്ദുസാരന്റെ മരണത്തോടെ മഗധ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി. വടക്ക് ഹിമാലയം മുതൽ തെക്ക് കാഞ്ചീപുരം വരെയും, കിഴക്ക് ബ്രഹ്മപുത്ര മുതൽ പടിഞ്ഞാറ് അറബിക്കടൽവരെയും വ്യാപിച്ചുകിടന്ന സാമ്രാജ്യമായിരുന്നു മഗധ. അതിനുള്ളിലെ ചെറുരാജ്യമായിരുന്ന കലിംഗ (ഒറീസ്സ) അശോകചക്രവർത്തിയുടെ ആധിപത്യം അംഗീകരിക്കാം തയ്യാറായില്ല. ബി.സി 261-ൽ അദ്ദേഹം കലിംഗരാജ്യം ആക്രമിച്ചു കീഴടക്കി. ആ യുദ്ധത്തിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടതും അതിലേറെപ്പേർ മുറിവേറ്റ് പിടയുന്നതും കാണാനിടയായ അശോകനെ പശ്ചാത്താപവിവശനാക്കി. പിന്നീടൊരിക്കലും അദ്ദേഹം യുദ്ധം ചെയ്തില്ല. തുടർന്ന് ബുദ്ധമതം സ്വീകരിച്ചു.


സൈനിക നേട്ടം എന്ന കാലഘട്ടം അവസാനിപ്പിച്ച് ധർമ്മവിജയം എന്ന പേരിൽ ആത്മീയനേട്ടത്തിന്റേതായ ഒരു യുഗത്തിന് അദ്ദേഹം തുടക്കംകുറിച്ചു. ശേഷിച്ച കാലം ബുദ്ധമത പ്രചാരണത്തിനായി അദ്ദേഹം പരിശ്രമിച്ചു. പാവപ്പെട്ടവർക്ക് ദാനധർമ്മം നടത്തുന്നതിനായി ഒരു പ്രത്യേക വിഭാഗം തന്നെ ഉണ്ടാക്കി. ബുദ്ധമതതത്വങ്ങളനുസരിച്ചുള്ള ഭരണമായിരുന്നു അദ്ദേഹത്തിന്റേത്. സാമ്രാജ്യത്തെ ജനപഥങ്ങളായും ജനപഥങ്ങളെ പ്രദേശങ്ങളായും പ്രദേശങ്ങളെ ജില്ലകളായും ജില്ലകളെ താലൂക്കുകളായും അശോകൻ വിഭജിച്ചു. രാജ്യത്തുടനീളം ശിലാസ്‌തൂപങ്ങളിൽ ധർമശാസനങ്ങൾ കൊത്തിവെച്ചു. സത്രങ്ങൾ നിർമ്മിക്കുകയും വഴിയോരങ്ങളിൽ തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടി ആശുപത്രികൾ നിർമ്മിച്ചു. മൃഗങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിച്ചതോടൊപ്പം രാജകലവറയിൽ മൃഗങ്ങളെ കൊല്ലുന്നതും നിരോധിച്ചു. അഹിംസ അശോകന്റെ വിശ്വാസപ്രമാണമായിരുന്നു. 


ബുദ്ധമത പ്രചാരണത്തിനായി ഈജിപ്ത്, സിറിയ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മിഷനറി സംഘങ്ങളെ അയച്ചു. തന്റെ മക്കളെ സിലോണിലേയ്ക്ക് അയച്ച് അവിടത്തെ രാജാവിനെ ബുദ്ധമതത്തിൽ ചേർത്തു. ബുദ്ധമത പ്രചാരണത്തിനായി ബുദ്ധന്റെ സൂക്തങ്ങൾ ആലേഖനം ചെയ്ത കൽത്തൂണുകളും സ്ഥാപിച്ചു. അശോകന്റെ ശിലാശാസനങ്ങൾ ഇന്ത്യയിലെ പല ഭാഗങ്ങളിലും കാണാം. ഇന്ത്യാചരിത്രത്തിലെ പ്രമാണികങ്ങളായ ആദ്യരേഖകളത്രെ ഇവ. ബി.സി 232-ൽ തക്ഷശിലയിൽ മരണമടഞ്ഞു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മൗര്യ സാമ്രാജ്യം വിസ്തീർണ്ണത്തിന്റെ പരമകോടിയിലെത്തിയത് ആരുടെ കാലത്താണ്


2. ആരുടെ രാജ്ഞിയായിരുന്നു കൗർവ്വകി


3. ഏത്‌ രാജാവിന്റെ കാലത്തെ ശിലാലേഖങ്ങളാണ്‌ ജെയിംസ്‌ പ്രിന്‍സെപ്‌ തിരിച്ചറിഞ്ഞത്‌


4. യുദ്ധം ജയിച്ചിട്ടും സമാധാനത്തിന്റെ പാത തിരഞ്ഞെടുത്ത ലോക ചരിത്രത്തിലെ ഏക രാജാവ്‌


5. സ്ഥാപകനായ ശ്രീബുദ്ധന്‍ കഴിഞ്ഞാല്‍ ബുദ്ധമത ചരിത്രത്തിലെ ഏറ്റവും മഹത്വമാര്‍ന്ന വ്യക്തിത്വം


6. കേരളത്തെ കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ശിലാലേഖം ആരുടെതാണ്‌


7. ബുദ്ധമത പ്രചരണത്തിന്‌ തൻറെ മക്കളായ മഹേന്ദ്രനെയും സംഘമിത്രയെയും ശ്രീലങ്കയിലേക്ക്‌ അയച്ച മൗര്യ രാജാവ്‌


8. ഇന്ത്യയില്‍ സമാധാനകാലത്തെ ധീരതയ്ക്ക്‌ നല്‍കുന്ന പരമോന്നത ബഹുമതി (അശോക ചക്രം) യുടെ പേരുമായി ബന്ധപ്പെട്ട രാജാവ്‌


9. ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സാമ്രാജ്യ വിസ്തൃതിയുണ്ടായിരുന്ന ഭരണാധികാരി


10. ഗയയില്‍ മഹാബോധിക്ഷേത്രം പണി കഴിപ്പിച്ച രാജാവ്‌


11. ഉപഗുപ്തന്റെ പ്രേരണയാല്‍ ബുദ്ധമതാനുയായിത്തീര്‍ന്ന ഭാരത ചക്രവര്‍ത്തി


12. ബിന്ദുസാരന്റെ പിന്‍ഗാമി


13. സാഞ്ചിസ്തൂപം നിര്‍മ്മിച്ച രാജാവ്‌


14. ശിലാലിഖിതങ്ങളിലൂടെ തന്റെ ആശയങ്ങള്‍ ജനങ്ങള്‍ക്കു പകര്‍ന്ന ആദ്യ ഭരണാധികാരി


15. ബുദ്ധമതം നേപ്പാളില്‍ പ്രചരിച്ചപ്പോള്‍ ഇന്ത്യയിലെ ഭരണാധികാരി


16. സാരനാഥ്‌ സ്തൂപം നിര്‍മ്മിച്ച രാജാവ്‌


17. ലോകത്തിലാദ്യമായി സാങ്ച്ചറി നിര്‍മ്മിച്ച ഭരണാധികാരി


18. ബുദ്ധമതത്തിന്റെ സെന്റ്‌ പോള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌


19. മൂന്നാം ബുദ്ധമത സമ്മേളനത്തിന്റെ രക്ഷാധികാരി


20. ദേവനാംപ്രിയദര്‍ശി/ദേവനാംപ്രിയ എന്ന പേരു സ്വീകരിച്ച ഭരണാധികാരി


21. ബുദ്ധമതത്തിന്റെ കോണ്‍സ്റ്റന്റൈന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടത്‌


22. ലോകചരിത്രത്തിലെ ഏറ്റവും മഹാനായ ചക്രവര്‍ത്തി എന്ന്‌ പ്രശസ്ത ചരിത്രകാരന്‍ എച്.ജി വെല്‍സ്‌ വിശേഷിപ്പിച്ചത്‌


23. കലിംഗയുദ്ധത്തിലൂടെ മാനസാന്തരപ്പെട്ട രാജാവ്‌


24. മൗര്യ വംശത്തിലെ ഏറ്റവും മഹാനായ രാജാവ്‌


25. ബുദ്ധമതത്തെ ലോക മതമാക്കി വളര്‍ത്തിയെടുത്ത രാജാവ്‌


26. ഇന്ത്യാചരിത്രത്തിലെ ചക്രവർത്തിമാരിൽ ഏറ്റവും മഹാനായി കണക്കാക്കപ്പെടുന്നത്


27. ദേവാനാം പ്രിയദർശി എന്നറിയപ്പെടുന്ന മൗര്യ ചക്രവർത്തി


28. ശിലാലിഖിതങ്ങളിലൂടെ തൻറെ ആശയങ്ങൾ ജനങ്ങൾക്കു പകർന്ന ആദ്യ ഭരണാധികാരി


29. ബുദ്ധമതാനുയായിത്തീർന്ന ഭാരത ചക്രവർത്തി


30. കലിംഗയുദ്ധത്തിൽ മനംനൊന്ത് ബുദ്ധമതം സ്വീകരിച്ച ചക്രവർത്തി


31. ഏറ്റവും മഹാനായ മൗര്യ രാജാവ് 


32. അശോക ചക്രവർത്തിയുടെ തലസ്ഥാനം - പാടലീപുത്രം


33. രണ്ടാം അശോകൻ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത് - കനിഷ്കൻ


34. ഇന്ത്യയുടെ ദേശീയ ചിഹ്നം - അശോകസ്തംഭം


35. സാരനാഥിലെ അശോക സ്തംഭത്തിൽ എത്ര സിംഹങ്ങളുണ്ട് - 4


36. ഫിറോസാബാദിലെ അശോകസ്തൂപത്തിലെ ലിപി തിരിച്ചറിഞ്ഞ ഗവേഷകൻ - ജെയിംസ് പ്രിൻസെപ്


37. കേരള പരാമർശമുള്ള ആദ്യത്തെ ശിലാലേഖ - അശോകന്റെ


38. അശോകന്റെ സാമ്രാജ്യത്തിൽ കാന്തഹാർ പ്രദേശത്തെ ശിലാ ശാസനങ്ങളിൽ ഉപയോഗിച്ചിരുന്ന ഭാഷ - അരാമയിക്


39. എത്രമത്തെ അശോക ശാസനത്തിലാണ് കലിംഗയുദ്ധത്തെക്കുറിച്ച് പരാമർശമുള്ളത് - 13


40. അശോകചക്രവർത്തിയുടെ പിതാവ് - ബിന്ദുസാരൻ


41. അശോകസ്തംഭത്തിലെ ലിഖിതങ്ങൾ ഏതു ലിപിയിലാണ് - ബ്രാഹ്മി


42. അശോകചക്ര നേടിയ ആദ്യ വനിത - കമലേഷ് കുമാരി


43. അശോകന്റെ ശിലാലിഖിതങ്ങളുടെ പൊരുൾ തിരിച്ചറിഞ്ഞ ഗവേഷകൻ - ജെയിംസ് പ്രിൻസെപ്


44. അശോകന്റെ സാമ്രാജ്യത്തിൽ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ശിലാലിഖിതങ്ങളിൽ ഏതു ലിപിയാണ് ഉപയോഗിച്ചിരിക്കുന്നത് - ഖരോഷ്ടി


45. ഡൽഹിയിലേക്ക് രണ്ടു അശോക സ്തൂപങ്ങൾ കൊണ്ടുവന്ന തുഗ്ലക് സുൽത്താൻ - ഫിറോസ് ഷാ തുഗ്ലക്


46. ദേശീയ ചിഹ്നത്തിലെ അശോക ചക്രത്തിൽ എത്ര ആരകാലുകളുണ്ട് - 24


47. എത്രാമത്തെ ബുദ്ധമതസമ്മേളനമാണ് അശോകന്റെ കാലത്ത് നടന്നത് - മൂന്ന്


48. കേരളത്തിലെ അശോകൻ എന്ന് വിശേഷിക്കപ്പെട്ടത് - വരഗുണൻ


49. ഏതു സ്ഥലത്തെ അശോകസ്തംഭത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയചിഹ്നം എടുത്തിട്ടുള്ളത് - സാരനാഥ്


50. ആരുടെ പ്രേരണയാലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത് - ഉപഗുപ്തൻ


51. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെട്ടതാര് - അമോഘവർഷൻ


52. രാജാവാകുന്നതിനുമുമ്പ് അശോകൻ എവിടുത്തെ പ്രതിപുരുഷനായിരുന്നു - ഉജ്ജയിനി

0 Comments