വാക്യം എന്നാൽ എന്ത്

വാക്യം എന്നാൽ എന്ത് (Sentence)

പൂർണമായ ആശയം നൽകുന്ന പദസമൂഹമാണ് വാക്യം. അർത്ഥപൂർത്തിവരാത്ത പദസമൂഹത്തെ വാചകം എന്നു പറയും. കർത്താവ്, കർമം, ക്രിയ എന്ന ക്രമത്തിലാണ് വാക്യത്തിൽ പദങ്ങൾ വരേണ്ടത്. വാക്യത്തിൽ ആഖ്യ, ആഖ്യാതം എന്നീ ഘടകങ്ങൾ ഉണ്ടായിരിക്കും. എന്തിനെ കുറിച്ച് പറയുന്നുവോ അത് ആഖ്യ, ആഖ്യയെ കുറിച്ച് പറയുന്നത് ആഖ്യാതം.

സൂര്യൻ ഉദിച്ചു - എന്ന വാക്യത്തിൽ, സൂര്യൻ ആഖ്യ. ഉദിച്ചു ആഖ്യാതം.

I. അര്‍ഥം അനുസരിച്ച്‌ വാക്യങ്ങളെ നാലായി തിരിക്കാം.

1) നിര്‍ദേശക വാക്യം (സൂചകവാക്യം)

കേവലം ഒരു കാര്യം (വസ്തുത) നിര്‍ദേശിക്കുന്ന വാക്യം.

ഉദാ:- സൂര്യന്‍ കിഴക്ക്‌ ഉദിക്കുന്നു.

കേരളീയരുടെ മാതൃഭാഷ മലയാളമാണ്‌.

2) നിയോജകവാക്യം (ആഭിലാഷിക വാക്യം)

ആജ്ഞ, അനുജ്ഞ, ആശംസ, അപേക്ഷ, പ്രാര്‍ഥന മുതലായ അര്‍ഥങ്ങൾ കാണിക്കുന്ന വാക്യം.

ഉദാ:- കൃത്യനിഷ്ഠ പാലിക്കണം.

നിങ്ങൾക്ക്‌ പോകാം.

അമ്മേ, അനുഗ്രഹിക്കണേ.

വിദ്യാര്‍ഥികൾ തമ്മില്‍ കലഹിക്കരുത്‌.

3) അനുയോഗികവാക്യം (പ്രശ്നവാക്യം)

ചോദ്യരൂപത്തിലുള്ള വാക്യം

ഉദാ:- താങ്കൾ എപ്പോൾ വന്നു?

എന്താ വിഷമിച്ചിരിക്കുന്നത്‌?

എഴുത്തച്ഛന്റെ കൃതികൾ ഏതെല്ലാം?

4) വ്യാക്ഷേപകവാക്യം:

വക്താവിന്റെ വിവിധ വികാരങ്ങളെ പ്രകടമാക്കുന്ന വാക്യം

ഉദാ:- ഹായ്‌ എന്തൊരു ഭംഗി!

അയ്യോ! എന്നെ കൊല്ലുന്നേ!

നോക്കണേ! കാലം പോയ പോക്ക്‌!

II. രൂപം അനുസരിച്ച്‌ വാക്യങ്ങളെ രണ്ടായി തിരിക്കാം

1) അംഗിവാക്യം

മറ്റൊന്നിനേയും ആശ്രയിക്കാതെ സ്വതന്ത്രമായി നില്‍ക്കുന്ന പ്രധാനവാക്യം അംഗിവാക്യം.

2) അംഗവാക്യം

അംഗിവാക്യത്തെ ആശ്രയിച്ച്‌ നില്‍ക്കുന്ന അപ്രധാന വാക്യം അംഗവാക്യം.

ഉദാ:- (1) മാവിന്‍കൊമ്പിലിരുന്ന്‌ കുയില്‍ പാടി.

മാവിന്‍ കൊമ്പിലിരുന്ന്‌ (അംഗവാക്യം)

കുയില്‍ പാടി (അംഗിവാക്യം)

2) നിങ്ങൾ വരുകയാണെങ്കില്‍ ഞാന്‍ പുസ്തകം തരാം.

നിങ്ങൾ വരുകയാണെങ്കില്‍ (അംഗവാക്യം)

ഞാന്‍ പുസ്തകം തരാം (അംഗിവാക്യം)

III. ആശയ സ്വഭാവം അനുസരിച്ച്‌ വാക്യങ്ങളെ മൂന്നായി തിരിക്കാം.

1. ചൂര്‍ണിക (കേവല വാക്യം)

കേവലം ഒരു ആശയത്തെ കുറിക്കുന്ന വാക്യം.

ഉദാ:- 1) ഇന്ത്യ എന്റെ രാജ്യമാണ്‌.

2) വിദ്യാര്‍ഥികൾ പഠിക്കണം.

3) അറിവ്‌ വെളിച്ചമാകുന്നു.

2. സങ്കീര്‍ണകം (മിശ്രവാക്യം)

ഒരു അംഗിവാക്യവും ഒന്നോ അധികമോ അംഗവാക്യവും ഉള്ള വാക്യം.

ഉദാ:- 1) ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ എല്ലാ രാജ്യങ്ങളും നശിക്കും.

2) എല്ലാ പേരും ഉപദേശിച്ചിട്ടും അവന്‍ പുകവലി നിറുത്തിയില്ല.

3) ലോകസമാധാനമുണ്ടാകാന്‍ നിരായുധീകരണം നടപ്പാക്കണം.

3. യൗഗികം (മഹാവാക്യം)

ഒന്നിലധികം അംഗിവാക്യം ഉള്ള വാക്യം.

ഉദാ:- 1. ഒട്ടേറെ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കിയെങ്കിലും രാജ്യത്തിലെ ദാരിദ്ര്യം ഇല്ലാതായിട്ടില്ല.

2. ഒന്നുകിൽ നിങ്ങൾ പേടിക്കണം അല്ലെങ്കിൽ എന്തെങ്കിലും പണിക്കു പോകണം.

3. അതുൽ എഴുതുന്നു; അഖിൽ വായിക്കുന്നു.

Post a Comment

Previous Post Next Post