സരോജിനി നായിഡു

സരോജിനി നായിഡു ജീവചരിത്രം (Sarojini Naidu in Malayalam)

ജനനം: 1879 ഫെബ്രുവരി 13

മരണം: 1949 മാർച്ച് 02

ഇന്ത്യയിലെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവയിത്രിയും സ്വാതന്ത്ര്യസമരനായികയുമായിരുന്നു ശ്രീമതി സരോജിനി നായിഡു. ഹൈദരാബാദിലെ ഒരു ബംഗാളി കുടുംബത്തിൽ 1879 ഫെബ്രുവരി 13-ന് സരോജിനി നായിഡു ജനിച്ചു. ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ അഗർനാഥ് ചാടോപധ്യായയുടേയും കവയിത്രിയായ ഭാരത സുന്ദരിദേവിയുടെയും മകളാണ് സരോജിനി. പിതാവും മാതാവുമാണ് സരോജിനിയെ പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ചത്. തന്റെ വീട്ടിലെ സംഭാഷണങ്ങൾ എല്ലാം തന്നെ ഇംഗ്ലീഷിലായിരുന്നു. 11-ാം വയസ്സിൽ ഇംഗ്ലീഷിൽ കവിതകൾ രചിച്ചു തുടങ്ങി. മെട്രിക്കുലേഷൻ 12-ാം വയസ്സിൽ പാസ്സായി. ആരോഗ്യം മോശമായിരുന്നതിനാൽ മൂന്നു വർഷത്തിലധികം വായനയുമായി വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. ഷെല്ലിയുടെ കവിതകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവർ ഉറുദു, തെലുങ്ക്, ഇംഗ്ലീഷ്, പേർഷ്യൻ, ബംഗാളി എന്നീ ഭാഷകളിൽ പാണ്ഡിത്യം നേടി. കൂടെ കാവ്യരചനയും നടത്തി. അവരുടെ പതിനഞ്ചാമത്തെ വയസ്സിൽ ഗോവിന്ദരാജുലു നായിഡുവിനെ കണ്ടുമുട്ടുകയും പിൽകാലത്ത് അവർ തമ്മിൽ പ്രണയവിവാഹം നടക്കുകയും ചെയ്തു.

1895-ൽ ഹൈദരാബാദ് നൈസാം അനുവദിച്ച സ്കോളർഷിപ്പോടുകൂടി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോയി. അവിടെ കിങ്‌സ് കോളേജിൽ ചേർന്നു. പല ഗ്രന്ഥങ്ങളും വായിച്ചു. സാഹിത്യകാരന്മാരുമായി പരിചയപ്പെട്ടു. പല സമ്മേളനത്തിലും പങ്കെടുത്തു. അങ്ങനെ ഒരു കവയിത്രി എന്ന നിലയിൽ വളരുകയായിരുന്നു. അനാരോഗ്യം വീണ്ടും തടസ്സമായപ്പോൾ ചികിത്സയ്ക്കും പഠനത്തിനുമായി സ്വിറ്റ്‌സർലന്റിൽ പോയെങ്കിലും പഠനം പൂർത്തിയാക്കാതെ ഇന്ത്യയിൽ തിരിച്ചെത്തി. തുടർന്ന് തന്റെ കവിതകൾ തുടർച്ചയായി 'ദ ഇന്ത്യൻ ലേഡീസ്' മാഗസിനിൽ പ്രസിദ്ധീകരിച്ചു. 

1905 ലെ ബംഗാൾ വിഭജനത്തെത്തുടർന്നായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അംഗമാകുന്നത്. പ്രശസ്തരായ പല ഇന്ത്യൻ ദേശീയ നേതാക്കളുമായി അവർക്ക് നിരന്തര സമ്പർക്കമുണ്ടായിരുന്നു. യുവജനക്ഷേമം, തൊഴിലാളികളുടെ അവകാശം, ദേശീയതയും സ്ത്രീകളും തുടങ്ങിയ വിഷയങ്ങളായിരുന്നു അവരെ ഏറെ സ്വാധീനിച്ചതും കൂടുതലായി അവർ ചിന്തിച്ചതും. 1914 ലെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ റൗലറ്റ് ആക്റ്റിനെതിരെ ഈ ധീരവനിത ആഞ്ഞടിച്ചു. ഹോം റൂൾ ലീഗിന്റെ ഇന്ത്യൻ അംബാസഡറായി ഇംഗ്ലണ്ടിലേക്കയച്ച വനിതയും സരോജിനി നായിഡുവാണ്. 1925-ൽ കാൺപൂർ INC സമ്മേളനത്തിൽ അവർ അധ്യക്ഷത വഹിച്ചു.1942ൽ ഗാന്ധിജിയുമായി ചേർന്ന് ജയിൽവാസമനുഷ്ഠിച്ച സരോജിനി നായിഡു 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്രമായതോടുകൂടി ഉത്തർ പ്രദേശിലെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ വനിതാ ഗവർണർ എന്ന സ്ഥാനവും സരോജിനി നായിഡുവിനുള്ളതാണ്. 1947 ഡിസംബറിൽ ഹിന്ദു സർവകലാശാല ഓണറ്റി ബിരുദം നൽകി. രാജ്യസ്നേഹത്തിനും കലാവാസനയ്ക്കും ഒരു പോലെ പ്രാധാന്യം നൽകിയ ഈ ധീരവനിത 1949 മാർച്ച് രണ്ടിന് അന്തരിച്ചു. കലാവിഹംഗം, സുവർണ്ണസോപാനം, ഗോൾഡൻ ത്രെഷോൾഡ്, തകർന്ന ചിറക്ക്, രാജകീയ മുരളിയും ഭാരത ഗാഥകളും തുടങ്ങിയവ അവരുടെ കൃതികളാണ്. ഭാരതകോകിലം, ഇന്ത്യയുടെ വാനമ്പാടി എന്നീ പേരുകളിലും സരോജിനി നായിഡു അറിയപ്പെടുന്നു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവർണർ - സരോജിനി നായിഡു

2. ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്നത് ആര് - സരോജിനി നായിഡു

3. ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിച്ചത് ആര് - ടാഗോർ

4. ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതിപുരുഷൻ എന്ന് ജിന്നയെ വിശേഷിപ്പിച്ചത് - സരോജിനി നായിഡു

5. സരോജിനി നായിഡു അന്തരിച്ച വർഷം - 1949

6. ബ്രോക്കൻ വിങ്‌സ്, ഗോൾഡൻ ത്രെഷോൾഡ് എന്നിവ ആരുടെ രചനയാണ്‌ - സരോജിനി നായിഡു

7. കെ.പി.സി.സി യുടെ രണ്ടാമത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - സരോജിനി നായിഡു

8. സരോജിനി നായിഡു ജനിച്ച സ്ഥലം - ഹൈദരാബാദ്

9. വട്ടമേശ സമ്മേളനത്തിലേക്ക് ഇന്ത്യൻ വനിതകളുടെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ടത് - സരോജിനി നായിഡു

10. കോൺഗ്രസ്‌ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു (1925, കാൺപൂർ സമ്മേളനം)

11. സരോജിനി നായിഡു രാഷ്ട്രീയ ഗുരു - ഗോപാലകൃഷ്ണ ഗോഖലെ

12. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം - രണ്ടാം വട്ടമേശ സമ്മേളനം

Post a Comment

Previous Post Next Post