സമാസം കണ്ടെത്തുക

സമാസം (Samasam in Malayalam Grammar)

പ്രത്യയങ്ങൾ കൂടാതെ പദങ്ങളെ ചേര്‍ത്ത്‌ ഒറ്റപ്പദമാക്കുന്നതാണ്‌ സമാസം. സമാസിച്ച പദത്തെ സമസ്ത പദം എന്നുപറയുന്നു. സമസ്തപദത്തെ പ്രത്യയങ്ങളോടെ ഘടകപദങ്ങളായി വേര്‍തിരിക്കുന്ന പ്രക്രിയയാണ്‌ വിഗ്രഹം. ഒരു സമസ്ത പദത്തെ വിഗ്രഹിക്കുമ്പോൾ രണ്ടോ അധികമോ ഘടകപദങ്ങൾ വരാം. ഘടകപദങ്ങളില്‍ ആദ്യത്തേത്‌ പൂര്‍വപദം. നടുവിലേത്‌ മധ്യമപദം. അവസാനത്തേത്‌ ഉത്തരപദം. ഘടകപദങ്ങളുടെ പ്രാധാന്യം അനുസരിച്ചാണ്‌ സമാസം നിര്‍ണയിക്കുന്നത്‌.

1. അവ്യയീഭാവന്‍: ഘടകപദങ്ങളില്‍ പൂര്‍വപദത്തിന്‌ പ്രാധാന്യം വരുന്നത്‌ അവ്യയീഭാവന്‍.

ഉദാ: അഭിമുഖം - മുഖത്തിനു നേരെ

പ്രതിദിനം - ദിനം തോറും

യഥേഷ്ടം - ഇഷ്ടം പോലെ

അനായാസം - ആയാസം കൂടാതെ

ഭക്തിപൂർവ്വം - ഭക്തിയോടുകൂടി

അനുദിനം - ദിനംതോറും

2. തല്‍പുരുഷന്‍ - ഘടകപദങ്ങളില്‍ ഉത്തരപദത്തിന്‌ പ്രാധാന്യം വരുന്നത്‌ തല്‍പുരുഷന്‍

ഉദാ: മുല്ലപ്പുവ്‌ - മുല്ലയുടെ പൂവ്‌

കടലാന - കടലിലെ ആന

സൂര്യകിരണം - സൂര്യന്റെ കിരണം

മരംവെട്ടല്‍ - മരത്തെ വെട്ടല്‍

ഘടകപദങ്ങളില്‍ പൂര്‍വപദത്തിന്റെ വിഭക്തി അനുസരിച്ച്‌ തല്‍പുരുഷന്‍ പലവിധത്തില്‍ വരും.

3. നിര്‍ദേശികാ തല്‍പുരുഷന്‍

ഉദാ:ഭാരതഭൂമി - ഭാരതം എന്ന ഭൂമി

തിങ്കളാഴ്ച - തിങ്കൾ എന്ന ആഴ്ച

വിക്രമാദിത്യരാജാവ് - വിക്രമാദിത്യൻ എന്ന രാജാവ്

4. പ്രതിഗ്രാഹികാ തല്‍പുരുഷന്‍

ഉദാ: കാലിമേയ്ക്കല്‍ - കാലിയെ മേയ്ക്കല്‍

നാടുവാഴല്‍ - നാടിനെ വാഴല്‍

പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത്

5. സംയോജികാ തല്‍പുരുഷന്‍

ഉദാ:പിതൃസമന്‍ - പിതാവിനോട്‌ സമന്‍

ശത്രുവിരോധം - ശത്രുവിനോട്‌ വിരോധം

പന്തൊക്കും - പന്തോടൊക്കുന്ന (പന്തിനോടൊക്കുന്ന)

6. ഉദ്ദേഷികാ തല്‍പുരുഷന്‍

ഉദാ: ഗുരുദക്ഷിണ - ഗുരുവിനുള്ള ദക്ഷിണ

ദേവപൂജ - ദേവനുള്ള പൂജ

ഭിക്ഷാപാത്രം - ഭിക്ഷയ്ക്കുള്ള പാത്രം

7. പ്രയോജികാ തല്‍പുരുഷന്‍

ഉദാ: വാൾപ്പയറ്റ്‌ - വാളാലുള്ള പയറ്റ്‌

യാത്രാക്ഷീണം - യാത്രയാല്‍ ക്ഷീണം

മാങ്ങാക്കറി - മാങ്ങയാൽ കറി

8. സംബന്ധികാ തൽപുരുഷൻ

ഉദാ: അമ്മവീട്‌ - അമ്മയുടെ വീട്‌

വെള്ളച്ചാട്ടം - വെള്ളത്തിന്റെ ചാട്ടം

ആനക്കൊമ്പ് - ആനയുടെ കൊമ്പ്

മരച്ചുവട് - മരത്തിന്റെ ചുവട്

9. ആധാരികാ തല്‍പുരുഷന്‍

ഉദാ: മരങ്കയറ്റം - മരത്തില്‍ കയറ്റം

കലാനിപുണന്‍ - കലയില്‍ നിപുണന്‍

10. കർമ്മധാരയൻ

ഘടകപദങ്ങളില്‍ പൂര്‍വപദം വിശേഷണവും ഉത്തരപദം വിശേഷ്യവുമായി വരുന്നത്‌ കർമ്മധാരയൻ.

ഉദാ: മഹര്‍ഷി - മഹാനായ ഋഷി

നീലമേഘം - നീലയായ മേഘം

ദിവ്യപ്രഭ - ദിവ്യമായ പ്രഭ

ധീരവനിത - ധീരയായ വനിത

ലളിതഗാനം - ലളിതമായ ഗാനം

മുദ്രമോതിരം - മുദ്രയുള്ള മോതിരം

11. ദ്വിഗു - പൂര്‍വപദം സംഖ്യാവാചിയായി വരുന്നത്‌ ദ്വിഗു.

ഉദാ: മൂവാണ്ട്‌- മൂന്ന്‌ ആണ്ട്‌

നാന്മറ - നാല്‌ മറ

നാനാഴി - നാല്‌ നാഴി

മുപ്പാര്‌ - മൂന്ന്‌ പാര്‌

12. മധ്യമപദലോപി: ഘടകപദങ്ങളില്‍ മധ്യത്തിലുള്ള അര്‍ഥസിദ്ധമായ പദം ലോപിക്കുന്നത്‌ മധ്യമപദ ലോപി.

ഉദാ: രാത്രിവണ്ടി - രാത്രിയില്‍ ഓടുന്ന വണ്ടി.

മഞ്ഞുതൊപ്പി - മഞ്ഞ്‌ തടയുന്ന തൊപ്പി

മഴക്കോട്ട്‌ - മഴയത്ത്‌ ധരിക്കാനുള്ള കോട്ട്‌

ഉറുമ്പുപൊടി - ഉറുമ്പിനെ കൊല്ലാനുള്ള പൊടി.

13. ദ്വന്ദ്വൻ : ഘടകപദങ്ങൾക്ക്‌ തുല്യപ്രാധാന്യമുള്ളത്‌ ദ്വന്ദ്വൻ.

ഉദാ: ജരാനര - ജരയും നരയും

സുഖദുഃഖങ്ങൾ - സുഖവും ദുഃഖവും

വാഗര്‍ഥങ്ങൾ - വാക്കും അർഥവും

അഞ്ചാറ് - അഞ്ചോ ആറോ

രാമകൃഷ്ണന്മാർ - രാമനും കൃഷ്ണനും

കരചരണങ്ങൾ - കരവും ചരണവും

14. ബഹുവ്രീഹി: ഘടകപദങ്ങൾക്ക്‌ പ്രാധാന്യമില്ലാത്തതും അവ നല്കുന്ന സൂചന കൊണ്ട്‌ മറ്റേതെങ്കിലും പദത്തിന്‌ പ്രാധാന്യം വരുന്നതും ബഹുവ്രീഹി.

ഉദാ: ശാന്തശീലന്‍ - ശാന്തമായ ശീലം ഉള്ളവന്‍

ഭിക്ഷാര്‍ഥി - ഭിക്ഷ അര്‍ഥിക്കുന്നവന്‍

തപോധനന്‍ - തപസ്സാകുന്ന ധനത്തോടു കൂടിയവന്‍

മീന്‍കണ്ണി - മീനിനെപ്പോലുള്ള കണ്ണോടുകൂടിയവൾ

മുഗ്ദ്ധശീല - മുഗ്ദ്ധമായ ശീലത്തോടുകൂടിയവൾ

മധുരമൊഴി - മധുരമായ മൊഴിയുള്ളവൾ

മതിമുഖി - മതിയെപ്പോലെ മുഖമുള്ളവൾ 

15. നിത്യസമാസം: ഘടകപദങ്ങളായി വിഗ്രഹിക്കുവാന്‍ സാധിക്കാത്തത്‌ നിത്യസമാസം.

ഉദാ: ചെമ്പരത്തി

തൂനിലാവ്‌

നന്മുത്ത്‌

പൈന്തേന്‍

16. രൂപക സമാസം: ഘടകപദങ്ങൾ അഭേദാർത്ഥത്തിൽ സമാസിക്കുന്നത് രൂപകസമാസം.

ഉദാ: പാദതാർ - പാദമാകുന്ന താർ

അടിമലർ - അടിയാകുന്ന മലർ

17. നഞ്സമാസം: നിഷേധാർത്ഥമായ 'ന' എന്ന പദത്തോട് സമാസിക്കുന്ന തൽപ്പുരുഷൻ ആണിത്.

അബ്രാഹ്മണർ - ബ്രാഹ്മണനല്ലാത്തവൻ

അനാകർഷകം - ആകർഷകമല്ലാത്തത്

Post a Comment

Previous Post Next Post