പ്രകാരം

പ്രകാരം (വ്യാകരണം)

ക്രിയാധാതു അർഥം പ്രകടമാക്കുന്ന രീതിയാണ് പ്രകാരം. ഒരു ക്രിയ നടക്കുന്ന രീതിയെ അല്ലെങ്കിൽ മാതിരിയെ കാണിക്കുന്നതാണ് പ്രകാരം. പ്രകാരം ആറുവിധമുണ്ട്.


■ നിര്‍ദേശക പ്രകാരം

■ നിയോജക പ്രകാരം

■ വിധായക പ്രകാരം

■ അനുജ്ഞായക പ്രകാരം

■ ആശംസക പ്രകാരം

■ പ്രാര്‍ഥക പ്രകാരം


1. നിര്‍ദേശക പ്രകാരം: ക്രിയാധാതു കേവലമായ അർത്ഥത്തെ കാണിക്കുന്നത്‌ നിര്‍ദേശക പ്രകാരം. ക്രിയയുടെ സ്വാഭാവിക രൂപമാണ്‌ ഇത്‌. (പറയുന്നു, എഴുതുന്നു, വരുന്നു, വായിക്കുന്നു, ഉറങ്ങുന്നു)


ഉദാ: കുട്ടികൾ പുസ്തകം വായിക്കുന്നു.

ദൈവം നമ്മെ രക്ഷിക്കും.

വാല്മീകിയാണ്‌ രാമായണം രചിച്ചത്‌.


2. നിയോജകപ്രകാരം: ക്രിയാധാതു നിയോഗം, ആജ്ഞ, അനുവാദം മുതലായ വിശേഷാര്‍ഥങ്ങൾ കാണിക്കുന്നത്‌ നിയോജകപ്രകാരം.

പ്രത്യയങ്ങൾ - ഊ, അട്ടെ, ഉക, ആലും, ഇൻ (പറയൂ, ഉറങ്ങട്ടെ, വായിക്കുക, വന്നാലും, എഴുതുവിൻ)


ഉദാ: നിങ്ങൾ പുറത്തിറങ്ങി നില്‍ക്കുവിന്‍.

എല്ലാവരും സത്യത്തില്‍ വിശ്വസിക്കുവിന്‍.

ജനങ്ങൾ തിരഞ്ഞെടുത്തവര്‍ ഭരിക്കട്ടെ

അവര്‍ പഠനം തുടരട്ടെ


3. വിധായകപ്രകാരം: ക്രിയാധാതു വിധി, കൃത്യം, ശീലം മുതലായ വിശേഷാര്‍ഥങ്ങൾ കാണിക്കുന്നത്‌ വിധായകപ്രകാരം. പ്രത്യയം - അണം (പറയണം, ഉറങ്ങണം, വായിക്കണം, വരണം, എഴുതണം)


ഉദാ: എല്ലാവരും സത്യം പറയണം.

ഗുരുക്കന്മാരെ ബഹുമാനിക്കണം.

ഊണുകഴിഞ്ഞാല്‍ ഉറങ്ങണം

മാതൃഭാഷയെ സ്‌നേഹിക്കണം


4. അനുജ്ഞായകപ്രകാരം: ക്രിയാധാതു അനുജ്ഞ (സമ്മതം) എന്ന വിശേഷാര്‍ഥത്തില്‍ വരുന്നത്‌ അനുജ്ഞായകപ്രകാരം. പ്രത്യയം - ആം (പറയാം, വരാം, വായിക്കാം, ഉറങ്ങാം, എഴുതാം)


ഉദാ: കണ്ടകാര്യം തുറന്നുപറയാം.

എല്ലാപേര്‍ക്കും ഇരിക്കാം.

നാളെ വീണ്ടും സമ്മേളിക്കാം.

നിങ്ങക്ക്‌ നാട്ടിലേക്കു പോകാം.


5. ആശംസകപ്രകാരം: ക്രിയാധാതു ആശിസ്സ്,‌ ആശംസ തുടങ്ങിയ വിശേഷാര്‍ഥങ്ങളില്‍ വരുന്നത്‌ ആശംസകപ്രകാരം. പ്രത്യയം - അട്ടെ (നന്മ വരട്ടെ, വിപ്ലവം ജയിക്കട്ടെ, മംഗളം ഭവിക്കട്ടെ)


ഉദാ: ഈശ്വരന്‍ നന്മവരുത്തട്ടെ.

താങ്കൾക്ക്‌ മംഗളം ഭവിക്കട്ടെ.

തമ്പുരാന്‍ നീണാൾ വാഴട്ടെ.

പരീക്ഷയില്‍ എല്ലാവരും വിജയിക്കട്ടെ.


6. പ്രാര്‍ഥകപ്രകാരം: ക്രിയാധാതു പ്രാര്‍ഥനയുടെ അര്‍ഥം കാണിക്കുന്നത്‌ പ്രാര്‍ഥകപ്രകാരം. പ്രത്യയം - ഏ (വരേണമേ, ജയിക്കേണമേ, പോകേണമേ)


ഉദാ: ദൈവമേ രക്ഷിക്കണേ.

അമ്മേ ഭിക്ഷതരണേ.

വല്ലതും തരണേ

പരീക്ഷയില്‍ വിജയിക്കണേ.

എന്നെ വീട്ടില്‍നിന്ന്‌ ഇറക്കിവിടരുതേ.

0 Comments