ലതാ മങ്കേഷ്കർ

ലതാ മങ്കേഷ്കർ ജീവചരിത്രം (Lata Mangeshkar in Malayalam)

ഇന്ത്യയുടെ 'ഗാനകോകിലം' എന്ന പേരിൽ അറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഗായികയാണ്. ചലച്ചിത്ര പിന്നണിഗായിക എന്ന നിലയിൽ കൂടുതൽ പ്രസിദ്ധിനേടിയ ഇവർ ഗാനരചയിതാവ്, നടി, നിർമ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയയാണ്. ലോകത്തിൽ ഏറ്റവുമധികം ഗാനങ്ങൾ റിക്കാർഡുചെയ്ത ഗിന്നസ് ബുക്കിൽ പ്രവേശിച്ച ഗായകരിൽ ഒരാളാണ് ലത. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ മിക്ക ഭാഷകളിലും അവർ പാടിയിട്ടുണ്ട്. ലതയുടെ സഹോദരി ആശാ ബോസ്ലെയും പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയാണ്. 13-ാം വയസ്സിൽ തന്നെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുത്ത ലതയ്ക്ക് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ലത സിനിമയിൽ പാടാനെത്തിയത്. 1942ൽ ആദ്യഗാനം റെക്കോർഡ് ചെയ്ത അന്നുമുതൽ ലത ഒരു അദ്ഭുത പ്രതിഭാസമായിരുന്നു. പത്മഭൂഷൺ (1969), ദാദാസാഹേബ് ഫാൽക്കെ അവാർഡ് (1989), മഹാരാഷ്ട്ര ഭൂഷൺ അവാർഡ് (1998), രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്, ഭാരതരത്ന (2001) എന്നിവയടക്കം അസംഖ്യം അവാർഡുകൾ ലതയെ തേടിയെത്തി. 1999  നവംബറിൽ ലതാമങ്കേഷ്‌ക്കറെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്തു. പുതിയ ഗായകരുടെ വളർച്ചയ്ക്കു കളമൊരുക്കാൻ 1992 മുതൽ ലത ഗാനരംഗത്തുനിന്ന് ഭാഗികമായി നിഷ്ക്രമിച്ചിരിക്കുകയാണ്.

ഓർത്തിരിക്കേണ്ട വസ്തുതകൾ

■ 1929 സെപ്റ്റംബർ 28-ന് മധ്യപ്രദേശിലെ ഇൻഡോറിൽ ജനിച്ചു. പിതാവ് ദീനനാഥ് മങ്കേഷ്‌കർ. മാതാവ് സുധാമതി. പ്രശസ്ത ഗായിക ആശഭോസ്‌ലെ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ, ഹൃദയനാഥ് മങ്കേഷ്‌കർ എന്നിവർ സഹോദരങ്ങളാണ്.

■ ലതയുടെ ആദ്യചലച്ചിത്രഗാനം 'കിതി ഹസാൽ' എന്ന മറാത്തി ചിത്രത്തിനു വേണ്ടിയായിരുന്നു (1942-ൽ). പിന്നീട് ചലച്ചിത്രരംഗത്ത് അഭിനയിച്ചു തുടങ്ങി.

■ കവി പ്രദീപ് രചിച്ച് സി.രാമചന്ദ്രൻ സംഗീതം നൽകിയ 'ആയേ മേരെ വദൻ കേ ലോഗോ' ലതയുടെ കണ്ഠത്തിലൂടെ അവിസ്മരണീയ ഗാനമായി പുറത്തുവന്നു.

■ 'നെല്ല്' എന്ന മലയാളചിത്രത്തിൽ വയലാർ രചിച്ച് സലിൽചൗധരി സംഗീതം പകർന്ന 'കദളി ചെങ്കദളി' എന്ന ഗാനം പാടിയത് ലതാമങ്കേഷ്കറാണ്.

■ 1969-ൽ പത്മഭൂഷൺ ലഭിച്ചു.

■ ഏറ്റവുമധികം ഗാനങ്ങൾ പാടി റെക്കോഡ് ചെയ്തതിന്റെ പേരിൽ 1974-ൽ ഗിന്നസ് ബുക്കിൽ സ്ഥാനം നേടി.

■ 2006-ൽ ഫ്രഞ്ച് ഗവൺമെന്റിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഡി ഓണർ ലഭിച്ചു. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതും 2006-ൽ ആണ്.

■ EMI ലണ്ടന്റെ പ്ലാറ്റിനം ഡിസ്ക് നേടുന്ന ആദ്യ ഏഷ്യാക്കാരിയാണ് ലതാമങ്കേഷ്കർ.

■ 2001-ൽ ഭാരതരത്നം ലഭിച്ചു.

■ സംഗീതപ്രതിഭകളെ ആദരിക്കാൻ മധ്യപ്രദേശ് സർക്കാർ 1984-ൽ ലതാമങ്കേഷ്കർ പുരസ്‌കാരം ഏർപ്പെടുത്തി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ് - ലതാ മങ്കേഷ്കർ

2. ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ ഏക വനിത - ലതാ മങ്കേഷ്കർ

3. ലതാ മങ്കേഷ്കറിന് ഭാരതരത്നം ലഭിച്ച വർഷം - 2001

4. ഇന്ത്യയുടെ മെലഡി ക്വീൻ എന്നറിയപ്പെടുന്നത് - ലതാമങ്കേഷ്‌കർ

5. ലതാ മങ്കേഷ്‌കർ പാടിയ മലയാള സിനിമ - നെല്ല്

6. ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ച ഭാരതരത്നം ജേതാവ് - ലതാമങ്കേഷ്‌കർ

7. ഏറ്റവും കൂടുതൽ ചലച്ചിത്രഗാനങ്ങൾ പാടിയ ഗായിക ആര്? - ലതാമങ്കേഷ്‌കർ

8. ആശ ബോൺസ്ലെയുടെയും ലത മങ്കേഷ്കറുടെയും സഹോദരനായ സംഗീത സംവിധായകൻ ആര്? - ഹൃദയനാഥ് മങ്കേഷ്‌കർ

9. ലത മങ്കേഷ്‌കർ ഫിലിം ഫെയർ അവാർഡ് കൈകൊള്ളുവാൻ വിസമ്മതിക്കുന്നത് എന്തുകൊണ്ട്? - പല തവണ നേടിയിട്ടുള്ളതിനാൽ ഇനി മറ്റ് ഗായകർക്ക് അവസരം ലഭിക്കുന്നതിനുവേണ്ടി

10. ലത മങ്കേഷ്‌കർ ഇതുവരെ എത്ര ചലച്ചിത്രഗാനങ്ങൾ പാടിയിട്ടുണ്ട്? - ഏകദേശം 25,000

11. ലത മങ്കേഷ്‌കർ ഡി.ലിറ്ററേച്ചർ ബിരുദം നേടിയിട്ടുള്ളത് ഏത് സർവകലാശാലയിൽ നിന്നാണ് - പൂനെ സർവകലാശാലയിൽ നിന്ന്

12. ലത മങ്കേഷ്‌കർ ആദ്യമായി നിർമ്മിച്ച ഹിന്ദി ചലച്ചിത്രം ഏത്? - ലേക്കിൻ

Post a Comment

Previous Post Next Post