ക്രിയ എന്നാൽ എന്ത്

ക്രിയ എന്നാൽ എന്ത് (Kriya in Malayalam Grammar)

പ്രവൃത്തിയെയോ അവസ്ഥയെയോ കുറിക്കുന്ന ശബ്ദമാണ്‌ ക്രിയ (വ്യാകരണം). ക്രിയയ്ക്ക്‌ കൃതി എന്നും പേരുണ്ട്‌. ക്രിയയുടെ പേരിനെ ക്രിയാനാമമെന്ന്‌ പറയുന്നു. ക്രിയയുടെ പ്രകൃതിയാണ്‌ 'ധാതു'.

1. സകര്‍മകം, അകര്‍മകം 

അര്‍ഥം അനുസരിച്ച്‌ ക്രിയകളെ സകര്‍മകം, അകര്‍മകം എന്നു തിരിക്കാം. അര്‍ഥം (ആകാംക്ഷ) പൂര്‍ത്തിയാകുവാന്‍ കര്‍മം ആവശ്യമായ ക്രിയ സകര്‍മകം. ആരെ? എന്തിനെ? എന്നീ ചോദ്യങ്ങൾക്ക്‌ നേരിട്ട്‌ ഉത്തരം നല്‍കുന്ന ക്രിയ സകര്‍മകമാണ്‌. കര്‍മമില്ലാത്തത്‌ അകര്‍മകം.

സകര്‍മകം - എടുക്കുന്നു, ഉഴുന്നു, ലാളിക്കുന്ന, കാണുന്നു, കഴിക്കുന്നു

അകര്‍മകം - ഒഴുകുന്നു, ഉറങ്ങുന്നു, നടക്കുന്നു, തിളങ്ങുന്നു, ഓടുന്നു, പറന്നു

2. കേവലം, പ്രയോജകം

സ്വഭാവമനുസരിച്ച്‌ ക്രിയകളെ കേവലം, പ്രയോജകം എന്നു തിരിക്കാം. പരപ്രേരണ കൂടാതെ നടക്കുന്ന ക്രിയ കേവലം. പരപ്രേരണയോടെ നടക്കുന്നത്‌ പ്രയോജകം.

കേവലം & പ്രയോജകം

ഉറങ്ങുന്നു - ഉറക്കുന്നു

വായിക്കുന്നു - വായിപ്പിക്കുന്നു

ഉണ്ണുന്നു - ഊട്ടുന്നു

പറയുന്നു - പറയിക്കുന്നു

വീഴുന്നു - വീഴ്ത്തുന്നു

പഠിക്കുന്നു - പഠിപ്പിക്കുന്നു

നടക്കുന്നു - നടത്തുന്നു

എഴുതുന്നു - എഴുതിക്കുന്നു

കേൾക്കുന്നു - കേൾപ്പിക്കുന്നു

മുങ്ങുന്നു - മുക്കുന്നു

വിടുന്നു - വിടുവിക്കുന്നു 

ഒടിയുന്നു - ഒടിക്കുന്നു

ഓടുന്നു - ഓടിക്കുന്നു

3. കാരിതം, അകാരിതം

കേവല ക്രിയകളെ രൂപം അനുസരിച്ച്‌ കാരിതം (Strong Verbs), അകാരിതം (Weak Verbs) എന്നു തിരിക്കാം. കേവല ക്രിയയില്‍ 'ക്കു' എന്ന 'ഇടനില' ഉള്ളത്‌ കാരിതം. ഇല്ലാത്തത്‌ അകാരിതം.

കാരിതം - പറക്കുന്നു, പഠിക്കുന്നു, കേൾക്കുന്നു, നടക്കുന്നു

അകാരിതം - പറയുന്നു, എഴുതുന്നു, പാടുന്നു, ഉറങ്ങുന്നു

4. മുറ്റുവിന, പറ്റുവിന

പ്രാധാന്യം അനുസരിച്ച്‌ ക്രിയകളെ മുറ്റുവിന (Finite Verbs), പറ്റുവിന (Participle) എന്നു തിരിക്കാം. 'വിന' എന്നാല്‍ ക്രിയ എന്നര്‍ഥം. സ്വതന്ത്രമായി നില്‍ക്കുന്ന പൂര്‍ണക്രിയയാണ്‌ മുറ്റുവിന, മറ്റൊരു പദത്തെ ആശ്രയിച്ചുനില്‍ക്കുന്ന അപൂര്‍ണ ക്രിയയാണ്‌ പറ്റുവിന.

മുറ്റുവിന - വരുന്നു, പറഞ്ഞു, ഇരുന്നു, പഠിച്ചു, ഉണ്ടു

പറ്റുവിന - വരുന്ന വണ്ടി, പറഞ്ഞ കാര്യം, ഇരുന്ന സ്ഥലം, പഠിച്ച പാഠം, ഉണ്ട ചോറ്‌

5. പേരെച്ചം, വിനയെച്ചം

അപൂര്‍ണ ക്രിയയെ (പറ്റുവിനയെ) സ്വഭാവം അനുസരിച്ച്‌ പേരെച്ചം, വിനയെച്ചം എന്നു തിരിക്കാം. പേരിനെ (നാമത്തെ) ആശ്രയിച്ചു നില്‍ക്കുന്ന അപൂര്‍ണ ക്രിയ പേരെച്ചം. വിനയെ (ക്രിയയെ) ആശ്രയിച്ചു, നില്‍ക്കുന്ന അപൂര്‍ണ ക്രിയ വിനയെച്ചം.

പേരെച്ചം - ഓടുന്ന വണ്ടി, പറയുന്ന കാര്യം, കണ്ട കാഴ്ച, കാണുന്ന വസ്തു, പോയ യാത്ര, വരുന്ന വണ്ടി, പൊട്ടിയ കലം, വാടിയ പൂവ്‌

വിനയെച്ചം - കരഞ്ഞ്‌ പറഞ്ഞു, പറഞ്ഞ് മനസ്സിലാക്കി, കടിച്ച്‌ തിന്നു, കാണാൻ പോയി, പറഞ്ഞ്‌ കേട്ടു, വന്നാൽ പറയാം, ഉണ്ണാൻ ഇരുന്നു, ഉറങ്ങാന്‍ കിടന്നു

വിനയെച്ചം അഞ്ചുവിധമുണ്ട്‌

1. പൂർണക്രിയയ്ക്കു മുന്‍പ്‌ അപൂര്‍ണക്രിയ നടക്കുന്നത് മുൻ വിനയെച്ചം

ഉദാ: തുറന്ന് വിട്ടു, പിടിച്ച് കെട്ടി

2. പൂർണക്രിയയ്ക്കു ശേഷം അപൂര്‍ണ ക്രിയ നടക്കുന്നത്‌ പിന്‍വിനയെച്ചം

ഉദാ: വരാന്‍ പറഞ്ഞു, തൊഴാന്‍ പോയി

3. പൂര്‍ണക്രിയയും അപൂര്‍ണക്രിയയും ഒന്നിച്ചു നടക്കുന്നത്‌ തന്‍വിനയെച്ചം

ഉദാ: നടന്ന്‌ പഠിച്ചു, കേൾക്കെ പറഞ്ഞു.

4. ക്രിയയുടെ കാലഭേദമില്ലാത്ത ശുദ്ധരൂപം അപൂര്‍ണക്രിയയായി വരുന്നത്‌ നടുവിനയെച്ചം

ഉദാ: പറക വേണം, ചെയ്ക ശരിയല്ല

5. പൂര്‍ണക്രിയയും അപൂര്‍ണക്രിയയും പരസ്പരാപേക്ഷിതമായി നടക്കുന്നത്‌ പാക്ഷിക വിനയെച്ചം.

ഉദാ: കണ്ടാല്‍ പറയാം, പഠിച്ചാല്‍ ജയിക്കാം.

Post a Comment

Previous Post Next Post