ചിഹ്നം (വ്യാകരണം)

ചിഹ്നം (വ്യാകരണം)

വ്യക്തമായ ആശയപ്രകാശനത്തിനും അര്‍ഥഗ്രഹണത്തിനും വാക്യങ്ങളില്‍ ചിഹ്നനം ആവശ്യമാണ്‌. ഭാഷയില്‍ പ്രയോഗത്തിലുള്ള പ്രധാന ചിഹ്നങ്ങളും അവ ചേര്‍ക്കേണ്ട സന്ദര്‍ഭങ്ങളും.


1. പൂര്‍ണവിരാമം (ബിന്ദു) full stop (.)


* വാക്യത്തിന്റെ അവസാനം.

* ചുരുക്കെഴുത്തിന്‌ ഇടയില്‍.

* ഔപചാരിക ചോദ്യത്തിന്റെ അവസാനം.


ഉദാ:-

1) ഇന്ത്യ എന്റെ രാജ്യമാണ്‌.

2) യു.എന്‍.ഒ.

3) ഈ പുസ്തകമൊന്ന്‌ കൊടുക്കാമോ.


2. അല്പവിരാമം (അങ്കുശം) comma (,)


* അംഗവാകൃയത്തിന്റെ അവസാനം.

* ഘടകപദങ്ങൾക്ക്‌ ശേഷം.

* ഒരേജാതി പദങ്ങളെ വേര്‍തിരിച്ചെഴുതുമ്പോൾ.

* സമപ്രാധാന്യമുള്ള പദസമൂഹത്തിന്‌ ഇടയില്‍.

* സംബോധനനയ്ക്ക്‌ ശേഷം.


ഉദാ:-

1) നിങ്ങൾ അവിടെ എത്തിയാല്‍, ആ വിവരം എന്നെ അറിയിക്കണം.

2) വീണപൂവ്‌, കരുണ, ദുരവസ്ഥ എന്നിവ കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങളാണ്‌.

3) സുഹൃത്തേ, സുഖമാണല്ലോ.

4) ഭാരതത്തിന്റെ ആത്മസത്തയുടെ ആവിഷ്കാരമായിരുന്നു, സന്ന്യാസത്തിന്‌ പുതിയ വ്യാഖ്യാനം നൽകിയ സ്വാമി വിവേകാനന്ദന്‍.


3. അര്‍ധവിരാമം (രോധിനി) Semicolon (;)


* മഹാവാക്യത്തിലെ സമപ്രാധാന്യമുള്ള ഉപവാക്യങ്ങളെ വേര്‍തിരിച്ചെഴുതുമ്പോൾ.

* ഒരു ആശയത്തെ തുടര്‍ച്ചയായി പ്രതിപാദിക്കുന്ന വാക്യങ്ങൾക്കിടയില്‍.


ഉദാ:-

* സൂര്യന്‍ ഉദിച്ചു; വെളിച്ചം പരന്നു; പക്ഷികൾ പാടി; പ്രഭാതമായി.

* വരൾച്ച രൂക്ഷമായി; ജലസ്രോതസ്സുകൾ വറ്റിവരണ്ടു.


4. അപൂർണ വിരാമം (ഭിത്തിക) colon (:)


* തുല്യപ്രാധാന്യമുള്ള വാക്യങ്ങൾക്കിടയില്‍.

* ഉത്തരവാക്യം പൂർവവാക്യത്തിന്റെ വിശദീകരണമാകുമ്പോൾ.

* സംഭാഷണം സൂചിപ്പിക്കുന്നതിന്‌ മുമ്പ്‌.


ഉദാ:-

* ഇന്ത്യയിൽ മഹാത്മാഗാന്ധി : അമേരിക്കയിൽ എബ്രഹാം ലിങ്കൺ.

* ഇതിഹാസങ്ങൾ രണ്ടാണ് : രാമായണവും മഹാഭാരതവും.

* ശ്രീനാരായണഗുരു പറഞ്ഞു : 'മദ്യം വിഷമാണ്'.


5. അനുയോഗ ചിഹ്നം (ചോദ്യചിഹ്നം) (കാകു) Question Mark (?)


* ചോദ്യരൂപത്തിലുള്ള വാക്യത്തിന്റെ അവസാനം.

* സംശയമുള്ള വിഷയം പരാമര്‍ശിക്കുമ്പോൾ.


ഉദാ:-

* എവിടെയാണ്‌ താങ്കൾ താമസിക്കുന്നത്?

* മഹാകവി കാളിദാസന്‍ ബി.സി. ഒന്നാം ശതകത്തില്‍ (?) ജീവിച്ചിരുന്നു.


6. വിക്ഷേപിണി: (ആശ്ചര്യചിഹ്നം) ശില Exclamation mark (!)


* ആശ്ചര്യം, ആഹ്ലാദം, വിഷാദം, അധിക്ഷേപം മുതലായ ഭാവങ്ങളുള്ള പദങ്ങാൾക്കുശേഷം.


ഉദാ:-

1. അയ്യോ! എന്നെ കൊല്ലുന്നേ.

2. ഹായ്‌! മനോഹരമായ പുവ്‌.

3. കഷ്ടം! അങ്ങന്നെ സംഭവിച്ചല്ലോ.

4. ഛി! ഇറങ്ങ്‌ പുറത്ത്‌.

6. ഈശ്വരാ! രക്ഷിക്കണേ.


7. ഉദ്ധരണി (Quotation mark) ("")


* കവിവാക്യങ്ങൾ, സംഭാഷണങ്ങൾ എന്നിവ ഉദ്ധരിക്കുമ്പോൾ.

* ശൈലികൾ, പഴഞ്ഞൊല്ലുകൾ, ഗ്രന്ഥനാമങ്ങൾ, സാങ്കേതിക പദങ്ങൾ, പരഭാഷാപദങ്ങൾ എന്നിവ പ്രത്യേകം പരാമര്‍ശിക്കുമ്പോൾ (ഉദ്ധരണി ഒറ്റയായും ഇരട്ടയായും ഉപയോഗിക്കാം.)


ഉദാ:-

1) 'സ്നേഹമാണഖിലസാരമൂഴിയില്‍'

2) സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: “ഉത്തിഷ്ഠത, ജാഗ്രത.”

3) ഇന്ത്യയിലെ 'പൂന്തോട്ട നഗരമാണ്‌ ബാംഗ്ലൂര്‍.


8. വലയം (Bracket) [()]


* ഒരു വാക്യത്തിനുള്ളില്‍ മറ്റൊരു വാക്യമോ വാചകമോ ഉൾപ്പെടുത്താന്‍.

* വാകൃത്തിനിടയില്‍ പ്രത്യേക വിശദീകരണങ്ങൾ ഉൾപ്പെടുത്താന്‍.


ഉദാ:-

1) വീണപൂവ്‌ ആണ്‌ (എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കൃതി) കുമാരനാശാന്റെ മികച്ച ഖണ്ഡകാവ്യം.

2 നീതിതേടി അയാൾ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീംകോടതി) സമീപിച്ചു.


9. ശുംഖല (കുറുവര) Hyphen (-)


* പദ്യത്തില്‍ പദം മുറിച്ചെഴുതുമ്പോൾ.

* പദങ്ങളെ ബന്ധിപ്പിക്കുമ്പോൾ.


ഉദാ:-

1. 'ഗീതയ്ക്കു മാതാവായ ഭൂമിയെ ദൃഡാമിതു-

മാതിരിയൊരു കര്‍മയോഗിയെ പ്രസവിക്കൂ'

2. തിരുവനന്തപുരം-കണ്ണൂര്‍ തീവണ്ടിപ്പാത

3. കേശവീയം-കെ.സി. കേശവപിള്ള


10. രേഖ (നെടുവര) Dash (-)


* സംക്ഷേപിച്ചത്‌ വിവരിക്കുന്നതിനു മുമ്പ്‌

* വിവരിച്ചത്‌ സംക്ഷേപിക്കുന്നതിനു മുമ്പ്‌

* വിചാരഗതി മാറുന്നിടത്ത്‌


ഉദാ:-

1. സര്‍വവും നശിച്ചു-പണം, പ്രതാപം, ആരോഗ്യം.

2. ഭാര്യ, മക്കൾ, ബന്ധുക്കൾ-എല്ലാവരും എന്നെ വെറുത്തു.

3. ഞാൻ അത്രമേൽ സ്നേഹിച്ചിട്ടും-അല്ലെങ്കിൽ എന്തിന് ഇനിയും കഴിഞ്ഞ കാര്യങ്ങളോർക്കുന്നു. 

0 Comments