ചന്ദ്രശേഖർ ആസാദ്

ചന്ദ്രശേഖർ ആസാദ് (Chandrashekhar Azad in Malayalam)

ജനനം: 1906 ജൂലൈ 23

മരണം: 1931 ഫെബ്രുവരി 27


മധ്യപ്രദേശിലെ ഝാബുവ ജില്ലയിൽ ഭവ്‌ര ഗ്രാമത്തിൽ ജനിച്ച ചന്ദ്രശേഖർ വളരെ ചെറുപ്പത്തിൽ തന്നെ സ്വാതന്ത്ര്യ സമരനേതാവായി. അസാമാന്യ ധൈര്യവും സഹനശക്തിയും ഉണ്ടായിരുന്ന അദ്ദേഹത്തെ 'ആസാദ്' എന്ന് വിളിച്ചുപോന്നു. അലഹബാദിലെ ആൽഫ്രഡ്‌ പാർക്കിൽ പോലീസുമായി ആസാദ് ഒറ്റയ്ക്ക് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആസാദിന്റെ രക്തസാക്ഷിത്വത്തിലൂടെ ഉയർത്തെഴുന്നേറ്റു. ആസാദ് രക്തസാക്ഷിത്വം വരിച്ച ആൽഫ്രഡ്‌ പാർക്ക് ഇന്ന് 'ആസാദ് പാർക്ക്' എന്ന പേരിൽ ദേശീയ സ്മാരകമായി സംരക്ഷിക്കുന്നു.


ചന്ദ്രശേഖർ ആസാദ് ജീവചരിത്രം


ഇന്ത്യൻ വിപ്ലവകാരിയും ഭഗത്‌സിങിന്റെ ഉറ്റ സുഹൃത്തായിരുന്ന ചന്ദ്രശേഖർ മധ്യപ്രദേശിലെ ഝാബുവ ജില്ലയിൽ ഭവ്‌ര ഗ്രാമത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വാരണാസിയിൽ എത്തി. സൗജന്യ താമസവും ഭക്ഷണവുമുണ്ടായിരുന്ന സ്കൂളിൽ ചേർന്ന് സംസ്കൃതം പഠിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി. ആ സമയത്താണ് നിസ്സഹരണപ്രസ്ഥാനം രാജ്യമെങ്ങും അലയടിച്ചത്. വാരണാസിയിലെ വിദ്യാർത്ഥികളും സമരത്തിൽ പങ്കെടുത്തപ്പോൾ ചന്ദ്രശേഖർ മുൻപന്തിയിലുണ്ടായിരുന്നു. കേവലം പതിനാലുവയസ്സുള്ളപ്പോൾ അറസ്റ്റുചെയ്യപ്പെട്ട ചന്ദ്രശേഖരോട് കോടതി പേര് ചോദിച്ചപ്പോൾ 'ആസാദ്'(സ്വതന്ത്രൻ) എന്ന് ഉറച്ച സ്വരത്തിൽ മറുപടി പറഞ്ഞു. ഈ ധിക്കാരത്തിന് അന്ന് ആസാദിന് ചൂരൽ കൊണ്ടുള്ള 20 അടി ശിക്ഷയായി ലഭിച്ചു. അതോടെ 'ആസാദ്' എന്ന പേര് ചന്ദ്രശേഖറിന്റെ പേരിനോട് കൂടി ചാർത്തപ്പെട്ടു.


കാശിയിൽ നിന്നും ഒളിച്ചോടിയ ചന്ദ്രശേഖർ വിപ്ലവകാരികളോടൊപ്പം ചേർന്നു. ബ്രിട്ടീഷ്ഭരണം അവസാനിപ്പിക്കാൻ സായുധവിപ്ലവം കൂടിയേതീരൂ എന്ന് ആസാദ് വിശ്വസിച്ചു. 1922ൽ ആസാദ് 'ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ' എന്ന രഹസ്യ സംഘടനയിൽ ചേർന്നു. ഭഗത് സിംഗ്, സുഖദേവ് തുടങ്ങിയവരും ആസാദിനൊപ്പം ഉണ്ടായിരുന്നു. വിപ്ലവത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിന് ഖജനാവുകളും തീവണ്ടികളും കൊള്ളയടിച്ചു. പ്രമുഖരായ പലരേയും പ്രസ്ഥാനത്തിൽ കൊണ്ടുവരാൻ ആസാദിന് കഴിഞ്ഞു. ലാലാലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസറായ സാൻഡേഴ്‌സന്റെ വധം, വൈസ്രോയിയുടെ ട്രെയിൻ ബോംബ് വെച്ചു തകർക്കൽ (1929)-തുടങ്ങി നിരവധി സാഹസിക വിപ്ലവപ്രവർത്തനങ്ങളിൽ ഇദ്ദേഹം ഏർപ്പെട്ടു. നൂറുകണക്കിനാളുകളുടെ പേരിൽ പോലീസ് കേസെടുത്തുവെങ്കിലും ആസാദിനെ മാത്രം പിടികിട്ടിയില്ല. ആസാദ് എന്നപേര് കേൾക്കുന്നത് തന്നെ പോലീസുകാർക്ക് ഭയമായി. ആസാദിനെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവർക്ക് പതിനായിരം രൂപ ഇനാം സർക്കാർ പ്രഖ്യാപിച്ചു.


1931 ഫെബ്രുവരി 27-ന് അലഹബാദിലെ ആൽഫ്രഡ്‌ പാർക്കിൽ വെച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ചന്ദ്രശേഖർ രക്തസാക്ഷിത്വം വരിച്ചു. ആരോ ഒറ്റികൊടുത്തതിന്റെ ഫലമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് കൂടുതൽ ആവേശം പകർന്നു. ആൽഫ്രഡ്‌ പാർക്ക് ഇന്ന് 'ആസാദ് പാർക്ക്' എന്ന പേരിൽ ദേശീയ സ്മാരകമായി സംരക്ഷിക്കപ്പെടുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രഡ്‌ പാർക്കിൽ വെച്ച് പോലീസുകാരുമായി ഏറ്റുമുട്ടി മരിച്ച വിപ്ലവകാരി - ചന്ദ്രശേഖർ ആസാദ്

0 Comments