സുചേതാ കൃപലാനി

സുചേതാ കൃപലാനി ജീവചരിത്രം (Sucheta Kripalani)

ജനനം: 1908 ജൂൺ 25

മരണം: 1974 ഡിസംബർ 01


1908 ജൂൺ 25-ന് പഞ്ചാബിലെ അംബാലയിൽ ജനനം. ബ്രഹ്മസമാജയത്തിലെ ആശയങ്ങളോട് ചേർന്ന് അതിൽ വിശ്വസിച്ചിരുന്ന കുടുംബത്തിലെ അംഗമാണ് സുചേതാ. ഡൽഹി, ഷിംല എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദം ലാഹോറിലെ ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്നും, ബിരുദാന്തര ബിരുദം ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും നേടി. സ്കൂളുകളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. ബനാറസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ അദ്ധ്യാപികയായി.


തന്റെ ബന്ധുവായ ധീരേന്ദ്ര മജുംദാർ സുചേതയെ ആചാര്യ കൃപലാനിയെ (ജെ.ബി.കൃപലാനി) പരിചയപ്പെടുത്തി. തുടർന്ന് ആചാര്യ കൃപലാനി ബനാറസിൽ സ്ഥാപിച്ച ഗാന്ധിയൻ ആശ്രമത്തിന്റെ പ്രവർത്തങ്ങൾക്ക് അവർ നേതൃത്വം നൽകി. പരസ്പരം ഇഷ്ടം തോന്നിയ കൃപലാനിയും സുചേതായും  വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാർ അതിനെ എതിർത്തു. എന്തെന്നാൽ അവർ തമ്മിൽ ഇരുപതോളം വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഗാന്ധിജി ഇടപെട്ട് ഇരുവരുടെയും വിവാഹം 1936-ൽ നടത്തികൊടുത്തു. അവരുടെ വിവാഹം നെഹ്രുവിന്റെ കുടുംബവീടായ ആനന്ദഭവനിൽ വച്ചാണ് നടന്നത്. തുടർന്ന് അലഹബാദിലെ കോൺഗ്രസ് ഓഫീസിൽ അവർ പ്രവർത്തിച്ചുപോന്നു.


1940-ൽ വ്യക്തി സത്യാഗ്രഹത്തിൽ സുചേതാ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പ്രവർത്തിച്ചു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് 1946-ൽ ഉത്തർ പ്രദേശിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 1952-ൽ കർഷക മസ്‌ദൂർ പാർട്ടിയിലെ സ്ഥാനാർത്ഥിയായി വിജയിച്ചു. ലോകസഭയിൽ അംഗമായി. 1959-ൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി. 1962-ൽ ഉത്തർ പ്രദേശിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് സി.ബി ഗുപ്ത മുഖ്യമന്ത്രി പദം രാജിവെച്ചപ്പോൾ സുചേതാ കൃപലാനി 1963 ഒക്ടോബറിൽ ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു അവർ. 1974 ഡിസംബർ 1 ന് അവർ അന്തരിച്ചു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി - സുചേതാ കൃപലാനി (ഉത്തർ പ്രദേശ്)


2. മൈ ടൈംസ് ആരുടെ ആത്മകഥയാണ് - ജെ.ബി.കൃപലാനി


3. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത് - ജെ.ബി.കൃപലാനി

0 Comments