സത്യജിത് റേ

സത്യജിത് റേ (Satyajit Ray)

ജനനം: 1921 മെയ് 2

മരണം: 1992 ഏപ്രിൽ 23


ലോക സിനിമയിൽ ഇന്ത്യയ്ക്ക് ഒരു മേൽവിലാസമുണ്ടാക്കിയ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സത്യജിത് റേ. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ 'പഥേർ പാഞ്ചാലി' ആണ് അദ്ദേഹത്തിന് ഇങ്ങനെയൊരു പേര് ഉണ്ടാക്കിയെടുത്തത്. ന്യൂയോർക്കിലാണ് ആദ്യമായി ഈ ചിത്രം പ്രദർശിപ്പിച്ചത്. ബിരുദ പഠനത്തിനുശേഷം ശാന്തിനികേതനിൽ കഥാപഠനത്തിനു ചേർന്ന റേ പിൽക്കാലത്ത് കൽക്കത്തയിലെ ആദ്യത്തെ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതിൽ പങ്കാളിയായി. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത റേയ്ക്ക് പ്രത്യേക ഓസ്കാർ പുരസ്‌ക്കാരവും, ഭാരതരത്നവും ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.


സത്യജിത് റേ ജീവചരിത്രം


പ്രശസ്ത എഴുത്തുകാരനായിരുന്ന സുകുമാർ റേയുടെ മകനായി 1921 മെയ് 2 ന് സത്യജിത് റേ കൊൽക്കത്തയിൽ ജനിച്ചു. അദ്ദേഹത്തിന്റെ രണ്ടാം വയസ്സിൽ അച്ഛൻ മരിച്ചു. ബാല്ലിഗഞ്ച് സർക്കാർ പള്ളിക്കൂടത്തിൽ എട്ടാം വയസ്സിൽ ചേർന്ന അദ്ദേഹം പഠനത്തിൽ സമർത്ഥനായിരുന്നു. കൊൽക്കത്ത പ്രസിഡൻസി കോളേജിൽ 1936 ൽ ചേർന്ന് സയൻസും ധനതത്വശാസ്ത്രവും പഠിച്ചു. 1939 ൽ ബിരുദം നേടി. സിനിമ, സംഗീതം എന്നിവ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മേഖലകളായിരുന്നു. ശാന്തിനികേതനിൽ ഏകദേശം രണ്ട് വർഷം പഠിച്ചു. ടാഗോറിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് അദ്ദേഹം വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോയത്.


ഒരു പരസ്യകമ്പനിയിൽ ജോലിക്കായി 22-ാം വയസ്സിൽ ചേർന്നു. കുറച്ചു കാലത്തിനുശേഷം അതെ കമ്പനിയിൽ അദ്ദേഹം ഡയറക്ടറായി. കൊൽക്കത്ത ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതിനായി ചിന്താനന്ദദാസ് ഗുപ്തയുമായി ചേർന്നു. തുടർന്ന് സിനിമയെക്കുറിച്ചുള്ള ലേഖനങ്ങൾ ഈ സമയത്ത് എഴുതിയിരുന്നു. അദ്ദേഹം ഒരിക്കൽ വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ 'പഥേർ പാഞ്ചാലി' വായിക്കുകയുണ്ടായി. ഇതിലെ കഥാപാത്രങ്ങൾ റേയുടെ ശ്രദ്ധയാകർഷിച്ചു. പഥേർ പാഞ്ചാലിയുടെ ചലച്ചിത്രവകാശം 6000 രൂപക്ക് വിഭൂതി ഭൂഷണിന്റെ ഭാര്യയിൽ നിന്നും റേ സ്വന്തമാക്കി.


ചലച്ചിത്രാവകാശം സ്വന്തമാക്കിയ അദ്ദേഹം സിനിമ നിർമ്മാതാക്കളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ആരും അതിനു തയ്യാറായില്ല. വായ്പവാങ്ങിയും ഭാര്യയുടെ ആഭരണങ്ങൾ വിറ്റും കുറേ രൂപ കണ്ടെത്തി 4000 അടിയോളം ഷൂട്ട് ചെയ്തു. അത്രയും ഭാഗങ്ങൾ എഡിറ്റ് ചെയ്ത് അന്നത്തെ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബി.സി.റോയിയെ കാണിച്ച് ധനസഹായം ചോദിച്ചു. തുടർന്ന് സർക്കാരിന്റെ റോഡ് ഗതാഗത കോർപറേഷനിൽ നിന്നും 2 ലക്ഷം രൂപ ലഭിച്ചു. ഈ തുകയും കൂടെ ചേർത്ത് അദ്ദേഹം സിനിമ പൂർത്തീകരിച്ചു. ന്യൂയോർക്കിലാണ് ആദ്യമായി ഈ ചിത്രം പ്രദർശിപ്പിച്ചത്. അവിടെനിന്നും ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടി. അതോടെ അദ്ദേഹം ലോകപ്രസിദ്ധനായി. തുടർന്ന് അപരാജിത, റജർ സാഗർ, ദേവി, തീൻകന്യാ, രവീന്ദ്രനാഥ് ടാഗോർ, കാഞ്ചൻജംഗ, അഭിജാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.  


35 ഇന്റർനാഷണൽ അവാർഡുകൾ ലഭിച്ചതിൽ ബെർലിൻ, കാൻ, വെനീസ് എന്നീ അവാർഡുകളും ഉൾപ്പെടുന്നു. ഫ്രഞ്ച് ലീജിയൺ ഓഫ് ഓണർ 1988-ൽ അദ്ദേഹത്തിന് ലഭിച്ചു. ചാപ്ലിൻ, ബെർഗ്മാൻ, സത്യജിത് റേ എന്നിവരെ 1978-ൽ ബെർലിൻ ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി എക്കാലത്തെയും ചലച്ചിത്ര പ്രതിഭകൾ എന്ന നിലയിൽ ആദരിച്ചു.


ഓണറ്റി ഓസ്കാർ അവാർഡ് 1992-ൽ ലഭിച്ചു. സിനിമാക്കാരൻ എന്ന നിലയിൽ ഓക്സ്ഫോഡിൽ നിന്നും ചാപ്ലിന് മാത്രം നൽകിയിട്ടുള്ള ഡോക്ടറേറ്റ് പോലും റേയും സ്വന്തമാക്കി. പത്മ അവാർഡുകൾ, ഭാരതരത്നം എന്നിവ നൽകി രാജ്യം ആദരിച്ചു. ഇവ നാലും നേടുന്ന ആദ്യ വ്യക്തിയും അദ്ദേഹമാണ്. മാഗ്സസെ, ദാദാസാഹിബ് ഫാൽക്കെ അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 1992 ഏപ്രിൽ 23-ന് അദ്ദേഹം കൊൽക്കത്തയിൽ അന്തരിച്ചു.


ഓർത്തിരിക്കേണ്ട വസ്തുതകൾ


■ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക ഓസ്കാർ പുരസ്കാരവും ഭാരതരത്നയും ലഭിച്ച പ്രശസ്ത ചലച്ചിത്രകാരൻ.


■ 1921 മെയ് 2-ന് കൊൽക്കത്തയിൽ ജനിച്ചു. പിതാവ് സുകുമാർ റേ, മാതാവ് സുപ്രഭാ റേ.


■ 1936-ൽ മെട്രിക്കുലേഷൻ ജയിച്ച് പ്രസിഡൻസി കോളേജിൽ ചേർന്നു. 1939-ൽ ഇക്കണോമിക്സ് ബിരുദം നേടി.


■ 1940-ൽ ശാന്തിനികേതനിൽ കലാവിദ്യാർത്ഥി.1942-ൽ ശാന്തിനികേതനിൽ നിന്ന് മടങ്ങി.


■ 1943-ൽ ഒരു ബ്രിട്ടീഷ് പരസ്യ ഏജൻസിയിൽ വിശ്വലൈസർ ആയി. 1948ൽ ബന്ധത്തിൽപ്പെട്ട ഗായികയും അഭിനേത്രിയുമായ ബിജോയദാസിനെ വിവാഹം കഴിച്ചു.


■ 1955 ഓഗസ്റ്റ് 26ന് 'പഥേർ പാഞ്ചാലി' റിലീസ് ചെയ്തു. 1956ലെ കാൻ ചലച്ചിത്രമേളയിൽ ഗ്രാന്റ് പ്രീ അവാർഡ് 'പഥേർ പാഞ്ചാലി' നേടി.


■ വിഭൂതി ഭൂഷൺ ബന്ധോപാധ്യായയാണ് പഥേർ പാഞ്ചാലിയുടെ കഥ എഴുതിയത്.


■ 1956-ൽ അപരാജിതോ, 1959-ൽ അപുർ സൻസാർ (അപുവിന്റെ ലോകം എന്ന പേരിൽ 3 ചിത്രങ്ങൾ - 'Apu Trilogy' എന്നറിയപ്പെടുന്നു) എന്നിവ പുറത്തിറങ്ങി.


■ പരാശ് പഥാർ (1958), ജൽസാഗർ (1958), തീൻ കന്യ (1961), ചാരുലത (1964), ഗണശത്രു (1989), ആഗന്തുക് (1991) എന്നിവ റേയുടെ പ്രശസ്ത ചിത്രങ്ങളിൽപ്പെടുന്നു.


■ 1992-ൽ സമഗ്രസംഭാവനയ്ക്കുള്ള ഓസ്കാർ പുരസ്‌കാരം നേടി. 1992-ൽത്തന്നെ ഭാരതരത്നവും ലഭിച്ചു.


■ 1992 ഏപ്രിൽ 23നാണ് സത്യജിത് റേ അന്തരിച്ചത്. 


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. സത്യജിത്ത് റേ സംവിധാനം ചെയ്ത ആദ്യത്തെ കളർ ചലച്ചിത്രം ഏത്? - കാഞ്ചൻജംഗ


2. അശനി സംഖത് എന്ന ബംഗാളി ചലച്ചിത്രത്തിന്റെ സംവിധായകൻ ആര് - സത്യജിത്ത് റേ


3. സത്യജിത്ത് റേയുടെ മകനായ സംവിധായകൻ ആര്? - സന്ദീപ് റേ


4. സത്യജിത്ത് റേയുടെ ഏത് ചലച്ചിത്രത്തിലാണ് ജയഭാദുരി അഭിനയിച്ചത്? - മഹാനഗർ എന്ന ചലച്ചിത്രത്തിൽ


5. സോണർ കെല്ല എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്? - സത്യജിത്ത് റേ


6. സത്യജിത്ത് റേയുടെ ശതരഞ്ജ് കെ ഖിലാഡി എന്ന ചലച്ചിത്രത്തിൽ സർ. ജോൺ ഔട്ട്റാമിന്റെ വേഷം അഭിനയിച്ചതാര്? - സർ. റിച്ചാർഡ് ആറ്റൻബെറോ


7. ഗണശത്രു എന്ന ബംഗാളി ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്? - സത്യജിത് റായ്


8. കുട്ടികൾക്ക് വേണ്ടിയുള്ള ചലച്ചിത്രത്തിൽ സത്യജിത് റായ് അവതരിപ്പിച്ച ശ്രദ്ധേയമായ കഥാപാത്രം ആര്? - പ്രൊഫസ്സർ ശങ്കൊ


9. നായക് എന്ന ബംഗാളി ചലച്ചിത്രത്തിന്റെ സംവിധായകൻ ആര്? - സത്യജിത് റായ്


10. അപു പരമ്പരയിൽപ്പെട്ട മൂന്ന് ചലച്ചിത്രങ്ങൾ ഏതെല്ലാം? - അപു സൻസാർ, അപരാജിത, പഥേർ പാഞ്ചാലി


11. കൽക്കട്ടയിൽ ബംഗാളി ചലച്ചിത്ര വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് എവിടെയാണ്? - ടോളി ഗംഗിൽ


12. പഥേർ പാഞ്ചാലി എന്ന ചലച്ചിത്രത്തിൽ അപു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആര്? - സുബിർ ബാനർജി


13. 'ദി ഇന്നർ ഐ' എന്ന സത്യജിത്ത് റേയുടെ ജീവചരിത്രം രചിച്ചതാര്? - ആൻഡ്രൂ റോബിൻസൺ


14. 'ഔർ ഫിലിംസ് ദെയർ ഫിലിംസ്' എന്ന ഗ്രന്ഥം രചിച്ചതാര്? - സത്യജിത് റായ്


15. ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ പ്രഥമ വ്യക്തി - സത്യജിത് റായ്


16. പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ, ഭാരതരത്നം എന്നിവനേടിയ ആദ്യ വ്യക്തി - സത്യജിത് റായ്


17. ഭാരതരത്നവും ഓണറ്റി ഓസ്കാറും നേടിയ ആദ്യ വ്യക്തി - സത്യജിത് റായ്


18. സത്യജിത് റേയുടെ ആദ്യ ചിത്രം - പഥേർ പാഞ്ചാലി


19. സത്യജിത് റേയുടെ അവസാന ചിത്രം - അഗാന്തുക്


20. സത്യജിത് റേയുടെ പഥേർ പാഞ്ചാലി, അപരാജിത തുടങ്ങിയ ചിത്രങ്ങളുടെ മൂലകഥ ആരുടേതാണ് - വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ


21. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ - സത്യജിത് റായ്


22. സത്യജിത് റായിയുടെ തീൻ കന്യാ എന്ന സിനിമ ആരുടെ രചനയെ ആധാരമാക്കിയുള്ളതാണ് - രവീന്ദ്രനാഥ് ടാഗോർ

0 Comments