വ്ളാഡിമിർ ലെനിന്‍

വ്ളാഡിമിർ  ലെനിന്‍ ജീവചരിത്രം (Vladimir Lenin)

ജനനം : 1870 ഏപ്രിൽ 22

മരണം : 1924 ജനുവരി 21


റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ ലെനിനാണ് 1917-ലെ ഒക്ടോബർ വിപ്ലവം നയിച്ചത്. 1870 ഏപ്രിൽ 22-ന് സിംബ്രിസ്കിൽ ഒരു അധ്യാപകന്റെ മകനായാണ് ലെനിൻ ജനിച്ചത്. അദ്ദേഹത്തിന്റെ യഥാർത്ഥനാമം വ്ളാഡിമിർ ഇല്ലിച്ച്‌ ഉല്യാനോവ് എന്നായിരുന്നു. മാർക്സിന്റേയും ഏംഗൽസിന്റെയും സിദ്ധാന്തങ്ങൾ പ്രയോഗികമാണെന്ന് തെളിയിച്ചത് അദ്ദേഹമാണ്. ചെറുപ്പം മുതൽ അദ്ദേഹത്തിന് ഭാഷകളിലും സാഹിത്യത്തിലുമായിരുന്നു കൂടുതൽ താല്പര്യം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ സ്വർണ്ണമെഡലും കരസ്ഥമാക്കി. സർവകലാശാല പഠനത്തിനിടക്ക് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. തുടർന്ന് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ട ലെനിൻ 1890-ൽ തിരിച്ചുവന്ന് നിയമ പരീക്ഷയ്ക്ക് ചേർന്നു. ഈ കാലയളവിൽ നാട്ടിൽ എങ്ങും പട്ടിണിയും ദുരിതവുമായിരുന്നു. ലെനിൻ അക്കാലത്താണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ആ കാലത്ത് റഷ്യ ഭരിച്ചിരുന്ന സാർ ചക്രവർത്തിമാരുടെയും മുതലാളിമാരുടെയും ജന്മിമാരുടെയും ഭരണം മാറ്റി സോഷ്യലിസം സ്ഥാപിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് വ്യവസായ നഗരമായ സെന്റ്‌ പീറ്റേഴ്‌സ്ബർഗിൽ തൊഴിലാളികളെ സംഘടിപ്പിച്ചു. പക്ഷെ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു സൈബീരിയയിലേയ്ക്ക് നാടുകടത്തി. 1900-ൽ ജയിൽവാസത്തിനു ശേഷം തിരിച്ചെത്തിയ അദ്ദേഹം സ്വിറ്റ്‌സർലൻഡിൽ പോയി. അവിടെ 'ഇസ്‌ക്ര' എന്ന പത്രം ആരംഭിച്ച് അതിന്റെ കോപ്പികൾ റഷ്യയിലേക്ക് അയച്ചു. തുടർന്ന് ജർമ്മനിയിലും പിന്നെ ഇംഗ്ലണ്ടിലും ചെന്നു. ഇംഗ്ലണ്ടിൽവെച്ചാണ് അദ്ദേഹം വിപ്ലവത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. തുടർന്ന് 1905 ലും, 1906 ലും വിപ്ലവങ്ങൾ നടന്നുവെങ്കിലും, അവയെല്ലാം അടിച്ചമർത്തപ്പെട്ടു. തുടർന്ന് ലെനിൻ ഫിൻലൻഡിലേക്ക് രക്ഷപ്പെട്ടു. 


1912-ൽ സെന്റ്‌ പീറ്റേഴ്‌സ്ബർഗിൽ നിന്നും 'പ്രാവ്ദ' എന്ന ദിനപത്രം അദ്ദേഹത്തിന്റെ പിന്തുണയോടെ ആരംഭിച്ചു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ഒരു വിപ്ലവത്തിലൂടെ അധികാരം കൈയേറാം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന്  റഷ്യയിലെ തൊഴിലാളികളുടെയും, പട്ടാളക്കാരുടെയും, വിദ്യാർത്ഥികളുടെയും, കൃഷിക്കാരുടെയും പിന്തുണ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ബോൾഷെവിക് പാർട്ടിക്കും ലഭിച്ചു. 1917 ഫെബ്രുവരിയിൽ വിപ്ലവം നടന്നപ്പോൾ ലെനിൻ റഷ്യയിലെത്തി. തുടർന്ന് ലെനിനിന്റെ നേതൃത്വത്തിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവം 1917 നവംബർ 7-ന് വിജയിച്ചു. ഈ വിപ്ലവം ഒക്ടോബർ വിപ്ലവം എന്നറിയപ്പെട്ടു. തുടർന്ന് പുതിയ ഭരണം നിലവിൽ വന്നു. 1917 നവംബർ 8-ന് ലെനിൻ സോവിയറ്റ് റഷ്യയുടെ ഭരണാധികാരിയായി മാറി. രാഷ്ട്രീയ പ്രതിയോഗികളെ അമർച്ച ചെയ്യാനായി ലെനിന്റെ ഭരണകാലത്ത് നിലവിൽ വന്ന പോലീസായിരുന്നു ചെക്ക (Cheka). 1921-ൽ ലെനിൻ പുത്തൻ സാമ്പത്തിക നയം അവതരിപ്പിച്ചു. ലെനിന്റെ കീഴിലാണ് 1922 ഡിസംബറിൽ യു.എസ്.എസ്.ആർ നിലവിൽ വന്നത്. 1924 ജനുവരി 21-ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. ലെനിന്റെ പ്രധാന രചനയാണ്‌ 'ഏപ്രിൽ തീസിസ്'.

0 Comments