കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ ജീവചരിത്രം (Kunchan Nambiar)

ജനനം : 1705 മെയ് 5

മരണം : 1770

തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. പാലക്കാട് ജില്ലയിൽ കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്തു ഭവനത്തിൽ ജനിച്ചു. മാർത്താണ്ഡവർമ്മയുടെ കവി സദസ്സിൽ അംഗമായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ജനങ്ങളുടെ അഭിരുചിക്ക് പ്രാധാന്യം നൽകികൊണ്ട് നാടൻ കലാരൂപങ്ങളുടെയും ക്ലാസിക് കഥകളുടേയും ചൈതന്യത്തെ ഒരുമിച്ച് ചേർത്ത് ഒരു കാവ്യ - കലാരൂപം മലയാളത്തിനു നൽകിയ ഒരു ബഹുമുഖ പ്രതിഭയാണ് കുഞ്ചൻനമ്പ്യാർ. എഴുത്തച്ഛനുശേഷം കേരളം കണ്ട ഏറ്റവും വലിയ കവിയായ നമ്പ്യാർ ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നീ ഇനങ്ങളിലായി ധാരാളം സൃഷ്ടികൾ മലയാളത്തിന് നൽകിയിട്ടുണ്ട്.

തുള്ളൽ കവിതകൾ എഴുതുകയും അവയെ അഭിനയരൂപമായി അവതരിപ്പിക്കുകയും ചെയ്ത മലയാളത്തിലെ കവിശ്രേഷ്ഠൻ കൂടിയാണ് കുഞ്ചൻ നമ്പ്യാർ. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം നമ്പ്യാർ കുടമാളൂരുള്ള ചെമ്പകശ്ശേരി രാജകുടുംബവുമായി ബന്ധപ്പെട്ടു. തുടർന്ന് അമ്പലപ്പുഴ ചെന്ന് ദേവ നാരായണരാജാവിന്റെ ആശ്രിതനായിക്കഴിഞ്ഞ് മാത്തൂർപണിക്കരുടെ കീഴിൽ കളരിയഭ്യാസം നടത്തി. പിന്നീട് മറ്റുചില ഗുരുക്കന്മാരുടെ കീഴിൽ ഉപരിപഠനം നിർവ്വഹിച്ചു. മാർത്താണ്ഡവർമ്മ മഹാരാജാവ് ചെമ്പകശ്ശേരിരാജ്യം കീഴടക്കിയപ്പോൾ നമ്പ്യാർ തിരുവനന്തപുരത്തെത്തി. മാർത്താണ്ഡവർമ്മയുടെ കവിസദസ്സിൽ രാമപുരത്തുവാര്യർ, ഉണ്ണായിവാര്യർ എന്നിവരോടൊപ്പം കുഞ്ചൻ നമ്പ്യാരും ഉണ്ടായിരുന്നു. ദളവാ അയ്യപ്പൻ മാർത്താണ്ഡപിള്ളയുടെ കാലശേഷം കുഞ്ചൻനമ്പ്യാർ അമ്പലപ്പുഴക്കു തിരിച്ചുപോയി. തുള്ളൽകല സൃഷ്ടിച്ചതും അതിനെ വ്യവസ്ഥാപനം ചെയ്തു പ്രചരിപ്പിച്ചതും നമ്പ്യാരാണ്. നിരവധി തുള്ളൽ കാവ്യങ്ങൾ രചിച്ച് ജനകീയകവി എന്ന നിലയിൽ നമ്പ്യാർ പ്രശസ്തനായി. ഓട്ടൻ, പറയാൻ, ശീതങ്കൻ എന്നീ മൂന്നുതരം തുള്ളലുകൾക്കുള്ള കൃതികൾ കുഞ്ചൻ നമ്പ്യാർ രചിച്ചിട്ടുണ്ട്. ഇവയിലെ ഇതിവൃത്തങ്ങൾ ഇതിഹാസ പുരാണങ്ങളിൽ നിന്ന് സ്വീകരിച്ചവയാണെങ്കിലും ഭാഷ ജനസാമാന്യത്തിന്റെ സംഭാഷണഭാഷയാണ്. ആക്ഷേപഹാസ്യം അതിന്റെ മാറ്റുകൂട്ടുന്നു. അമ്പലപ്പുഴയിൽ വച്ച് പേപ്പട്ടി കടിച്ചാണത്രേ അദ്ദേഹം മരിച്ചത്.

കുഞ്ചനും തുള്ളലും 

പതിനെട്ടാം നൂറ്റാണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിൽ കൂത്ത് നടക്കുകയായിരുന്നു. കൂത്തിനിടയ്ക്ക് മിഴാവ് കൊട്ടുന്നയാൾ ഉറങ്ങിപ്പോയി. കൂത്തു പറയുന്ന ചാക്യാർ ഇതു കണ്ടു. ചാക്യാർ മിഴാവ് കൊട്ടുന്നയാളെ കണക്കിനു പരിഹസിച്ചു. മിഴാവ് കൊട്ടിയയാൾക്ക് അതുകേട്ട് ദേഷ്യം വന്നു. നാട്ടുകാരുടെ മുമ്പിൽ വച്ച് തന്നെ പരിഹസിച്ച ചാക്യാരോട് പകരം വീട്ടാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം അന്നു തന്നെ ഒരു പുതിയ കലാരൂപമുണ്ടാക്കി. പിറ്റേ ദിവസം പതിവുപോലെ അമ്പലത്തിൽ ചാക്യാർ കൂത്തു തുടങ്ങി. അതേ സമയം മിഴാവ് കൂട്ടുകാരൻ മറ്റൊരു വേദിയിൽ പുതിയ കലാരൂപം അവതരിപ്പിച്ചു. അപ്പോഴോ? കൂത്തുകാണാൻ വന്നവരൊക്കെ പുതിയ കലാരൂപം കാണാൻ പോയി. കൂത്ത് കാണാൻ ആരുമില്ലാതെ ചാക്യാർ ആകെ നാണം കെട്ടു. ചാക്യാരോടു പകരം വീട്ടിയ മിഴാവ് കൊട്ടുകാരൻ ആരെന്ന് പിടി കിട്ടിക്കാണുമല്ലോ? കുഞ്ചൻ നമ്പ്യാർ തന്നെ. അദ്ദേഹം ഉണ്ടാക്കിയ പുതിയ കലാരൂപം തുള്ളലും.

തുള്ളൽ പ്രസ്ഥാനത്തിന്റെ ആരംഭത്തെക്കുറിച്ച് പറഞ്ഞുകേൾക്കാറുള്ള കഥയാണിത്. കഥയിലെ സത്യമെന്തായാലും തുടക്കം മുതലേ തുള്ളൽ സാധാരണക്കാരെ ആകർഷിച്ചിരുന്നുവെന്നതിൽ തർക്കമില്ല. എല്ലാവരും തുള്ളൽ ആസ്വദിക്കണമെന്നായിരുന്നു കുഞ്ചൻ നമ്പ്യാരുടെ ആഗ്രഹം. അതുകൊണ്ട് സാധാരണക്കാരുടെ ലളിതമലയാളത്തിലാണ് കുഞ്ചൻ തുള്ളലുകൾ എഴുതിയത്. ഒപ്പം സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പരിഹസിക്കുകയും ചെയ്തു. രാജാവിനെയും പടയാളികളെയുമൊന്നും പരിഹസിക്കാൻ നമ്പ്യാർ മടിച്ചില്ല. പ്രത്യേകവേഷം ധരിച്ച തുള്ളൽക്കാരൻ താളമേളങ്ങളോടെ തുള്ളൽപ്പാട്ട് പാടി അഭിനയിക്കുകയാണ് ചെയ്യുക.

മൂന്നു തരം തുള്ളലുകൾ ഉണ്ട്: ഓട്ടൻ തുള്ളൽ, ശീതങ്കൻതുള്ളൽ, പറയൻ തുള്ളൽ. പതിഞ്ഞ മട്ടിൽ പാടേണ്ടതാണ് പറയൻ തുള്ളൽ. ശീതങ്കൻതുള്ളലിന് അതിലും വേഗത്തിൽ പാടണം. ഏറ്റവും വേഗത്തിൽ പാടുന്നത് ഓട്ടൻതുള്ളലിനാണ്. ഓരോ തുള്ളലിലും തുള്ളൽക്കാരൻ അണിയുന്ന വേഷത്തിനു വ്യത്യാസമുണ്ട്. കുഞ്ചൻ നമ്പ്യാർ ആദ്യം എഴുതി അഭിനയിച്ച തുള്ളൽ 'കല്യാണസൗഗന്ധികം' ആണ്. അതിനുശേഷം ധാരാളം തുള്ളലുകൾ നമ്പ്യാർ രചിച്ചു. 

പ്രധാന കൃതികൾ

■ കല്യാണസൗഗന്ധികം (തുള്ളൽ)

■ കിരാതം (തുള്ളൽ)

■ ഘോഷയാത്ര (തുള്ളൽ)

■ രാമാനുചരിതം

■ സ്യമന്തകം തുള്ളൽ

■ ബാലിവിജയം

■ ഗണപതിപ്രാതൽ (തുള്ളൽ)

■ ശ്രീകൃഷ്ണചരിതം മണിപ്രവാളം

■ ബകവധം

■ പഞ്ചതന്ത്രം കിളിപ്പാട്ട്

■ നളചരിതം (തുള്ളൽ)

■ കാളിയമർദ്ദനം (തുള്ളൽ)

■ ത്രിപുരദഹനം (തുള്ളൽ)

■ ശിവപുരാണം 

■ ഏകാദശീമാഹാത്മ്യം 

നാമവിശേഷണങ്ങൾ

■ ജനകീയ കവി

■ ഫലിതസമ്രാട്ട്

■ കവിത ചാട്ടവാറക്കിയ കവി

കുഞ്ചൻ നമ്പ്യാർ കവിത വരികൾ

"കാരസ്കരത്തിൻ കുരു പാലിലിട്ടാൽ

കാലാന്തരേ കയ്പു ശമിപ്പതുണ്ടോ" 

"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും

ചോരതന്നെ കൊതുകിന്നു കൗതുകം"

"ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷനുള്ള കാലം"

"കനകംമൂലം കാമിനിമൂലം 

കലഹം പലവിധമുലകിൽ സുലഭം."

"ദീപസ്തംഭം മഹാശ്ചര്യം 

നമ്മക്കും കിട്ടണം പണം"

"മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും 

കല്ലിനുമുണ്ടാമൊരു സൗരഭ്യം"

"ഭടജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ

വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിത്രം വരൂ"

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം - കിള്ളിക്കുറിശ്ശി മംഗലം

2. നളചരിതം കിളിപ്പാട്ട് രചിച്ചത് - കുഞ്ചൻ നമ്പ്യാർ

3. ഓട്ടൻ തുള്ളലിന്റെ ഉപജ്ഞാതാവ് - കുഞ്ചൻ നമ്പ്യാർ

4. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് - കുഞ്ചൻ നമ്പ്യാർ

5. കുഞ്ചൻ നമ്പ്യാർ ഏതു രാജധാനിയിലാണ് കഴിഞ്ഞിരുന്നത് - അമ്പലപ്പുഴ

6. ജനകീയ കവിതയുടെ ശുക്രനക്ഷത്രമെന്ന് നിരൂപകർ വിലയിരുത്തിയ കവി - കുഞ്ചൻ നമ്പ്യാർ

7. നളചരിതം തുള്ളൽ രചിച്ചത് - കുഞ്ചൻ നമ്പ്യാർ

8. കുഞ്ചൻ നമ്പ്യാരുടെ ജന്മദേശം - ലക്കിടി

9. പാലക്കാട് ജില്ലയിലെ തിരുവില്വാമലയ്ക്കു സമീപമുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് ജനിച്ച മലയാള കവി - കുഞ്ചൻ നമ്പ്യാർ

10. അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായിരിക്കുകയും പിൽക്കാലത്ത് മാർത്താണ്ഡവർമയുടെയും ധർമരാജാവിന്റെയും സദസ്യനാകുകയും ചെയ്ത കവി - കുഞ്ചൻ നമ്പ്യാർ

11. ആരുടെ രചനയാണ്‌ കാലനില്ലാത്ത കാലം - കുഞ്ചൻ നമ്പ്യാർ

12. ആരുടെ വസതിയായിരുന്നു കലക്കത്ത് ഭവനം - കുഞ്ചൻ നമ്പ്യാർ

13. "ദീപസ്തംഭം മഹാശ്ചര്യം നമ്മക്കും കിട്ടണം പണം" എന്ന് പാടിയത് - കുഞ്ചൻ നമ്പ്യാർ

14. "കനകംമൂലം കാമിനിമൂലം ............" എന്ന വരികൾ ആരുടേതാണ് - കുഞ്ചൻ നമ്പ്യാർ

15. ചെറുപ്പകാലത്ത് കുഞ്ചൻ നമ്പ്യാർ ഏത് രാജാവിന്റെ ആശ്രിതനായിരുന്നു - അമ്പലപ്പുഴ

16. "ചെറുപ്പകാലങ്ങളിലുള്ളശീലം മറക്കുമോ മാനുഷനുള്ള കാലം" എന്ന് പാടിയത് - കുഞ്ചൻ നമ്പ്യാർ

17. കലക്കത്തു കുഞ്ചൻ നമ്പ്യാർ ചെറുപ്പകാലം ചെലവഴിച്ചതെവിടെയാണ് - അമ്പലപ്പുഴ

18. കല്യാണസൗഗന്ധികം രചിച്ചതാര് - കുഞ്ചൻ നമ്പ്യാർ

19. കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ് ഏത് ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത് - അമ്പലപ്പുഴ

20. ഏത് രാജ്യം മാർത്താണ്ഡവർമ കീഴടിക്കിയപ്പോഴാണ് കുഞ്ചൻ നമ്പ്യാർ, മാർത്താണ്ഡ വർമയുടെ ആശ്രിതനായത് - അമ്പലപ്പുഴ

21. ആദ്യത്തെ തുള്ളൽപ്പാട്ട് - കല്യാണസൗഗന്ധികം

22. പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത് - ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ

23. പേവിഷബാധയേറ്റ് മരിച്ച മലയാള കവി - കുഞ്ചൻ നമ്പ്യാർ

24. മാർത്താണ്ഡവർമ്മയുടെയും ധർമ്മരാജാവിന്റെയും കാലത്ത് ജീവിച്ചിരുന്ന ഒരു പ്രസിദ്ധ കവി - കുഞ്ചൻ നമ്പ്യാർ

25. തുള്ളൽ സാഹിത്യം ആവിർഭവിച്ചപ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു? - മാർത്താണ്ഡവർമ്മ

26. കുഞ്ചൻ നമ്പ്യാർ ജനിച്ചത് എവിടെ - പാലക്കാട്ട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്തുഭവനത്തിൽ

27. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? - കുഞ്ചൻ നമ്പ്യാർ

28. കുഞ്ചൻനമ്പ്യാർ ആദ്യം രചിച്ച തുള്ളൽ കൃതി ഏത്? - കല്യാണസൗഗന്ധികം

29. കുഞ്ചൻനമ്പ്യാർ പ്രചരിപ്പിച്ച മൂന്നുതരം തുള്ളലുകൾ ഏവ? - ഓട്ടൻതുള്ളൽ, ശീതങ്കൻതുള്ളൽ, പറയൻതുള്ളൽ

30. കുഞ്ചൻനമ്പ്യാർ ജീവിച്ചിരുന്ന കാലഘട്ടം? - പതിനെട്ടാം നൂറ്റാണ്ട്

31. കുഞ്ചൻനമ്പ്യാർ രചിച്ചിട്ടുള്ള ഓട്ടൻതുള്ളലുകൾ ഏവ? - സ്യമന്തകം, ഘോഷയാത്ര, കിരാതം, രുഗ്മിണീസ്വയംവരം 

32. കുഞ്ചൻനമ്പ്യാർ രചിച്ചിട്ടുള്ള ശീതങ്കൻതുള്ളലുകൾ ഏവ? - കല്യാണസൗഗന്ധികം, ധ്രുവചരിതം, ഗണപതിപ്രാതൽ

33. കുഞ്ചൻനമ്പ്യാർ രചിച്ചിട്ടുള്ള പറയൻതുള്ളലുകൾ ഏവ? - ത്രിപുരദഹനം, സഭാപ്രവേശം, പാഞ്ചാലീസ്വയംവരം

34. ഓട്ടൻതുള്ളലിൽ എത്രപേരാണ് രംഗത്ത് അഭിനയിക്കുന്നത്? - ഒന്ന്

35. നളചരിതം കിളിപ്പാട്ടിന്റെ കർത്താവ് - കുഞ്ചൻനമ്പ്യാർ

Post a Comment

Previous Post Next Post