കുമാരനാശാൻ

കുമാരനാശാൻ ജീവചരിത്രം (Kumaranasan)

ജനനം : 1873 ഏപ്രിൽ 12 (1048 മേടം 1)

അച്ഛൻ : നാരായണൻ പെരുങ്ങാടി

അമ്മ : കാളിയമ്മ

മരണം : 1924 ജനുവരി 16

1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരത്ത് ചിറയിൻകീഴ്‌ താലൂക്കിൽ കായിക്കര ഗ്രാമത്തിലാണ് കുമാരനാശാൻ ജനിച്ചത്‌.  കുമാരു എന്നായിരുന്നു യഥാർഥ പേര്. കുമാരു ചെറുപ്പത്തിൽ മഹാകുസൃതിയായിരുന്നത്രേ. കണ്ണുതെറ്റിയാൽ അടുത്തുള്ള മാവിലും പ്ലാവിലുമൊക്കെ വലിഞ്ഞുകയറും. പക്ഷേ, അമ്മ കഥകൾ പറയാൻ തുടങ്ങിയാൽ അവൻ അതെല്ലാം അടങ്ങിയിരുന്ന് കേൾക്കും. ഇംഗ്ലീഷ് പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു കുമാരുവിന്. എന്നാൽ, അക്കാലത്ത് ഇംഗ്ലീഷ് പഠനം വലിയ പണച്ചെലവേറിയ കാര്യമായതിനാൽ അതിനു കഴിഞ്ഞില്ല. ചെറുപ്പത്തിൽത്തന്നെ കുമാരു കവിത എഴുതാൻ തുടങ്ങിയിരുന്നു. കുമാരുവിന്റെ കുട്ടികാലത്ത് കേരളത്തിൽ അനേകം അനാചാരങ്ങൾ നിലനിന്നിരുന്നു. ഈഴവസമുദായത്തിൽ ജനിച്ചതുകൊണ്ട് ആ അനാചാരങ്ങളുടെ ദുഷ്‌ഫലങ്ങൾ കുറേയൊക്കെ കുമാരുവും അനുഭവിച്ചു. മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന അവസ്ഥ കുമാരുവിനെ വളരെയധികം ദുഃഖിതനാക്കി. 

ഒരിക്കൽ കുമാരു വീട്ടിൽ പനിയായി കിടക്കുകയായിരുന്നു. ആ സമയത്ത് അവന്റെ പിതാവ് ഒരു യുവയോഗിയെ വീട്ടിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തെ കുമാരുവിന് പരിചയപ്പെടുത്തി. സാക്ഷാൽ ശ്രീനാരായണഗുരുവായിരുന്നു ആ യോഗി. ഗുരുവുമായുള്ള കണ്ടുമുട്ടൽ കുമാരുവിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ശ്രീനാരായണഗുരു കുമാരുവിനെ മദ്രാസിലും കൽക്കട്ടയിലും വിട്ട് പഠിപ്പിച്ചു. സാഹിത്യത്തെപ്പറ്റി ഒരുപാടു കാര്യങ്ങൾ കൽക്കട്ടയിൽവച്ച് കുമാരു മനസിലാക്കി. രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. കൽക്കട്ടയിൽ നിന്ന് തിരിച്ചുവന്ന കുമാരു 1907 ൽ വീണപൂവ് എന്നൊരു കാവ്യം എഴുതി. മലയാള ഭാഷാസാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് ഈ കൃതി. അന്നുവരെ കവിതകൾ പൊതുവേ പുരാണകഥകളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. എന്നാൽ, കൊഴിഞ്ഞു വീണ ഒരു പൂവിന്റെ കഥ പറഞ്ഞ 'വീണപൂവ്' മലയാളസാഹിത്യത്തിൽ പുതിയൊരു പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു; കാല്പനിക (റൊമാന്റിസം) പ്രസ്ഥാനം. വീണപൂവാണ് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ഖണ്ഡകാവ്യം. വീണപൂവിനു ശേഷം അദ്ദേഹം 'നളിനി അഥവാ ഒരു സ്നേഹം', ലീല എന്നീ ഖണ്ഡകാവ്യങ്ങൾ എഴുതി. കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇതിനിടെ തുടങ്ങി. അതോടെ കുമാരു കുമാരനാശാനായി. 

'സ്നേഹഗായകൻ' എന്നറിയപ്പെടുന്ന കുമാരനാശാൻ ബാല്യത്തിൽ തന്നെ സംസ്കൃതവും കാവ്യനാടകങ്ങളും അഭ്യസിച്ച കേരളീയ മഹാകവിയാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആശാൻ 1903-ൽ എസ്.എൻ.ഡി.പി സ്ഥാപിച്ചു. 1904-ൽ യോഗത്തിന്റെ പ്രസിദ്ധീകരണമായ 'വിവേകോദയം' ആശാൻ ആരംഭിച്ചു. അവർണ്ണരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്തു. അദ്ദേഹത്തിന്റെ 'വീണപൂവ്' എന്ന കാവ്യം മലയാള സാഹിത്യത്തിൻറെ പുതുയുഗപിറവിക്ക്‌ കാരണമായി. പാശ്ചാത്യ-പൗരസ്ത്യദർശനങ്ങളുടെ സംയോഗം ഈ കൃതിയിൽ ദർശിക്കാം. നളിനി, ലീല, ചിന്താവിഷ്ടയായ സീത, കരുണ, ദുരവസ്ഥ, ചണ്ഡാലഭിഷുക്കി തുടങ്ങിയ ആശാന്റെ കൃതികളും നവചൈതന്യം പ്രസരിപ്പിക്കുന്നവയാണ്. കുട്ടികൾക്കുവേണ്ടി 'ബാലരാമായണം' രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളിലുടനീളം ഒരു തത്വചിന്തകനായ കവിയേയും കവിയായ തത്വചിന്തകനെയും ദർശിക്കാം. 1920 - ൽ പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1922 - ൽ മദ്രാസ് സർവകലാശാലയിൽ ചേർന്ന യോഗത്തിൽവെച്ച് വെയിൽസ്‌ രാജകുമാരൻ പട്ടും വളയും സമ്മാനിച്ചിരുന്നു. മഹാകാവ്യങ്ങൾ ഒന്നും എഴുതിയിട്ടില്ലാത്ത അദ്ദേഹത്തിന് മഹാകവി എന്ന പദവി നൽകിയത് മദ്രാസ് സർവകലാശാലയാണ്. 1924 ന് കുമാരനാശാൻ പല്ലനയാറ്റിൽ 'റെഡീമർ' ബോട്ട് മറിഞ്ഞു മുങ്ങിമരിച്ചു.

പ്രധാന രചനകൾ

■ വീണപൂവ്

■ നളിനി

■ ലീല

■ ദുരവസ്ഥ

■ പ്രരോദനം

■ ചിന്താവിഷ്ടയായ സീത

■ കരുണ

■ ചണ്ഡാലഭിക്ഷുകി

■ മണിമാല

■ വനമാല

■ പുഷ്പവാടി

■ ഏഴാം ഇന്ദ്രിയം

വിവർത്തനങ്ങൾ

■ ബുദ്ധചരിതം

■ സൗന്ദര്യലഹരി

■ ബാലരാമായണം

നാമവിശേഷണങ്ങൾ

■ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം

■ സ്നേഹഗായകൻ

വിവിധ കൃതികളിലെ കവിമൊഴികൾ 

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ

ഹന്ത! താഴുന്നൂ കഷ്ടം"

"ഒരുവേള പഴക്കമേറിയാൽ

ഇരുളും മെല്ലെ വെളിച്ചമായി വരും"

"ദുഃഖം കാണുന്നു സുഖകാലത്തും മർത്യൻ

ദുഃഖകാലത്തും സുഖം കാണുന്നു."

"സ്ഥിരതയുമില്ലത്തിനിന്ദ്യമേ, നരത്വം"

"അവനി വാഴ്വു കിനാവു കഷ്ടം"

"ഹ! ഇവിടമാണാത്മ വിദ്യാലയം"

"മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ

മാറ്റുമതുകളീ നിങ്ങളെത്താൻ"

"സ്നേഹമാണഖിലസാരമൂഴിയിൽ

സ്നേഹസാരമിഹ സത്യമേകമാം"

"സ്വാതന്ത്ര്യം തന്നെ അമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം"

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ആധുനിക കവിത്രയം - ആശാൻ, ഉള്ളൂർ, വള്ളത്തോൾ

2. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി - കുമാരനാശാൻ

3. സ്വാതന്ത്രഗാഥ രചിച്ചത് - കുമാരനാശാൻ

4. മലബാർകലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി - ദുരവസ്ഥ

5. ആരുടെ ബാല്യകാലനാമമാണ് കുമാരു - കുമാരനാശാൻ

6. ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാര് - സി.കേശവൻ

7. എസ്.എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി - കുമാരനാശാൻ

8. കുമാരനാശാൻ ഏത് വർഷമാണ് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായത് - 1923

9. ബോട്ടപകടത്തിൽ മരിച്ച മലയാള കവി - കുമാരനാശാൻ (ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ)

10. കുമാരനാശാൻ സ്മാരകം എവിടെയാണ് - തോന്നയ്ക്കൽ

11. കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി

12. മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ

13. കുമാരനാശാൻ ജനിച്ച വർഷം - 1873

14. ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രസംഗ്രഹം രചിച്ചത് - കുമാരനാശാൻ 

15. കുമാരനാശാൻ എവിടെവെച്ചാണ് വീണപൂവ് രചിച്ചത് - ജൈനിമേട്

16. ആരുടെ മരണത്തിൽ അനുശോചിച്ചു കൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത് - എ.ആർ.രാജരാജവർമ്മ

17. കുമാരനാശാൻ ബന്ധപ്പെട്ടു പ്രവർത്തിച്ച സംഘടന - എസ്.എൻ.ഡി.പി

18. കുമാരനാശാൻ പത്രാധിപനായിരുന്ന, 1904 -ൽ ആരംഭിച്ച എസ്.എൻ.ഡി.പി യുടെ മുഖപത്രം - വിവേകോദയം

19. ആരെ പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത് - മഹാകവി ടാഗോർ

20. മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയത് - കുമാരനാശാൻ

21. ശങ്കരാചാര്യരുടെ 'സൗന്ദര്യലഹരി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മഹാകവി - കുമാരനാശാൻ

22. ബുദ്ധമത സ്വാധീനത്തിന്റെ ഫലമായി മഹാകവി കുമാരനാശാൻ രചിച്ച കാവ്യങ്ങൾ - ശ്രീബുദ്ധചരിതം, ചണ്ഡാലഭിക്ഷുകി, കരുണ

23. ഇവിടമാണത്യാത്മവിദ്യാലയം എന്ന് പാടിയത് - കുമാരനാശാൻ 

24. ശാരദ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് - കുമാരനാശാൻ 

25. ബാലരാമായണം ആരുടെ കൃതി - കുമാരനാശാൻ 

26. കുമാരനാശാൻ അവസാനം രചിച്ച ഖണ്ഡകാവ്യം - കരുണ

27. മലയാള കവിതയിൽ കാല്പനിക വസന്തത്തിന് തുടക്കംകുറിച്ചുകൊണ്ട് കുമാരനാശാന്റെ "വീണപൂവ്" എന്ന ഖണ്ഡകാവ്യം 'മിതവാദിയിൽ' പ്രസിദ്ധീകരിച്ചതെന്ന് - 1907

28. ധർമ്മപരിപാലനയോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി ആരായിരുന്നു? - കുമാരനാശാൻ

29. വെയിൽസ് രാജകുമാരൻ 1922-ൽ കേരളീയ മഹാകവി എന്ന നിലയിൽ മദിരാശിയിൽ വച്ച് പട്ടും വളയും സമ്മാനിച്ച് ആദരിച്ചത് ആരെ? - കുമാരനാശാൻ

30. 'ഭവാന്റെ ഗുളികചെപ്പേന്തുമേ ശിഷ്യരും' എന്ന് എ.ആർ.രാജരാജവർമ്മയെ കുറിച്ച് പ്രഖ്യാപിച്ച കവി ആര്? - കുമാരനാശാൻ

31. ജീവിതത്തിന്റെ നശ്വരത കുമാരനാശാൻ തന്റെ ഏത് ഖണ്ഡകാവ്യത്തിലൂടെയാണ് ആവിഷ്കരിക്കുന്നത്? - വീണപൂവ്

32. മലബാറിൽ നടന്ന മാപ്പിളലഹളയെ ആസ്പദമാക്കി ആശാൻ രചിച്ച കാവ്യം ഏത്? - ദുരവസ്ഥ

33. 'വിനയാർന്ന സുഖം കൊതിക്കുകില്ലിനിമേൽ ഞാനസുഖം വരിക്കുവാൻ' - ആശാന്റെ ഏത് നായികയാണ് ഇങ്ങനെ വിലപിക്കുന്നത്? - സീത

34. 'സ്നേഹഗായകൻ' എന്ന് വിശേഷിപ്പിക്കുന്നത് ആരെ? - കുമാരനാശാനെ

35. കുമാരനാശാന്റെ കരുണ കുചേല വൃത്തത്തിന്റെ അനുകരണമാണെന്ന് വാദിച്ച വിവാദം സൃഷ്ടിച്ച സാഹിത്യ നിരൂപകൻ ആര്? - പി.കെ.നാരായണപ്പിള്ള

36. കുമാരനാശാന്റെ കൃതികളിൽ ഏതിനാണ് ആട്ടക്കഥയുടെ ആഹാര്യാഡംബരം നൽകിയിരിക്കുന്നത്? - കരുണ

37. 'ശ്രീനാരായണ ഗുരു' എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ കർത്താവ് ആര്? - കുമാരനാശാൻ

Post a Comment

Previous Post Next Post