കമ്പ്യൂട്ടർ ഹാർഡ്‌ വെയർ

 കമ്പ്യൂട്ടർ ഹാർഡ്‌ വെയർ

■ ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ നമുക്ക്‌ കാണാനും സ്പര്‍ശിക്കാനും സാധിക്കുന്ന എല്ലാ ഭാഗങ്ങളെയും ഹാർഡ്‌ വെയർ എന്നു പറയുന്നു.


■ ഒരു സാധാരണ കമ്പ്യൂട്ടറില്‍ ഒറ്റ നോട്ടത്തില്‍ കാണാന്‍ സാധിക്കുന്ന ഹാർഡ്‌വെയറുകളാണ്‌ കമ്പ്യൂട്ടര്‍ കെയ്‌സ്‌, മോണിറ്റര്‍, കീബോര്‍ഡ്‌, മൗസ്‌, സ്പീക്കര്‍ എന്നിവ.


മദര്‍ബോര്‍ഡ്‌


■ കമ്പ്യൂട്ടറിലെ പ്രധാനപ്പെട്ട സര്‍ക്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്ന ബോര്‍ഡാണ്‌ മദര്‍ ബോര്‍ഡ്‌. സിസ്റ്റം ബോര്‍ഡ്‌ എന്നും ഇതറിയപ്പെടുന്നു.


■ കമ്പ്യൂട്ടറിനകത്തെ എല്ലാ ഇലക്ട്രോണിക്‌ ഉപകരണങ്ങളും പ്ലഗ്‌ ചെയ്യുന്നത്‌ മദര്‍ബോര്‍ഡിലാണ്‌. ഇതിനായി പോര്‍ട്ടുകളും കണക്ടറുകളും സ്ലോട്ടുകളും മദര്‍ബോര്‍ഡില്‍ ഉൾപ്പെടുത്തിയിട്ടുണ്ടാകും.


■ പ്രിന്‍റര്‍, സ്കാനര്‍, മൗസ്‌, കീബോര്‍ഡ്‌, മോണിറ്റര്‍ തുടങ്ങിയ ബാഹ്യോപകരണങ്ങൾ കമ്പ്യൂട്ടറുമായി കണക്ട്‌ ചെയ്യുന്നതിന്‌ മദര്‍ബോര്‍ഡില്‍ ഒരുക്കിയിരിക്കുന്ന സംവിധാനമാണ്‌ പോര്‍ട്ടുകൾ.


പ്രോസസര്‍


■ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന മൈക്രോപ്രോസസറിനെ സെന്‍ട്രല്‍ പ്രോസസിങ്‌ യൂണിറ്റ്‌ (CPU) എന്നും വിളിക്കുന്നു.


■ കമ്പ്യൂട്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ചിപ്പാണ്‌ പ്രോസസര്‍. നിര്‍ദേശങ്ങൾ പ്രവര്‍ത്തിപ്പിക്കുക, ഗണിതക്രിയകൾ നടത്തുക, വിവരങ്ങളെ ക്രോഡീകരിക്കുകയും ക്രമീകരിക്കുകയും ചെയ്യുക തുടങ്ങി കമ്പ്യൂട്ടറിനെ സംബന്ധിച്ച പ്രധാനപ്പെട്ട ജോലികളെല്ലാം പൂര്‍ത്തിയാക്കുന്നത്‌ പ്രോസസര്‍ ആണ്‌.


■ ഇത്രയും പ്രധാനപ്പെട്ട സംഗതികൾ കൈകാര്യം ചെയ്യുന്നതിനാല്‍ പ്രോസസറിനെ “കമ്പ്യൂട്ടറിന്റെ തലച്ചോറ്"‌ എന്നും വിശേഷിപ്പിക്കാറുണ്ട്‌.


■ ആധുനിക കമ്പ്യൂട്ടറുകളില്‍ പ്രോസസറിനെ പ്രധാനമായും രണ്ട്‌ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു - അരിത്മെറ്റിക്‌  ആന്‍ഡ്‌ ലോജിക്ക്‌ യൂണിറ്റ്‌ (ALU), ഓപ്പറേഷണല്‍ കണ്‍ട്രോൾ യൂണിറ്റ്‌ (OCU) എന്നിവ.


■ സി.പി.യുവിലെ അരിത്മെറ്റിക്‌ ആന്‍ഡ്‌ ലോജിക്ക്‌ യൂണിറ്റിന്റെ സഹായത്തോടെയാണ്‌ കമ്പ്യൂട്ടറിന്‌ ഗണിതസംബന്ധിയായ ക്രിയകൾ ചെയ്യാന്‍ സാധിക്കുന്നത്‌.


മെമ്മറി


■ കമ്പ്യൂട്ടറിന്റെ ഓര്‍മശക്തിയാണ്‌ മെമ്മറി കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അതായത്‌ ഇന്‍പുട്ട്‌ ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങൾ ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാന്‍ (സംഭരിക്കാന്‍) സഹായിക്കുന്ന സംവിധാനത്തെ മെമ്മറി എന്നു പറയുന്നു.


■ കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം പ്രധാനമായും രണ്ട്‌ തരം മെമ്മറിയാണുള്ളത്‌ - റീഡ്‌ ഓണ്‍ലി മെമ്മറിയും (ROM) റാന്‍ഡം ആക്സസ് മെമ്മറിയും (RAM).


■ കമ്പ്യൂട്ടറില്‍ സ്ഥിരമായിരിക്കുന്നതും മാറ്റം വരുത്താന്‍ സാധിക്കാത്തതുമായ മെമ്മറിയാണ്‌ റീഡ്‌ ഓണ്‍ലി മെമ്മറി (ROM).


■ ഓരോ തവണയും സ്വിച്ച് ഓൺ ചെയ്യുമ്പോൾ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമാകുന്നത്‌ റോമില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന നിര്‍ദേശങ്ങളുടെ സഹായത്താലാണ്‌.


■ കമ്പ്യൂട്ടറിന്റെ മെമ്മറി എന്ന്‌ പൊതുവെ പരാമര്‍ശിച്ചുപോരുന്ന ഒന്നാണ്‌ റാന്‍ഡം ആക്സസ് മെമ്മറി (RAM). ഇതൊരു താത്കാലിക മെമ്മറിയാണ്‌. ഇന്‍പുട്ട്‌ ഉപകരണങ്ങൾ വഴി കമ്പ്യൂട്ടറിലെത്തുന്ന വിവരങ്ങൾ താത്കാലികമായി സൂക്ഷിച്ചു വെക്കുന്ന മെമ്മറി.


■ മെമ്മറി സാധാരണഗതിയില്‍ മെഗാബൈറ്റിലോ (MB) ജിഗാബൈറ്റിലോ (GB) കണക്കാക്കുന്നു. ഉദാഹരണം 1024 MB RAM.


ഹാര്‍ഡ്‌ ഡിസ്ക്


■ കമ്പ്യൂട്ടറില്‍ വിവരങ്ങൾ സ്ഥിരമായി ശേഖരിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക സംഭരണോപകരണമാണ്‌ ഹാര്‍ഡ്‌ ഡിസ്ക്. കമ്പ്യൂട്ടര്‍ കെയ്സിനകത്ത്‌ ആണ്‌ സാധാരണ ഗതിയില്‍ ഹാര്‍ഡ്‌ ഡിസ്കുകൾ സ്ഥാപിക്കുന്നത്‌.


■ ഹാര്‍ഡ്‌ ഡിസ്കുകളുടെ സംഭരണശേഷി അളക്കുന്ന യൂണിറ്റ്‌ മെഗാ ബൈറ്റ്‌ (MB), ജിഗാ ബൈറ്റ്‌ (GB) എന്നിവയാണ്‌. 


■ ഹാര്‍ഡ്‌ ഡിസ്കിന്റെ വേഗം അളക്കുന്നത്‌ റെവൊല്യൂഷൻസ്‌ പെര്‍ മിനുട്ട്‌ (RPM) എന്ന മാനകം അടിസ്ഥാനമാക്കിയാണ്‌. ഹാര്‍ഡ്‌ ഡ്രൈവിനകത്ത്‌ കിടന്ന്‌ ഡിസ്ക് എത്ര തവണ കറങ്ങുന്നു എന്നതിനെയാണ്‌ RPM എന്നു പറയുന്നത്‌.


ഫ്‌ളോപ്പി ഡിസ്ക്


■ ഒരു കമ്പ്യൂട്ടറില്‍ നിന്ന്‌ മറ്റൊരു കമ്പ്യൂട്ടറിലേക്ക്‌ ഡാറ്റ എളുപ്പത്തില്‍ കൈമാറ്റം ചെയ്യാനുള്ള സംഭരണോപകരണമാണ്‌ ഫ്‌ളോപ്പി ഡിസ്ക്.


■ ഫ്‌ളോപ്പി ഡിസ്‌കിൽ നിന്നും വിവരം ശേഖരിക്കാനും അവയിലേക്ക്‌ പുതിയ വിവരങ്ങൾ റെക്കോഡ്‌ ചെയ്യാനും വേണ്ടി കമ്പ്യൂട്ടറില്‍ കണക്ട്‌ ചെയ്തിട്ടുള്ള ഉപകരണമാണ്‌ ഫ്‌ളോപ്പി ഡ്രൈവ്‌.


■ ഇപ്പോൾ ഫ്‌ളോപ്പി ഡിസ്കുകൾ അത്ര വ്യാപകമായി ഉപയോഗിക്കുന്നില്ല. എങ്കിലും ആധുനിക കമ്പ്യൂട്ടറുകളില്‍ ഇപ്പോഴും ഫ്‌ളോപ്പി ഡ്രൈവുകൾ ഉണ്ട്. 3 ½ ഇഞ്ച് ഫ്‌ളോപ്പി ഡ്രൈവും ഡിസ്‌കും ആണ്‌ ഇപ്പോൾ കൂടുതല്‍ പ്രചാരത്തിലുള്ളത്‌. ഇതില്‍ 1.44 MB ഡാറ്റാ സ്റ്റോര്‍ ചെയ്യാം.


ഒപ്റ്റിക്കല്‍ ഡിസ്കുകൾ


■ കോംപാക്ട് ഡിസ്ക്‌ (CD), ഡിജിറ്റല്‍ വെര്‍സറ്റൈല്‍ ഡിസ്ക്‌ (DVD), ബ്ലൂ-റേ ഡിസ്ക്‌, ഹൈ ഡെഫനിഷന്‍ ഡിജിറ്റല്‍ വെര്‍സററ്റൈല്‍ ഡിസ്ക്‌ (HD DVD) എന്നിവയാണ്‌ ഇന്ന്‌ പ്രചാരത്തിലുള്ള ഒപ്റ്റിക്കല്‍ ഡിസ്ക്കുകൾ.


■ സി.ഡിയില്‍ 650 മുതല്‍ 750 എം.ബി. വരെ ഡാറ്റാ സംഭരിക്കാം.


■ സി.ഡികൾ പല തരമുണ്ട്‌ - CD ROM, CD-R, CD-RW എന്നിവ.


■ കമ്പ്യൂട്ടറിന്‌ ഡാറ്റ റീഡ്‌ ചെയ്യാന്‍ മാത്രം സാധിക്കുന്ന സി.ഡികളാണ്‌ കോംപാക്ട്‌ ഡിസ്ക്‌-റീഡ്‌ ഓണ്‍ലി മെമ്മറി അഥവാ സി.ഡി റോം (CD ROM). ആദ്യകാല സി.ഡികളെല്ലാം സിഡി റോമുകളായിരുന്നു.


■ ഒരു സാധാരണ ഡി.വി.ഡിക്ക്‌ ഏറ്റവും കുറഞ്ഞത്‌ 4.7 GB ഡാറ്റയെങ്കിലും സ്റ്റോര്‍ ചെയ്യാന്‍ സാധിക്കും.


■ ഹൈ-ഡെഫനിഷന്‍ വീഡിയോ ഉൾപ്പെടെയുള്ള ഡിജിറ്റല്‍ മീഡിയ സംഭരിക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന സംഭരണശേഷിയുള്ള ഡിസ്കുകളാണ്‌ ബ്ലു-റേ ഡിസ്കുകൾ.


■ സിംഗിൾ ലെയര്‍, ബ്ലൂ-റേ ഡിസ്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ സംഭരണശേഷി 7.8 GB ആണ്‌.


കീബോര്‍ഡ്‌


■ കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇന്‍പുട്ട്‌ ഉപകരണമാണ്‌ കീബോര്‍ഡ്‌. ടൈപ്പ്‌റൈറ്ററിന്റെ ഘടനയുള്ള ഈ ഉപകരണം ഉപയോഗിച്ച്‌ കമ്പ്യൂട്ടറിലേക്ക്‌ വിവരങ്ങൾ ടൈപ്പ്‌ ചെയ്ത്‌ കയറ്റാനും കമാന്‍ഡുകൾ നല്‍കാനും സാധിക്കുന്നു.


■ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ സാധാരണ ടൈപ്പ്‌റൈറ്റർ കീകൾക്ക്‌ പുറമെ Ctrl, Alt, Windows, Esc, Enter, Home, End, PageUp, PageDown, Backspace, Delete, Tab, Insert, PrtScr, Scroll Lock, Pause എന്നീ കീകളും 12 ഫങ്ഷന്‍ കീകളും ന്യൂമറിക്‌ പാഡും നാല് കര്‍സര്‍ കീകളും കാണാന്‍ സാധിക്കും.


മൗസ്‌


■ മോണിറ്ററില്‍ കാണുന്ന വിവിധ ഐറ്റങ്ങൾ സെലക്ട്‌ ചെയ്യാനും ചലിപ്പിക്കാനും സഹായിക്കുന്ന പോയിന്‍റിങ്‌ ഉപകരണമാണ്‌ മൗസ്. ചിത്രങ്ങൾ വരയ്ക്കാനും മൗസ് ഉപയോഗിക്കാം.


■ മൗസും ഒരു ഇന്‍പുട്ട്‌ ഉപകരണമാണ്‌.


■ മൗസിന്റെ ഇടതുബട്ടണ്‍ ക്ലിക്ക്‌ ചെയ്താല്‍ ഐറ്റങ്ങൾ സെലക്ട്‌ ചെയ്യാം.


■ മൗസിന്റെ വലതുബട്ടണ്‍ അമര്‍ത്തുന്നതിനെ റൈറ്റ് ക്ലിക്ക്‌ എന്നു പറയുന്നു. ഷോര്‍ട്ട്കട്ട്‌ കമാൻഡുകൾ  പ്രത്യക്ഷപ്പെടുന്നതിനാണ്‌ സാധാരണഗതിയില്‍ റൈറ്റ്‌ ക്ലിക്ക്‌ ചെയ്യുന്നത്‌. ഇത്‌ ഓരോ പ്രോഗ്രാമിനനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും.


മോഡം


■ ടെലിഫോണ്‍ ലൈനുകളില്‍ക്കൂടി കമ്പ്യൂട്ടറുകൾക്ക്‌ വിവരങ്ങൾ കൈമാറാന്‍ സഹായിക്കുന്ന ഉപകരണമാണ്‌ മോഡം അഥവാ മോഡുലേറ്റര്‍ ഡീമോഡുലേറ്റര്‍.


■ മോഡുലേറ്റര്‍ ഡീമോഡുലേറ്റര്‍ (Modulator Demodulator) എന്നതിന്റെ ചുരുക്കപ്പേരാണ്‌ മോഡം (Modem).


■ കമ്പ്യൂട്ടറിലെ വിവരങ്ങൾ ടെലിഫോണ്‍ ലൈനില്‍ക്കൂടി അയയ്ക്കാന്‍ പാകത്തില്‍ മോഡുലേറ്റ്‌ ചെയ്യാനും ടെലിഫോണ്‍ ലൈനില്‍നിന്ന്‌ ലഭിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടറിന്‌ മനസ്സിലാക്കുന്ന തരത്തിലേക്ക്‌ ഡീമോഡുലേറ്റ്‌ ചെയ്യാനും മോഡത്തിന്‌ സാധിക്കും.


■ മോഡത്തിന്റെ സഹായത്താല്‍ ടെലിഫോണ്‍ കോളുകൾ ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും സാധിക്കും. ഇന്‍റര്‍നെറ്റ്‌ ടെലിഫോണി എന്ന സംവിധാനത്തിന്‌ തുടക്കമിട്ടത്‌ മോഡത്തിന്റെ ഈ സവിശേഷതയാണ്‌.


■ നഗരങ്ങളില്‍ ടെലിഫോണ്‍ കമ്പനികൾ നല്കുന്ന ഡിജിറ്റല്‍ ഫോണ്‍ലൈന്‍ സര്‍വീസാണ്‌ ഇന്‍റഗ്രേറ്റഡ്‌ സര്‍വീസസ്‌ ഡിജിറ്റല്‍ നെറ്റ്‌വർക്ക് (ISDN). ഇതുവഴി നല്‍കുന്ന ഇന്‍റര്‍നെറ്റ്‌ കണക്ഷനുപയോഗിക്കുന്ന മോഡമാണ്‌ ഐ.എസ്.ഡി.എന്‍. മോഡം.

0 Comments