സിന്ധു നദീതട സംസ്കാരം

സിന്ധു നദീതട സംസ്കാരം (Indus Valley Civilization in Malayalam BC 3000-1500)
ഇന്ന്‌ ലോകത്തിലെ വൻശക്തികളിലൊന്നാണ്‌ നമ്മുടെ രാജ്യമായ ഭാരതം. ആധുനികലോകത്തു മാത്രമല്ല, പ്രാചീനലോകത്തും നമ്മുടെ രാജ്യം സംസ്കാരത്തിന്റെ പ്രതീകമായിരുന്നു. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, തുടര്‍ച്ചയായി നിലനിന്നുപോരുന്ന ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ സംസ്കാരകേന്ദ്രമാണ്‌ ഭാരതം. ഇന്നത്തെ പരിഷ്കൃതരാജ്യങ്ങളില്‍ പലതിലും മനുഷ്യവാസം തുടങ്ങുന്നതിനുമുമ്പ്‌ മഹത്തായ ഒരു സംസ്‌കാരം ഭാരതത്തിലുണ്ടായിരുന്നു. ഏതാണ്ട്‌ 5,000 വർഷം മുമ്പ്‌ രൂപംകൊണ്ട ആ സംസ്കാരമാണ്‌ സിന്ധുനദിതടസംസ്കാരം. ഹിമാലയത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്ന നദിയാണ്‌ സിന്ധു. ഗ്രീക്കുകാര്‍ ഇതിനെ “ഇൻഡസ്" എന്നു വിളിച്ചു. സിന്ധുവിന്റെയും അതിന്റെ കൈവഴിയായ രവി നദിയുടെയും കരയിലുള്ള രണ്ട് പ്രദേശങ്ങളാണ് മോഹൻജൊദാരോയും ഹാരപ്പയും. ഇവിടെ നിന്നാണ് പുരാതന ഇന്ത്യൻ സംസ്കാരത്തിന്റെ തെളിവുകൾ ലഭിച്ചത്. ആധുനികമനുഷ്യനെപ്പോലും അമ്പരപ്പിക്കുന്ന സൗകര്യങ്ങളായിരുന്നു അക്കാലത്ത്‌ അവിടെയുണ്ടായിരുന്നത്‌. വിശാലമായ റോഡുകള്‍, ധാന്യപ്പുരകള്‍, പൊതുകിണര്‍, കുളിപ്പുരകള്‍, ചുട്ട ഇഷ്ടിക കൊണ്ടുള്ള മൂന്നുനില വരെയുള്ള വീടുകള്‍, അഴുക്കുചാലുകള്‍, കൃത്യമായ അകലത്തില്‍ വിളക്കുകാലുകള്‍, മനോഹരമായ പൂന്തോട്ടങ്ങള്‍ തുടങ്ങിയവ അവർക്കുണ്ടായിരുന്നു. ഗോതമ്പ്‌, ബാർലി, പരുത്തി എന്നിവയൊക്കെ കൃഷി ചെയ്തിരുന്ന സിന്ധു നാഗരികക്ക്‌ വിദേശരാജ്യങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്നു. ചെമ്പ്‌, ഓട്‌, കളിമണ്ണ്‌ എന്നിവയില്‍ പാത്രങ്ങളുണ്ടാക്കാനും വസ്ത്രങ്ങള്‍ നെയ്യാനും അവര്‍ സമർത്ഥരായിരുന്നു. അറുനൂറിലേറെ വർഷം നിലനിന്ന സിന്ധുനദീതടസംസ്കാരം ബി.സി.2000-നും 175-നുമിടയില്‍ അസ്തമിച്ചതായി കരുതുന്നു.
സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നവരാണ്‌ മോഹൻജൊദാരോയിലെ ജനങ്ങള്‍. സ്ത്രീകളെപ്പോലെ പുരുഷന്മാരും ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ആനക്കൊമ്പ്‌, സ്വർണം, വെള്ളി, രത്നം തുടങ്ങിയവ അവര്‍ ആഭരണനിര്‍മാണത്തിനായി ഉപയോഗിച്ചു. കൺമഷിയും സുഗന്ധവസ്തുക്കളുമൊക്കെ ഉപയോഗിക്കുന്നവരായിരുന്നു അന്നത്തെ സ്ത്രീകള്‍. പുരുഷന്മാര്‍ മുടിനീട്ടി വളർത്തിയിരുന്നു. ആനക്കൊമ്പു കൊണ്ടുള്ള ചീപ്‌, കണ്ണാടി തുടങ്ങിയവ അവര്‍ ഉപയോഗിച്ചിരുന്നത്രേ. അക്ഷരങ്ങളും എഴുത്തുവിദ്യയും അറിയാവുന്നവരായിരുന്നു ഈ കാലഘട്ടത്തിലെ ജനങ്ങള്‍. അക്ഷരമാലയില്‍ ചിത്രങ്ങളും ചിഹ്നങ്ങളും ഉണ്ടായിരുന്നു. 200-ലധികം ലിപികളുള്ളതായിരുന്നു ഈ അക്ഷരമാല! ചിത്രങ്ങളാകട്ടെ, നാനൂറോളം വരും. ഇത്‌ സംസ്കൃതത്തിന്റെ ആദ്യരൂപമാണെന്നും അതല്ല, ദ്രാവിഡഭാഷയുടെ പഴയ രൂപമാണെന്നും അഭിപ്രായമുണ്ട്. ഇടത്തുനിന്ന് വലത്തോട്ടും വലത്തുനിന്ന് ഇടത്തോട്ടും എഴുതുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു. മോഹൻജൊദാരോ കാലഘട്ടത്തിലെ ജനങ്ങൾ പ്രതിമാനിര്‍മാണത്തിലും വിദഗ്ധരായിരുന്നു. ഇവര്‍ നിര്‍മിച്ച മനുഷ്യ പ്രതിമകളില്‍ അധികവും സ്ത്രീകളുടേതായിരുന്നു. നൃത്തം ചെയ്യുന്ന പെൺകുട്ടി, മുടി നീട്ടിവളർത്തിയ പുരുഷന്‍ എന്നിങ്ങനെ പലതരത്തിലുള്ള പ്രതിമകള്‍ സിന്ധുനദീതടത്തില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കളിമണ്ണും ചുണ്ണാമ്പുകല്ലും വെണ്ണക്കല്ലുമൊക്കെയായിരുന്നു പ്രതിമകള്‍ നിർമിക്കാന്‍ ഉപയോഗിച്ചിരുന്നത്‌. കാള, കുരങ്ങ്‌, ആട്‌, നായ തുടങ്ങിയവയുടെയൊക്കെ രൂപങ്ങള്‍ ഇവര്‍ നിർമിച്ചു. കല്ലിലും ലോഹത്തിലും തീർത്ത  വിഗ്രഹങ്ങളായിരുന്നു സിന്ധുനദീതടവാസികളുടെ ആരാധനാമൂർത്തികള്‍. ഈ വിഗ്രഹങ്ങള്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചായിരുന്നു ആരാധന നടത്തിയിരുന്നത്‌. മാതൃദേവതയായിരുന്നു പ്രധാന ആരാധനാമൂർത്തി . മൂന്ന്‌ മുഖവും രണ്ട്‌ കൊമ്പുകളുമുള്ള പശുപതി എന്ന ദൈവവും ഇവർക്കുണ്ടായിരുന്നു. സിന്ധുനദീതടവാസികള്‍ സര്‍പ്പപൂജ ചെയ്തിരുന്നവരായിരുന്നു. ഇവര്‍ പ്രാവിനെ വിശുദ്ധപക്ഷിയായിട്ടാണ് കണ്ടിരുന്നത്. രക്ഷാ ചരടുകളും ഏലസ്സുകളും ഉപയോഗിക്കുന്ന ശീലവും ഇവർക്കിടയിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. 

പ്രധാന വസ്തുതകൾ

■ സിന്ധുനദീതടത്തുനിന്നും വികസിച്ചതിനാല്‍ ഈ സംസ്കാരത്തെ സിന്ധുനദീതട സംസ്‌കാരം എന്നു വിളിക്കുന്നു. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായ സംസ്കാരങ്ങളിലൊന്നായിരുന്ന ഇത്‌ ഹാരപ്പൻ സംസ്‌കാരമെന്നും അറിയപ്പെടുന്നു. ആര്യന്മാരുടെ ആഗമനഫലമായോ പ്രകൃതിക്ഷോഭത്താലോ ആണ്‌ സിന്ധുനാഗരികത പൊലിഞ്ഞത്‌.

■ ഇഷ്ടിക ഹാരപ്പന്‍ ജനതയുടെ ഒരു പ്രധാന നിര്‍മ്മാണവസ്തുവായിരുന്നു.

■ പശുപതി, മാതൃദേവത, കാള എന്നിവ ഹാരപ്പന്‍ ജനതയുടെ പ്രധാന ആരാധനാമൂര്‍ത്തികളായിരുന്നു.

■ സിന്ധു നദീതട ജനത ഇണക്കിവളര്‍ത്തിയിരുന്ന മൃഗം - നായ

■ 'മെലുഹ' എന്നായിരുന്നു സുമേറിയന്‍ ജനത, സിന്ധുതട ജനതയെ വിളിച്ചുപോന്നിരുന്നത്‌.

■ ഹാരപ്പന്‍ സംസ്‌കാരത്തിലെ പ്രധാന ഭക്ഷണധാന്യങ്ങൾ ഗോതമ്പ്‌, ബാര്‍ളി എന്നിവയാണ്‌.

■ ഹാരപ്പന്‍ ജനതയുടെ പ്രധാന കച്ചവട കേന്ദ്രം ലോദലാണ്‌.

■ ഇരുമ്പ്‌, കുതിര എന്നിവ സൈന്ധവ ജനതയ്ക്ക്‌ അജ്ഞാതമായിരുന്നു.

■ ഇന്ത്യ സ്വതന്ത്രമായതിനുശേഷം കണ്ടെത്തിയ ആദ്യ ഹാരപ്പന്‍ നഗരം പഞ്ചാബിലെ രൂപാറാണ്‌.

■ ആദ്യമായി പരുത്തികൃഷി ചെയ്തത്‌ ഹാരപ്പന്‍ ജനതയാണ്.

ഹാരപ്പ

■ സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട്‌ ആദ്യമായി കണ്ടെത്തിയ സ്ഥലം.

■ കണ്ടെത്തിയത്‌ ദയാറാം സാഹ്നി - 1921ല്‍.

■ ഹാരപ്പ ഇപ്പോൾ സ്ഥിതിചെയ്യുന്നത് സിന്ധ്‌ പ്രവിശ്യയില്‍ (പാകിസ്താൻ) സഹിവാൾ ജില്ലയില്‍. രവി നദിക്കരയിലാണിത്‌.

■ ഋഗ്വേദത്തില്‍ 'ഹരിയുപിയ' എന്ന വിശേഷണമുള്ളത് ഹാരപ്പയ്ക്കാണ്.

■ സൈന്ധവ ജനത മൃതദേഹങ്ങൾ പെട്ടികളില്‍ അടക്കംചെയ്തിരുന്നു എന്നതിന്‌ തെളിവുനല്‍കുന്ന ഒരേ ഒരു സ്ഥലം ഹാരപ്പയാണ്‌.

■ രണ്ട്‌ നിരകൾ വിതമുള്ള ആറ്‌ ധാന്യപ്പുരകൾ, തൊഴില്‍ശാലകൾ, പട്ടി മാനിനെ വേട്ടയാടുന്ന രൂപം, ചെറിയ കാളവണ്ടിയുടെ രൂപം എന്നിവ കണ്ടെത്തിയത്‌ ഹാരപ്പയില്‍ നിന്നാണ്‌.

മോഹന്‍ ജൊദാരോ

■ മരിച്ചവരുടെ കുന്ന്‌ എന്നറിയപ്പെടുന്നു.

■ കണ്ടെത്തിയത്‌ ആര്‍.ഡി. ബാനര്‍ജി -1922ല്‍

■ മോഹന്‍ ജൊദാരോ ഇപ്പോൾ സ്ഥിതിചെയ്യുന്നത്‌ പഞ്ചാബിലെ സിന്ധ്‌ പ്രവിശ്യയില്‍ (പാകിസ്താന്‍). സിന്ധുനദിക്കരയില്‍ 'ലാര്‍ക്കാനാ' ജില്ലയിലാണ്‌.

■ മഹാസ്നാനഘട്ടം, അസംബ്ലിഹാൾ, വലിയ ധാന്യപ്പുര നൃത്തംചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കലപ്രതിമ, പശുപതി മഹാദേവന്റെ രൂപം, പുരോഹിതൻ എന്ന്‌ കരുതപ്പെടുന്ന ഒരു താടിക്കാരന്‍റെ രൂപം, എരുമയുടെ വെങ്കലരൂപം എന്നിവ കണ്ടെത്തിയത് മോഹന്‍ജൊദാരോയില്‍ നിന്നാണ്‌.

ലോഥല്‍

■ കണ്ടെത്തിയത്‌ എസ്‌.ആര്‍. റാവു - 1955ല്‍

■ സ്ഥിതിചെയ്യുന്നത്‌ ഗുജറാത്തിലെ “ഗൾഫ് ഓഫ്‌ കാംബെ"യ്ക്കടുത്ത്‌.

■ മനുഷ്യനിര്‍മ്മിത തുറമുഖം, മുത്തുകൾ നിര്‍മ്മിക്കുന്ന വ്യവസായ ശാലകൾ, നെല്‍കൃഷി ചെയ്തതിന്റെ അവശിഷ്ടങ്ങൾ, പുരുഷനെയും സ്ത്രീയെയും ഒന്നിച്ച്‌ അടക്കിയതിന്റെ തെളിവുകൾ എന്നിവ ലോഥലില്‍ നിന്നും കണ്ടെത്തിയിരുന്നു.

കാലിബംഗന്‍

■ കാലിബംഗന്‍ എന്ന വാക്കിനര്‍ത്ഥം 'കറുത്ത വളകൾ' എന്നാണ്‌.

■ എ. ഘോഷാണ്‌ 1953-ല്‍ കാലിബംഗന്‍ കണ്ടെത്തിയത്‌.

■ എല്ലാ വീടുകൾക്കും ഒരു കിണര്‍വീതം എന്ന രീതിയുണ്ടായിരുന്നത്‌ കാലിബംഗനിലാണ്‌.

■ ഒട്ടകത്തിന്റെ എല്ലുകൾ, തീകുണ്ഡത്തിന്റെ അവശിഷ്ടങ്ങൾ, ഉഴുതു മറിച്ച പാടങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ കാലിബംഗനില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌.

■ കാലിബംഗന്‍ സ്ഥിതിചെയ്യുന്നത്‌ രാജസ്ഥാനിലെ ഗഗ്ഗാർ  നദിക്കരയിലാണ്‌.

ധോളവിര

■ 1985-90 കാലഘട്ടങ്ങളിലായി ആര്‍.എസ്‌. ദീക്ഷിദ് കണ്ടെത്തി.

■ ഗുജറാത്തിലെ “റാന്‍ ഓഫ്‌ കച്ചി"നടുത്തായി സ്ഥിതിചെയ്യുന്നു.

■ ഏകീകൃത ജലസേചന സംവിധാനമുണ്ടായിരുന്ന ഒരു പ്രധാന നഗരമായിരുന്നു ധോളവീര.

■ സിന്ധുനദീതട സംസ്‌കാരത്തിലെ നഗരങ്ങളില്‍ അവസാനം കണ്ടെത്തിയ നഗരങ്ങളിലൊന്നാണ് ധോളവീര.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം - മൊഹൻജൊദാരോ

2. ലോകത്തിലാദ്യമായി ഡ്രയ്‌നേജ് സംവിധാനം സ്ഥാപിതമായ നഗരം - മൊഹൻജൊദാരോ

3. 'വലിയ കുളം' അഥവാ 'ഗ്രേറ്റ്ബാത്ത്' എവിടെയാണ് കണ്ടെത്തിയത് ഏതു സ്ഥലത്താണ് - മൊഹൻജൊദാരോ

4. മരിച്ചവരുടെ കുന്ന് കാണപ്പെടുന്ന സിന്ധു സംസ്കാരകേന്ദ്രം - മൊഹൻജൊദാരോ

5. സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന പെൺദൈവം - മാതൃദേവത

6. സിന്ധുനദീതട സംസ്കാരം കണ്ടെത്തിയ വർഷം - 1921

7. സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന മരം - ആൽ

8. സിന്ധുനദീതട നിവാസികൾക്ക് അജ്ഞാതമായിരുന്നു പ്രധാനലോഹം - ഇരുമ്പ്

9. സിന്ധുനദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ജോൺ മാർഷൽ

10. സിന്ധുനദീതട സംസ്കാര കാലഘട്ടത്തിലെ വീടുകൾ നിർമ്മിക്കപ്പെട്ടത് എന്തുപയോഗിച്ചാണ് - ഇഷ്ടിക

11. സിന്ധുസംസ്കാരകാലഘട്ടത്ത് ഉപയോഗിച്ചിരുന്ന ലിപി - ചിത്രലിപി

12. സിന്ധു സംസ്കാരകേന്ദ്രമായ ബനാവലി ഏതു നദിയുടെ തീരത്തായിരുന്നു - ഘഗ്ഗർ

13. സിന്ധു സംസ്കാരകേന്ദ്രമായ റോപ്പർ ഏതു നദിയുടെ തീരത്തായിരുന്നു - സത്ലജ്

14. സിന്ധുനദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത - നഗരാസൂത്രണം

15. സിന്ധുനദീതട സംസ്കാരകാലത്തെ തുറമുഖമായിരുന്നു - ലോതൽ

16. ഹാരപ്പ സംസ്കാരം നിലനിന്നിരുന്ന നദീതടം - സിന്ധു

17. ഹാരപ്പ കണ്ടെത്തിയ വർഷം - 1921

18. ഹാരപ്പ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകൻ - ജോൺ മാർഷൽ

19. അളവുതൂക്കങ്ങൾക്ക് ഹാരപ്പൻ ജനത ഉപയോഗിച്ചിരുന്നത് ഏതു സംഖ്യയുടെ ഗുണിതങ്ങളാണ് - 16

20. ഹാരപ്പൻ ജനതയുടെ പ്രധാന ആരാധനാമൂർത്തിയായിരുന്ന ആൺദൈവം - പശുപതി

21. ഹാരപ്പയും മൊഹൻജൊദാരോയും ഇപ്പോൾ ഏതു രാജ്യത്താണ് - പാകിസ്ഥാൻ

22. ഏറ്റവും കൂടുതൽ ഹാരപ്പൻ സംസ്കാര കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം - പഞ്ചാബ്

23. സൈന്ധവ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് - ദയാ റാം സാഹ്നി

24. സൈന്ധവ സംസ്കാരത്തിന്റെ ഭാഗമായ ലോത്തൽ കണ്ടെത്തിയത് - എസ്.ആർ.റാവു

25. സൈന്ധവ സംസ്കാരത്തിന്റെ ഭാഗമായ ധോളവിര സ്ഥിതി ചെയ്യുന്ന ദ്വീപ് - ഖാദിർ

26. സിന്ധു നദീതടസംസ്കാര കേന്ദ്രങ്ങളിൽ എവിടെയാണ്  ഉഴുതു മറിച്ച നിലം കാണപ്പെട്ടത് - കലിബംഗൻ  

27. രാജസ്ഥാനിലെ പ്രശസ്തമായ സൈന്ധവ സംസ്കാരകേന്ദ്രം - കലിബംഗൻ

28. സിന്ധുനദീതട സംസ്കാരകേന്ദ്രങ്ങളിൽ എവിടെയാണ് ഉഴുതുമറിച്ച നിലം കാണപ്പെട്ടത് - കലിബംഗൻ

29. പ്രാചീന ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ കലിബംഗൻ ഏതു നദിയുടെ തീരത്താണ് - ഘക്ഷർ 

Post a Comment

Previous Post Next Post