ഇന്ത്യയിലെ നദികൾ

ഇന്ത്യയിലെ നദികൾ
ഗംഗ : ഇന്ത്യയിലെ ഏറ്റവും പ്രധാന നദിയായ ഗംഗയുടെ ഉത്ഭവസ്ഥാനം ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗ്ലേസിയറില്‍ (ഗായ്മുഖ്‌ ഗുഹ) നിന്നാണ്‌. 2,510 കിലോമീറ്ററോളം നീളമുള്ള ഗംഗയുടെ പതനസ്ഥാനം ബംഗാൾ ഉൾക്കടലാണ്‌. പൂര്‍ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയാണ്‌ ഗംഗ.

മന്ദാകിനി, ജാന്‍വി എന്നീ പേരുകളിലാണ്‌ ദേവപ്രയാഗിലെത്തുംവരെ ഗംഗ അറിയപ്പെടുന്നത്‌. ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ വെച്ചാണ്‌ ഭാഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേര്‍ന്ന്‌ “ഗംഗ"യായി മാറുന്നത്‌. ഗംഗ സമതലപ്രദേശത്തേക്കു പ്രവേശിക്കുന്നത്‌ ഋഷികേശില്‍ (ഉത്തരാഖണ്ഡ്)‌ വെച്ചാണ്‌.

ഉത്തര്‍പ്രദേശിലെ അലഹബാദില്‍വെച്ചാണ് ഗംഗയുടെ ഏറ്റവും വലിയ പോഷകനദിയായ യമുന ഗംഗക്കൊപ്പം ചേരുന്നത്‌. യമുന, രാംഗംഗ, സാഹിബി, ഗോമതി, ഖാഹ് രാ, സോണ്‍, ഗന്ധക്ക്‌, ഭാഗ്മതി, കോസി, മഹാനന്ദ, ദ്വാരിക, അജോയ്‌, ദാമോദര്‍, രൂപ്നാരായണ്‍. എന്നിവയണ്‌ പ്രധാന പോഷക നദികൾ.

യമുന: ഉത്തരാഖണ്ഡിലെ യമുനോത്രിയില്‍ നിന്നും ഉത്ഭവിക്കുന്നു. ഡല്‍ഹി, മഥുര, ആഗ്ര എന്നിവിടങ്ങളിലൂടെ ഒഴുകുന്നു. 1,376 കിലോമീറ്ററാണ് യമുനയുടെ നീളം. പുരാണങ്ങളില്‍ കാളിന്ദി എന്നു വിളിക്കപ്പെട്ടിരുന്നത് യമുനയാണ്‌. താജ്മഹല്‍ യമുനയുടെ തീരത്താണ്‌. ചംബല്‍, ബേത്വാ, കെന്‍, ടോണ്‍സ്‌ എന്നിവയാണ് യമുനയുടെ പോഷകനദികൾ.

ബ്രഹ്മപുത്ര: വടക്കന്‍ ഹിമാലയത്തില്‍ ടിബറ്റിലുള്ള ജിമായാങ്‌ സോങ് മഞ്ഞുപാടത്തില്‍ നിന്നാണ് ബ്രഹ്മപുത്രയുടെ ഉത്ഭവം. ആകെ, 2900 കിലോമീറ്ററോളമാണ്‌ നീളം.

യാര്‍ലങ്‌, സാങ്പോ എന്നീ പേരുകളില്‍ ടിബറ്റില്‍ ബ്രഹ്മപുത്ര അറിയപ്പെടുന്നു. ബ്രഹ്മപുത്ര ഇന്ത്യയിലേക്ക്‌ പ്രവേശിക്കുന്നത്‌ അരുണാചല്‍ പ്രദേശിലെ “സൗദിയ” എന്ന സ്ഥലം മുതലാണ്‌. “സിയാങ്‌, ദിഹാങ്‌' എന്നീ പേരുകളില്‍ അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര അറിയപ്പപെടുന്നു. അസമിലെ സാദിയ നഗര്‍ എന്ന സ്ഥലത്തുവെച്ച്‌ ദിബാങ്‌, ലോഹിത്‌ എന്നീ പോഷകനദികൾ ബ്രഹ്മപുത്രയില്‍ ചേരുന്നു. ഇവിടം മുതലാണ്‌ നദി “ബ്രഹ്മപുത്ര” എന്നു വിളിക്കപ്പെടുന്നത്.

സിന്ധു: ടിബറ്റിൽ മാനസസരോവറിന്റെ വടക്കുനിന്നാണ് സിന്ധു നദിയുടെ ഉത്ഭവം. ഇന്ത്യയിൽ, ജമ്മുകശ്മീരിലെ ലഡാക്ക്‌ മേഖലയിലൂടെയാണ്‌ സിന്ധുനദി പ്രധാനമായും കടന്നുപോകുന്നത്‌. 3180 കിലോമീറ്ററോളമാണ്‌ നീളം. പാകിസ്താനിലെ കറാച്ചിക്കു സമീപത്തുവെച്ച്‌ അറേബ്യന്‍ കടലില്‍ പതിക്കുന്നു. ലഡാക്കിലെ ലെ (Leh) പട്ടണത്തെ ചുറ്റിയാണ്‌ സിന്ധുവിന്റെ ഒഴുക്ക്‌. പാകിസ്താനിലെ പത്താന്‍ കോട്ടിനു സമീപം, സിന്ധുവിന്റെ പ്രസിദ്ധമായ അഞ്ചു പോഷക നദികൾ - ഝലം, ചെനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവ സിന്ധുവിലേക്ക്‌ ഒഴുകിയെത്തുന്നു.

സിന്ധുവിലെയും, പോഷക നദികളിലെയും ജലം പങ്കിടുന്നത് സംബന്ധിച്ച്‌ ഇന്ത്യയും, പാകിസ്താനുമായി 1960, സപ്പംബര്‍ 19-ന്‌ കറാച്ചിയില്‍ ഒപ്പുവെച്ച സിന്ധു നദീജലക്കരാര്‍ പ്രകാരം, സത്ലജ്‌, ബിയാസ്‌, രവി നദികളിലെ ജലത്തില്‍, ഇന്ത്യക്ക്‌ കൂടുതല്‍ അവകാശമുണ്ട്‌. സിന്ധു, ഝലം, ചെനാബ് നദികളിൽ കൂടുതല്‍ അവകാശം പാകിസ്താനും.

1999-ല്‍ ചെനാബ്‌ നദിയില്‍ ഇന്ത്യനിര്‍മാണം തുടങ്ങിയ ബഗ്ലിഹാർ അണക്കെട്ട്‌ സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട്‌ വിവാദമായിരുന്നു.

മഹാനദി: “ഒറീസയുടെ ദുഃഖം" എന്നറിയപ്പെടുന്ന നദിയാണിത്‌. ഛത്തീസ്ഗഢിലെ റായ്പുര്‍ ജില്ലയില്‍നിന്നാണുത്ഭവം. ഒറീസ, ഛത്തീസ്ഗഡ്‌ സംസ്ഥാനങ്ങളിലൂടെ മഹാനദി ഒഴുകുന്നു. ‌860 കിലോമീറ്ററാണ്‌ മഹാനദിയുടെ നീളം. കിഴക്കോട്ടൊഴുകി, ബംഗാൾ  ഉൾക്കടലിലാണ് മഹാനദി പതിക്കുന്നത്‌.

കൃഷ്ണ: തെക്കേ ഇന്ത്യയിലെ വലിയ നദികളിലൊന്നായ കൃഷ്ണ, മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍ മലകളില്‍ നിന്നാണുത്ഭവിക്കുന്നത്‌. പശ്ചിമഘട്ടത്തിലാണിത്‌. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന കൃഷ്ണാനദിയുടെ നീളം 1290 കിലോമീറ്ററോളമാണ്‌. ബംഗാൾ ഉൾക്കടലാണ്‌ പതനസ്ഥാനം.

തുംഗഭദ്ര, മാലപ്രഭ, കോയ്ന, വാസ്ന, പാഞ്ച്ഗംഗ, ധൂത്ഗംഗ, ഗാഡപ്രഭ, യാര്‍ല, മുസി, ഭീമ എന്നിവ പ്രധാന പോഷക നദികൾ.

ഗോദാവരി: തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണ്‌ ഗോദാവരി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ, പശ്ചിമഘട്ടനിരകളില്‍ നിന്നുത്ഭവിക്കുന്ന ഗോദാവരി, കിഴക്കോട്ട്‌ 1,465 കിലോമീറ്റര്‍ ഒഴുകി ബംഗാൾ ഉൾക്കടലില്‍ പതിക്കുന്നു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലൂടെയാണ്‌ ഗോദാവരി ഒഴുകുന്നത്.

ഇന്ത്യയിലെ ഏറവും വലിയ രണ്ടാമത്തെ നദിയായ ഗോദാവരി 'വൃദ്ധഗംഗ' എന്നും അറിയപ്പെടുന്നു. ആന്ധ്രാ പ്രദേശിലെ രാജ്മുന്ദ്രിയിൽ വെച്ച്‌ ഗോദാവരി പലശാഖകളായി പിരിയുന്നു. ഗൗതമി ഗോദാവരി, വസിഷ്ഠ ഗോദാവരി എന്നിവയാണിതില്‍ പ്രധാനം. മഞ്ജീര, ഇന്ദ്രാവതി, വെയിന്‍ഗംഗ, പ്രാണഹിത, ശബരി, ദര്‍ഹ, കാധ്വ, പൂര്‍ണ എന്നിവ പ്രധാന പോഷക നദികൾ.

കാവേരി: “ദക്ഷിണഗംഗ” എന്നറിയപ്പെടുന്ന കാവേരി, കര്‍ണാടകത്തിലെ കൂര്‍ഗ് ജില്ലയിൽ ബ്രഹ്മഗിരി കുന്നുകളില്‍നിന്നാണ്‌ ഉത്ഭവിക്കുന്നത്‌. തലക്കാവേരി എന്നറിയപ്പെടുന്ന കാവേരിയുടെ ഉത്ഭവസ്ഥാനം പശ്ചിമഘട്ടത്തിലാണ്‌. കര്‍ണാടകം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലൂടെയാണ്‌ കാവേരി ഒഴുകുന്നത്‌. എന്നാല്‍ കാവേരി തടപ്രദേശം കര്‍ണാടകം, തമിഴ്‌നാട്‌, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 765 കിലോമീറ്ററാണ്‌ കാവേരിയുടെ നീളം. തമിഴ്‌നാട്ടിലെ കാവേരിപൂംപട്ടണത്തുവെച്ച്‌ ബംഗാൾ ഉൾക്കടലില്‍ പതിക്കുന്നു. ഹേമാവതി, ലക്ഷ്ണമണതീര്‍ത്ഥം, അമരാവതി, ഭവാനി, കബനി, നോയല്‍ എന്നിവ പ്രധാന പോഷക നദികൾ.

നദികൾ വസ്തുതകൾ

■ കാളിദാസന്റെ 'രഘുവംശ' കൃതിയിലാണ് "നദികൾ രാജ്യത്തിന് അമ്മയെപ്പോലെയും പർവതങ്ങൾ  പിതാവിനെപ്പോലെ യുമാണെന്നു" പരാമർശിച്ചത്.

■ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണ് ഗംഗ. ലോക ജനസംഖ്യയുടെ ഏകദേശം 8 ശതമാനവും ഗംഗാ നദീതീരത്താണ് താമസിക്കുന്നത്. 2008, നവംബറിൽ കേന്ദ്ര സർക്കാർ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചു.

■ ഭാഗീരഥി, അളകനന്ദ നദികൾ ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ ലയിച്ച് ഗംഗാനദിയായി മാറുന്നു. ഉത്തർപ്രദേശിലെ അലഹബാദിലാണ് ത്രിവേണി സംഗമം. ഇവിടെ ഈ ത്രിവേണി സംഗമത്തിൽ ഗംഗയും യമുനയും ലയിക്കുന്നു. ത്രിവേണി സംഗമത്തിന്റെ ഭൂഗർഭത്തിൽ സരസ്വതി നദി ഗംഗ, യമുന എന്നിവയുമായി ലയിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

■ ഗംഗാ നദിയുടെ ഏറ്റവും വലിയ കൈവഴിയാണ് യമുന. ഹിന്ദു പുരാണങ്ങളിൽ യമുന നദിയെ 'കാളിന്ദി' എന്ന് പരാമർശിക്കുന്നു.

■ ലൗഹിത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദിയാണ് ബ്രഹ്മപുത്ര. ടിബറ്റിൽ "സാങ്‌പോ" എന്നും അരുണാചൽ പ്രദേശിലെ ഡിഹാങ് എന്നും ബ്രഹ്മപുത്രയെ വിളിക്കുന്നു.

■ ബംഗ്ലാദേശിലൂടെ ഒഴുകുന്ന ഗംഗാ നദിയെ "പത്മ" എന്നും ബംഗ്ലാദേശിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയെ ജമുന എന്നും വിളിക്കുന്നു.

■ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് ഒഴുകുന്ന ഏറ്റവും വലിയ നദി നർമദയാണ്. മധ്യപ്രദേശിലെ അമർകണ്ടക് കുന്നുകളിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്.

■ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി കൂടിയായ ഗോദാവരിയെ വൃദ്ധ ഗംഗ എന്നാണ് വിളിക്കുന്നത്. ഗോദാവരി ഗംഗയേക്കാൾ പഴയതാണെന്ന് വിശ്വസിക്കപ്പെടുന്നു.

■ മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്നാണ് കൃഷ്ണ നദി ഉത്ഭവിക്കുന്നത്. ഇത്  ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ നദിയാണ്. തുംഗഭദ്രയാണ് കൃഷ്ണയുടെ പ്രധാന കൈവഴി.

■ കാവേരിയെ "ദക്ഷിണ ഗംഗ" എന്നാണ് വിളിക്കുന്നത്. തമിഴ്‌നാട്ടിലെ പും പുഹാറിൽവെച്ച്  കാവേരി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.

■ ഇന്ത്യയിലെ നദികളിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദിയാണ് ടീസ്റ്റ. ടീസ്റ്റ നദിയെ 'സിക്കിമിന്റെ ജീവരേഖ' എന്നും വിളിക്കുന്നു.

■ ഗോവയുടെ ജീവരേഖ എന്നാണ് മണ്ഡോവി നദിയെ വിളിക്കുന്നത്. മണ്ഡോവി നദിയുടെ തീരത്താണ് ഗോവയിലെ പനാജി സ്ഥിതി ചെയ്യുന്നത്.

■ ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തികളിലൂടെ ഒഴുകുന്ന നദിയാണ് മഹാകാളി.

■ ബ്രഹ്മപുത്രയെ 'ഇന്ത്യയിലെ ചുവന്ന നദി' എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ മരുഭൂമിയിലൂടെയാണ് ലൂണി നദി ഒഴുകുന്നത്.

■ അഹമ്മദാബാദും ഗാന്ധി നഗറും സബർമതി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന നഗരങ്ങളാണ്. നേത്രാവതി നദി മംഗലാപുരത്തിലൂടെ ഒഴുകുന്നു.

■ മുംബൈയിലൂടെ ഒഴുകുന്ന നദികളാണ് മിതി അഥവാ മാഹിം നദി. ചെന്നൈയിലൂടെ ഒഴുകുന്ന നദികളാണ് അഡയറും കൂവവും.

■ കശ്മീരിലെ വൂളാർ തടാകത്തിലൂടെ ഒഴുകുന്ന നദിയാണ് ഝലം. നർമദയ്ക്ക് കുറുകെ സർദാർ സരോവർ ഡാം നിർമ്മിച്ചിരിക്കുമ്പോൾ ഭഗീരതി നദിക്ക് കുറുകെ തെഹ് രി ഡാം നിർമ്മിച്ചിരിക്കുന്നു.

■ ക്ഷിപ്ര ഉജ്ജയിനി നഗരത്തിലൂടെ ഒഴുകുന്നു.

■ ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം 'ജോഗ് വെള്ളച്ചാട്ടമാണ്', ഇത് ശരാവതി നദിയിൽ സ്ഥിതിചെയ്യുന്നു,

■ പാകിസ്താനിലെ ദേശീയ നദിയാണ് സിന്ധു.

■ ബോധഗയയിലൂടെ ഒഴുകുന്ന നിരഞ്ജന നദികരയിൽ വെച്ചാണ് ശ്രീബുദ്ധന് ബോധോദയം ലഭിച്ചത്.

ഇന്ത്യന്‍ നദീതീരപട്ടണങ്ങൾ

■ ആഗ്ര - യമുന
■ അഹമ്മദാബാദ്‌ - സബര്‍മതി
■ അയോധ്യ - സരയു
■ ബദരീനാഥ്‌ - അളകനന്ദ
■ കൊല്‍ക്കത്ത - ഹുഗ്ലി
■ കട്ടക്ക്‌ - മഹാനദി
■ ഡെല്‍ഹി - യമുന
■ ഫിറോസ്പൂര്‍ - സത്ലജ്‌
■ ഗുവാഹതി - ബ്രഹ്മപുത്ര
■ ഹരിദ്വാര്‍ - ഗംഗ
■ ഹൈദരാബാദ്‌ - മുസി
■ ജബല്‍പ്പൂര്‍ - നര്‍മ്മദ
■ കാണ്‍പൂര്‍ - ഗംഗ
■ കോട്ട - ചംബല്‍
■ ലഖ്‌നൗ - ഗോമതി
■ ലുധിയാന - സത്ലജ്‌
■ നാസിക്ക്‌ - ഗോദാവരി
■ പട്ന - ഗംഗ
■ സാംബല്‍പ്പൂര്‍ - മഹാനദി
■ ശ്രീനഗര്‍ - ഝലം
■ തിരുച്ചിറപ്പിള്ളി - കാവേരി
■ വാരണാസി - ഗംഗ
■ വിജയവാഡ - കൃഷ്ണ

നദികള്‍, അപരനാമങ്ങള്‍

■ ദക്ഷിണ ഗംഗ - കാവേരി
■ വൃദ്ധ ഗംഗ - ഗോദാവരി
■ പാതാള ഗംഗ - കൃഷ്‌ണ 
■ അർദ്ധ ഗംഗ - കൃഷ്‌ണ
■ മധ്യപ്രദേശിന്റെ ഗംഗ - ബേത്വ
■ ജൈവ മരുഭൂമി - ദാമോദർ
■ ചുവന്ന നദി - ബ്രഹ്മപുത്ര
■ ബീഹാറിന്റെ ദുഃഖം - കോസി
■ ഒഡീഷയുടെ ദുഃഖം - മഹാനദി
■ ബംഗാളിന്റെ ദുഃഖം - ദാമോദര്‍
■ അസമിന്റെ ദുഃഖം - ബ്രഹ്മപുത്ര
■ ഗോവയുടെ ജീവരേഖ - മണ്ഡോവി
■ സിക്കിമിന്റെ ജീവരേഖ - തീസ്‌റ്റ
■ ആന്ധ്രാപ്രദേശിന്റെ ജീവരേഖ - ഗോദാവരി 
■ മഹാരാഷ്ട്രയുടെ ജീവരേഖ - കൊയ്‌ന

നദീജല തർക്കങ്ങൾ

■ അൽമാട്ടി ഡാം - ആന്ധ്രാപ്രദേശ്, കർണ്ണാടക 
■ കാവേരി നദീജല തർക്കം - തമിഴ്‌നാട്, കർണ്ണാടക, കേരളം, പുതുച്ചേരി 
■ മുല്ലപെരിയാർ നദീജല തർക്കം - കേരളം, തമിഴ്‌നാട് 
■ ബഗ്ലിഹാർ അണക്കെട്ട് - ഇന്ത്യ, പാകിസ്ഥാൻ 
■ കിഷൻ ഗംഗ അണക്കെട്ട് - ഇന്ത്യ, പാകിസ്ഥാൻ

Post a Comment

Previous Post Next Post