മേഘങ്ങൾ

മേഘങ്ങൾ (Clouds)
നേർത്ത ജലകണികകളുടെയും ചെറിയ ഐസ് പരലുകളുടെയും വൻശേഖരമാണ് മേഘം. ഭൂമിയുടെ കാലാവസ്ഥയിൽ മേഘങ്ങൾക്ക് നിർണായക പങ്കുണ്ട്. സൂര്യന്റെ ചൂടുകൊണ്ട് സമുദ്രങ്ങളിലെയും തടാകങ്ങളിലെയും ജലം നീരാവിയായി മാറിയാണ് മേഘങ്ങൾ ഉടലെടുക്കുന്നത്. ഭൂമിക്കു ചുറ്റുമുള്ള മേഘപടലത്തിന്റെ ബഹുഭൂരിപക്ഷവും ട്രോപോസ്ഫിയർ പാളിയിലാണ് സ്ഥിതിചെയ്യുന്നത്. മേഘങ്ങളെ പ്രധാനമായും നാലായി തിരിക്കാം - നിമ്‌നമേഘങ്ങൾ, മധ്യമമേഘങ്ങൾ, ഉന്നതമേഘങ്ങൾ, ലംബമേഘങ്ങൾ.

◆ നിമ്‌നമേഘങ്ങൾ : ഭൗമോപരിതലത്തിൽ നിന്ന് 2000 മീറ്റർ വരെ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. സ്ട്രാറ്റസ്, നിംബോ സ്ട്രാറ്റസ്, സ്ട്രാറ്റോക്കുമുലസ് എന്നിവ ഉദാഹരണങ്ങളാണ്.

◆ മധ്യമമേഘങ്ങൾ : ഭൗമോപരിതലത്തിൽ നിന്ന് 2000 മുതൽ 5000 മീറ്റർ വരെ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. അൾട്ടോസ്ട്രാറ്റസ്, അൾട്ടോകുമുലസ് എന്നിവ ഉദാഹരണങ്ങളാണ്.

◆ ഉന്നതമേഘങ്ങൾ : ഭൗമോപരിതലത്തിൽ നിന്നും 5000 മീറ്റർ ഉയരെയാണ് ഇവയുടെ സ്ഥാനം. സിറസ്, സിറോസ്ട്രാറ്റസ്, സിറോക്കുമുലസ് എന്നിവ ഉദാഹരണങ്ങളാണ്.

◆ ലംബമേഘങ്ങൾ : 18 കിലോമീറ്റർ വരെ വ്യത്യസ്ത ഉയരങ്ങളിൽ ലംബമേഘങ്ങൾ കാണപ്പെടുന്നു. കുമുലോ നിംബസ്, പൈറോകുമുലസ് എന്നിവ ഉദാഹരണങ്ങളാണ്.

പ്രധാന വസ്തുതകൾ

■ അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങളെ കേന്ദ്രീകരിച്ച് നീരാവി ഘനീഭവിച്ചു മേഘങ്ങൾ രൂപം കൊള്ളുന്നു. ഇത്തരത്തിൽ രൂപം കൊള്ളുന്ന ജാലകണികകളുടെ വലിപ്പം ഏകദേശം 0.001 സെന്റിമീറ്ററിൽ താഴെയാണ്. ആയതിനാൽ അവ താഴേയ്ക്ക് പതിക്കാതെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.

■ സൂര്യനിൽ നിന്നുള്ള ചൂട് കാരണം സമുദ്രങ്ങളിൽ നിന്നും വലിയ തടാകങ്ങളിൽ നിന്നുമുള്ള വെള്ളം ബാഷ്പീകരിക്കപ്പെടുന്നതിൽ നിന്ന് മേഘങ്ങൾ രൂപം കൊള്ളുന്നു.

■ ട്രോപ്പോസ്ഫിയർ പാളിയിൽ മേഘങ്ങൾ രൂപം കൊള്ളുന്നു.

■ രൂപത്തിന്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ സിറസ് മേഘങ്ങൾ, സ്ട്രാറ്റസ് മേഘങ്ങൾ, കുമുലസ് മേഘങ്ങൾ, നിംബസ് മേഘങ്ങൾ എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു.

■ ഉയരത്തിന്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ ഉയർന്ന മേഘങ്ങൾ (High Clouds), മധ്യമേഘങ്ങൾ (Middle Clouds), താഴ്ന്ന മേഘങ്ങൾ (Low Clouds), കൂടുതൽ ഉയരങ്ങളിലേക്കു വ്യാപിച്ചിട്ടുള്ള മേഘങ്ങൾ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു.

■ ഉയർന്ന മേഘങ്ങളുടെ ഉദാഹരണങ്ങൾ സിറസ്, സിറോ കുമുലസ്, സിറോസ്ട്രാറ്റസ് എന്നിവയാണ്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് ഈ മേഘങ്ങൾ കാണപ്പെടുന്നത്.

■ സിറസ് മേഘങ്ങൾ കൈചൂലാകൃതിയിൽ കാണപ്പെടുന്നു. സൂര്യനും ചന്ദ്രനും ചുറ്റുമുള്ള വളയങ്ങൾ സൃഷ്ടിക്കുന്നവയാണ് സിറോസ്ട്രാറ്റസ് മേഘങ്ങൾ.  വെളുത്ത മേഘശകലങ്ങൾ സൃഷ്ടിക്കുന്നവയാണ് സിറോകുമുലസ് മേഘങ്ങൾ.

■ കുമുലസ് മേഘങ്ങൾ ചെമ്മരിയാടുകളുടെ രോമങ്ങൾപോലെ മാനത്തു തെളിയുന്നു. ഇവ പ്രസന്ന കാലാവസ്ഥയെ സൂചിപ്പിക്കുന്നു.

■ മധ്യതലത്തിലുള്ള മേഘങ്ങളുടെ ഉദാഹരണങ്ങളാണ് ആൾട്ടോ കുമുലസും ആൾട്ടോസ്ട്രാറ്റസും. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് രണ്ടു മുതൽ അഞ്ചു കിലോമീറ്റർ ഉയരത്തിലാണ് ഈ മേഘങ്ങൾ കാണപ്പെടുന്നത്.

■ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് പരമാവധി രണ്ട് കിലോമീറ്റർ ഉയരത്തിൽ കാണപ്പെടുന്ന താഴ്ന്ന മേഘങ്ങളാണ് സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോകുമുലസ്.

■ 'നിംബോസ്ട്രാറ്റസ്' എന്നറിയപ്പെടുന്നത് 'മഴമേഘങ്ങളാണ്'.

■ ലംബാകൃതിയിലുള്ള ഉയർന്ന മേഘങ്ങളെ പറയുന്ന പേരാണ് 'കുമുലോനിംബസ്'. ഇവ ഇടിയോടുകൂടിയ ശക്‌തമായ മഴയ്ക്ക് കാരണമാകുന്നു. അതിനാൽ ഇവയെ 'ഇടിമേഘങ്ങൾ' (Thunder Clouds) എന്നും പറയുന്നു.

■ മേഘങ്ങളുടെ സാധാരണ നിറം വെളുത്തതാണ്, മേഘങ്ങൾ സൂര്യന്റെ എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

■ ജെറ്റ് കടന്നുപോകുന്നതിൽ നിന്ന് രൂപം കൊള്ളുന്ന നീണ്ട കട്ടികുറഞ്ഞ മേഘപടലമാണ്  'കോൺട്രെയിൽ'.

■ 'നാക്രിയസ്‌ മേഘങ്ങൾ' സ്ട്രാറ്റോസ്ഫിയർ പാളിയിലും 'നോക്ടിലൂസെന്റ് മേഘങ്ങൾ' മീസോസ്ഫിയറിലും കാണപ്പെടുന്നു.

■ മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ് 'നെഫോളജി' (Nephology).

■ മേഘങ്ങളെ ആദ്യമായി വർഗീകരിച്ചത് ലൂക്ക് ഹെവാൾഡ് ആണ്. 

■ ഭൂമിയുടെ 50% എപ്പോഴും മേഘാവൃതമായിരിക്കും.

Post a Comment

Previous Post Next Post